ന്യൂഡൽഹി:കേജ്‌രിവാൾ സർക്കാരിനെതിരായ മദ്യനയ കേസിൽ ആന്ധ്രയിലെ വൈ.എസ്.ആർ കോൺഗ്രസ് എം.പി മഗുന്ത ശ്രീനിവാസുലു റെഡ്ഢിയുടെ മകൻ മഗുന്ത രാഘവയെ എൻഫോഴ്സ്മെന്റ് ഡൽഹി യൂണിറ്റ് അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ ഒമ്പത് പേർ അറസ്റ്റിലായി. നേരത്തെ ബി.ആർ.എസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ.ചന്ദ്രശേഖർ റാവുവിന്റെ മകൾ കവിതയുടെ മുൻ ചാർട്ടേഡ് അക്കൗണ്ടന്റ്, പഞ്ചാബിലെ അകാലിദൾ മുൻ എം. എൽ. എ ദീപ് മൽഹോത്രയുടെ പുത്രൻ ഗൗതം മൽഹോത്ര തുടങ്ങിയവരെ അറസ്റ്റ് ചെയ്തിരുന്നു.
ഹൈദരാബാദ് ആസ്ഥാനമായുള്ള മദ്യ മൊത്ത വ്യാപാര, ചില്ലറ വ്യാപാര ലൈസൻസികൾക്ക് ഡൽഹി മദ്യനയത്തിന്റെ അവിശുദ്ധ നേട്ടങ്ങൾ കിട്ടിയെന്നും കവിതയും മഗുന്ത രാഘവയും ഉൾപ്പെട്ട ദക്ഷിണേന്ത്യൻ ഗ്രൂപ്പിൽ നിന്ന് ആം ആദ്മി പാർട്ടിയുടെ കമ്മ്യൂണിക്കേഷൻ മേധാവി വിജയ് നായർ നൂറ് കോടി രൂപ കോഴ വാങ്ങിയെന്നും ഇ.ഡി ചാർജ്ഷീറ്റിലുണ്ട്.
ഡൽഹി സംസ്ഥാനത്ത് ചില്ലറ മദ്യവില്പനയിലെ സർക്കാർ പങ്കാളിത്തം എടുത്ത് കളഞ്ഞ് സ്വകാര്യ മേഖലയ്ക്ക് നൽകുന്നതായിരുന്നു 2021-22 ലെ എക്സൈസ് നയം. അഴിമതി ആരോപണത്തെ തുടർന്ന് കഴിഞ്ഞ വർഷം മദ്യനയം ഡൽഹി സർക്കാർ പിൻവലിച്ചിരുന്നു. ലൈസൻസ് അനുവദിക്കുന്നതിലുൾപ്പെടെ ഡൽഹി സർക്കാർ അഴിമതി നടത്തിയെന്ന സി.ബി.ഐ കേസിലെ കള്ളപ്പണം വെളുപ്പിക്കലാണ് ഇ.ഡി അന്വേഷിക്കുന്നത്.
വിജയ് നായർ, ബ്രിൻഡ്കോ സ്പിരിറ്റ്സ് ഉടമ അമൻദീപ് ധാൽ, ഇൻഡോ സ്പിരിറ്റ്സ് ഉടമ സമീർ മഹേന്ദ്രു എന്നിവർ ഉൾപ്പെട്ട സംഘം മദ്യനയം രൂപീകരിക്കുന്നതിൽ ഇടപെട്ടെന്നാണ് ആരോപണം. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടിലടക്കം രാജ്യത്ത് 31 സ്ഥലങ്ങളിൽ സി.ബി.ഐ പരിശോധന നടത്തിയിരുന്നു. സിസോദിയയുടെ സുഹൃത്തിന്റെ കമ്പനിക്ക് ഒരു മദ്യവ്യാപാരി ഒരു കോടി രൂപ നൽകിയെന്ന് സി.ബി.ഐ എഫ്.ഐ.ആറിലും പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |