തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനായി സമർപ്പിക്കുന്ന ചടങ്ങ് നടക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കവേ ഇപ്പോഴും പദ്ധതിയുടെ ക്രെഡിറ്റിനായുളള തർക്കങ്ങൾ തുടരുകയാണ്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് നന്ദി അറിയിച്ചുളള നിരവധി പോസ്റ്ററുകളും ബാനറുകളും വിഴിഞ്ഞം തുറമുഖത്തേക്ക് പോകുന്ന പാതയോരങ്ങളിൽ കോൺഗ്രസ് സ്ഥാപിച്ചിട്ടുണ്ട്. ഉമ്മൻചാണ്ടിയെ എങ്ങനെ മറക്കാൻ കഴിയുമെന്ന വാചകങ്ങളാണ് പോസ്റ്ററുകളിൽ ഉൾപ്പെടുത്തിയിട്ടുളളത്.
ഇതിനോടൊപ്പം തന്നെ പ്രധാനമന്ത്രിയുടെയും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെയും ചിത്രങ്ങൾ വച്ചിട്ടുളള വലിയ ഫ്ളക്സുകളും ബിജെപി സ്ഥാപിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരില്ലെങ്കിൽ പദ്ധതി നടപ്പിലാകില്ലെന്നാണ് ബിജെപിയുടെ വാദം. മുഖ്യമന്ത്രി പിണറായി വിജയന് അഭിവാദ്യം അർപ്പിച്ചുക്കൊണ്ടുളള പോസ്റ്ററുകളും ഫ്ളക്സുകളും എൽഡിഎഫും സ്ഥാപിച്ചിട്ടുണ്ട്. ഇത് സംസ്ഥാന സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ തെളിവാണെന്നാണ് ഫ്ളക്സുകളിൽ ഉൾപ്പെടുത്തിയിട്ടുളളത്. വിഴിഞ്ഞം, മുക്കോല, കോവളം എന്നിവിടങ്ങളിലാണ് മൂന്ന് പാർട്ടികളുടെ പോസ്റ്ററുകൾ സ്ഥാപിച്ചിരിക്കുന്നത്.
അതേസമയം, നാളത്തെ പരിപാടിയിൽ പ്രതിപക്ഷനേതാവ് വിഡി സതീശൻ പങ്കെടുക്കില്ലെന്നാണ് സൂചന. അദ്ദേഹത്തെ പ്രതിനിധീകരിച്ച് ശശി തരൂർ എം പിയും എംഎൽഎ എം വിൻസെന്റുമായിരിക്കും പങ്കെടുക്കുകയെന്നും വിവരമുണ്ട്. വിഴിഞ്ഞം പദ്ധതി ആരംഭിച്ച സമയത്ത് എൽഡിഎഫ് വിമർശിച്ചതും പ്രമുഖ പാർട്ടി പത്രത്തിൽ വന്ന റിപ്പോർട്ടുകളും വിഡി സതീശൻ പങ്കുവച്ചത് ശ്രദ്ധേയമായിട്ടുണ്ട്. ആറായിരം കോടി രൂപയുടെ റിയൽ എസ്റ്റേറ്റ് ഇടപാടാണ് വിഴിഞ്ഞം പദ്ധതിയെന്ന് ആരോപണം ഉന്നയിച്ച ആളാണ് അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയനെന്നും പ്രതിപക്ഷനേതാവ് പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |