SignIn
Kerala Kaumudi Online
Friday, 26 April 2024 6.53 PM IST

ജസ്റ്റിസ് വിക്ടോറിയ ഗൗരി ; പ്രക്ഷോഭവും പ്രതീക്ഷയും

justice-victoria-gowri-

ഫെബ്രുവരി ഏഴിന് രാവിലെ എൽ.സി വിക്ടോറിയ ഗൗരി മദ്രാസ് ഹൈക്കോടതിയില ഒരു അഡിഷണൽ ജഡ്‌ജിയായി സത്യപ്രതിജ്ഞ ചെയ്തു. തത്സമയം ഹൈക്കോടതി മന്ദിരത്തിനകത്തും പുറത്തും പ്രതിഷേധ പ്രകടനങ്ങൾ ഇരമ്പുന്നുണ്ടായിരുന്നു. മാർക്സിസ്റ്റ് പാർട്ടിയും അവരുടെ അഭിഭാഷക സംഘടനയായ ആൾ ഇന്ത്യ ലായേഴ്‌സ് യൂണിയനുമാണ് അതിനു നേതൃത്വം നൽകിയത്. വിക്ടോറിയ ഗൗരി ബി.ജെ.പി നേതാവും വിദ്വേഷ പ്രചാരകയുമാണെന്നും അക്കാരണത്താൽത്തന്നെ അവർക്ക് ന്യായാധിപയായിരിക്കാൻ അർഹതയില്ലെന്നുമായിരുന്നു ആക്ഷേപം. മദ്രാസിൽ സത്യപ്രതിജ്ഞാ ചടങ്ങുകൾ പുരോഗമിക്കുമ്പോൾത്തന്നെ വിക്ടോറിയയുടെ നിയമനം റദ്ദുചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി സുപ്രീം കോടതി പരിഗണിക്കുന്നുണ്ടായിരുന്നു. സത്യപ്രതിജ്ഞ കഴിഞ്ഞ് ഏതാനും നിമിഷങ്ങൾക്കകം വിധി പ്രഖ്യാപനമുണ്ടായി. ഈ ഘട്ടത്തിൽ ഇടപെടാൻ നിവൃത്തിയില്ലെന്നാണ് സുപ്രീം കോടതി തീരുമാനിച്ചത്. സുപ്രീംകോടതി വിധിയോടെ നിയമനത്തെ ചൊല്ലിയുള്ള വിവാദം തത്കാലത്തേക്കെങ്കിലും കെട്ടടങ്ങി. അഡിഷണൽ ജഡ്ജിയെന്ന നിലയിൽ രണ്ടുവർഷത്തേക്കാണ് നിയമനം. അതുകഴിഞ്ഞ് അവരെ സ്ഥിരപ്പെടുത്തണമോ എന്ന കാര്യം സുപ്രീംകോടതിയും കേന്ദ്ര സർക്കാരും പിന്നീട് തീരുമാനിക്കും.

കന്യാകുമാരി ജില്ലയിലെ ഒരു ഉൾനാടൻ ഗ്രാമത്തിലാണ് വിക്ടോറിയ ഗൗരി ജനിച്ചത്. ഹിന്ദു - നാടാർ സമുദായാംഗമാണ് അവർ. രാജഭരണകാലം മുതൽ തെക്കൻ തിരുവിതാംകൂറിൽ ക്രിസ്ത്യൻ മിഷിണറിമാരുടെ പ്രവർത്തനം ഊർജ്ജിതമായിരുന്നു. നാടാർ സമുദായത്തിൽ നല്ലൊരു പങ്കും മതം മാറി ക്രിസ്ത്യാനികളായി. പതിറ്റാണ്ടുകളായി ഹിന്ദു - ക്രിസ്ത്യൻ സംഘർഷങ്ങൾക്ക് കുപ്രസിദ്ധി നേടിയ പ്രദേശമാണ് കന്യാകുമാരി ജില്ല. അതുകൊണ്ടു തന്നെ തമിഴകത്ത് ഏറ്റവും ആദ്യം ബി.ജെ.പി ശക്തിപ്പെട്ടതും അവിടെയാണ്. തമിഴ്‌നാട് നിയമസഭയിലേക്ക് ആദ്യമായി ഒരു ബി.ജെ.പിക്കാരൻ തിരഞ്ഞെടുക്കപ്പെട്ടതും കന്യാകുമാരി ജില്ലയിൽനിന്നു തന്നെ. 2014 -19 കാലത്ത് കന്യാകുമാരി മണ്ഡലത്തെ ലോക്‌സഭയിൽ പ്രതിനിധീകരിച്ചതും ബി.ജെ.പി അംഗമായിരുന്നു - കേന്ദ്രമന്ത്രി കൂടിയായിരുന്ന പൊൻ രാധാകൃഷ്‌ണൻ. സ്ഥലത്തെ ഒരു പരമ്പരാഗത ബി.ജെ.പി കുടുംബത്തിലെ അംഗമാണ് വിക്ടോറിയ ഗൗരി. വിദ്യാർത്ഥിയായിരിക്കുമ്പോൾത്തന്നെ അവരും പാർട്ടി അനുഭാവിയായി മാറി. അഭിഭാഷകയായിരിക്കുമ്പോഴും രാഷ്ട്രീയത്തിൽ സജീവമായിരുന്നു. മഹിളാമോർച്ചയുടെ ദേശീയ ജനറൽ സെക്രട്ടറിപദം വരെ ഉയർന്നു. പിന്നീട് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിൽ അസി. സോളിസിറ്റർ ജനറലായി പ്രവർത്തിച്ചുവരവേയാണ് ജഡ്‌ജി സ്ഥാനത്തേക്ക് അവരെ നാമനിർദ്ദേശം ചെയ്യുന്നത്.

ഭരണഘടനയുടെ 217-ാം അനുച്ഛേദപ്രകാരം ഹൈക്കോടതി ചീഫ് ജസ്റ്റിസ്, സംസ്ഥാന ഗവർണർ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരുമായി കൂടിയാലോചിച്ചശേഷം രാഷ്ട്രപതിയാണ് ഹൈക്കോടതി ജഡ്‌ജിമാരെ നിയമിക്കുന്നത്. നിലവിലുള്ള നടപടിക്രമം ഏതാണ്ട് ഇനി പറയും പ്രകാരമാണ്: ഹൈക്കോടതി ചീഫ് ജസ്റ്റിസും ഏറ്റവും സീനിയറായ രണ്ടു ജഡ്‌ജിമാരും ഉൾപ്പെടുന്ന കൊളീജിയം യോഗ്യരായ അഭിഭാഷകരിൽ നിന്ന് പേരുകൾ ശുപാർശ ചെയ്യും. ആയത് സംസ്ഥാന സർക്കാരിനും സുപ്രീംകോടതിക്കും കൈമാറും. ഗവർണറുടെ നാമധേയത്തിൽ സമർപ്പിക്കപ്പെടുന്ന സംസ്ഥാന സർക്കാരിന്റെ കൂടി അഭിപ്രായം പരിഗണിച്ചശേഷം സുപ്രീം കോടതി ചീഫ് ജസ്റ്റിസും ഏറ്റവും സീനിയറായ രണ്ടു ജഡ്ജിമാരും ഉൾപ്പെട്ട കൊളീജിയം അന്തിമ തീരുമാനം കൈക്കൊള്ളും. സംസ്ഥാനത്തു നിന്ന് മറ്റേതെങ്കിലും ജഡ്‌ജിമാർ സുപ്രീം കോടതിയിലുണ്ടെങ്കിൽ അവരുടെ അഭിപ്രായംകൂടി ആരായുന്ന പതിവുണ്ട്. കൊളീജിയത്തിന്റെ ശുപാർശ കേന്ദ്ര നിയമമന്ത്രാലയത്തിലേക്ക് അയയ്‌ക്കും. അവർ ഇന്റലിജൻസ് ബ്യൂറോ വഴി രഹസ്യാന്വേഷണം നടത്തി റിപ്പോർട്ട് നൽകും. അതുകൂടി പരിഗണിച്ചശേഷം ഫയൽ രാഷ്ട്രപതിക്ക് സമർപ്പിക്കും. രാഷ്ട്രപതി നിയമനഉത്തരവ് ഒപ്പിട്ടാൽ അതത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മുമ്പാകെ സത്യവാചകം ചൊല്ലി അധികാരമേൽക്കും. ഇന്റലിജൻസ് റിപ്പോർട്ട് എതിരാണെങ്കിൽ പേരുകൾ സുപ്രീം കോടതിക്ക് മടക്കി അയയ്‌ക്കും. സുപ്രീംകോടതി അതേപേര് വീണ്ടും ശുപാർശ ചെയ്താൽ അത് അംഗീകരിക്കാൻ കേന്ദ്ര നിയമമന്ത്രാലയവും നിയമനം നൽകാൻ രാഷ്ട്രപതിയും നിർബന്ധിതമാകും എന്നാണ് സങ്കല്പം. എന്നാൽ നരേന്ദ്രമോദി നയിക്കുന്ന ഇപ്പോഴത്തെ കേന്ദ്ര സർക്കാർ അതിനു പലപ്പോഴും കൂട്ടാക്കാറില്ല. സുപ്രീം കോടതി അംഗീകരിച്ച പേരുകൾ രണ്ടാമതും മൂന്നാമതുമൊക്കെ മടക്കിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

ഇതേ നടപടിക്രമം വിക്ടോറിയ ഗൗരിയുടെ കാര്യത്തിലും പാലിച്ചിരുന്നു. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസും രണ്ട് മുതിർന്ന ജഡ്‌ജിമാരും ഉൾപ്പെട്ട കൊളീജിയം വിക്ടോറിയയുടെ പേരും ശുപാർശ ചെയ്തു. അവർ സജീവ ബി.ജെ.പി പ്രവർത്തകയും മഹിളാമോർച്ചാ നേതാവും നമ്മുടെ ശശികല ടീച്ചറെ പലപ്രകാരത്തിലും അനുസ്‌മരിപ്പിക്കുന്ന പ്രസംഗകയുമാണെന്ന കാര്യം അന്നുതന്നെ എല്ലാവർക്കും അറിവുള്ളതാണ്. ആൾ ഇന്ത്യ ലായേഴ്‌സ് യൂണിയനാകട്ടെ മറ്റാരെങ്കിലുമാകട്ടെ ആ ഘട്ടത്തിൽ യാതൊരു എതിർപ്പും രേഖപ്പെടുത്തിയില്ല. എം.കെ സ്റ്റാലിൻ നയിക്കുന്ന തമിഴ്‌നാട് സർക്കാരിനും വിക്ടോറിയയുടെ പേരിനോട് വിയോജിപ്പൊന്നും ഉണ്ടായില്ല. ഡി.എം.കെയുടെ സഖ്യകക്ഷിയായ സി.പി.എമ്മും എതിർപ്പൊന്നും പറഞ്ഞില്ല. സുപ്രീം കോടതി കൊളീജിയം കൂടിക്കാഴ്ച പോലും നടത്തിയശേഷമാണ് വിക്ടോറിയയുടെ പേര് അന്തിമമായി ശുപാർശ ചെയ്തത്. ഇന്റലിജൻസ് റിപ്പോർട്ടും അവർക്ക് അനുകൂലമായിരുന്നു. ആകെയാൽ കേന്ദ്ര നിയമമന്ത്രാലയത്തിനോ രാഷ്ട്രപതിക്കോ മറ്റൊന്നും ചെയ്യാൻ കഴിയുമായിരുന്നില്ല.

ഇക്കഴിഞ്ഞ ജനുവരി 17 ന് വിക്ടോറിയ ഗൗരിയുടെ പേര് അന്തിമമായി ശുപാർശ ചെയ്തശേഷമാണ് അവരെക്കുറിച്ചുള്ള ആക്ഷേപങ്ങൾ ഉയർന്നു വന്നത്. അഭിഭാഷകയും മഹിളാമോർച്ച ജനറൽ സെക്രട്ടറിയുമായിരുന്ന കാലത്ത് ലവ് ജിഹാദിനെയും ക്രിസ്ത്യൻ മിഷിണറിമാരെയും കുറിച്ച് വിക്ടോറിയ നടത്തിയ ചില പരാമർശങ്ങൾ എതിരാളികൾ കുത്തിപ്പൊക്കി. ക്രിസ്ത്യൻ - മുസ്ളിം സമുദായങ്ങൾക്കെതിരെ അവർ നടത്തിയതായി പറയുന്ന പ്രസംഗങ്ങളും സമൂഹ മാദ്ധ്യമത്തിൽ പ്രകടിപ്പിച്ച അഭിപ്രായങ്ങളും വളരെപ്പെട്ടെന്ന് ചർച്ചാ വിഷയമായി. അവരെപ്പോലെ ഒരു വർഗീയവാദി ഹൈക്കോടതി ജഡ്‌ജിയാകുന്നത് നീതിയുടെ താത്പര്യങ്ങൾക്ക് നിരക്കുന്നതല്ലെന്നും ഭരണഘടനാ മൂല്യങ്ങൾ അട്ടിമറിക്കപ്പെടുമെന്നും എതിരാളികൾ വാദിച്ചു. ഒരുവിഭാഗം അഭിഭാഷകർ വിക്ടോറിയയെ പിന്തുണച്ചും രംഗത്തുവന്നു. കെ.എസ്. ഹെഗ്ഡേയും വി.ആർ. കൃഷ്‌ണയ്യരുമടക്കം രാഷ്ട്രീയ പശ്ചാത്തലമുള്ള പലരും സുപ്രീം കോടതിയിലും വിവിധ ഹൈക്കോടതികളിലും ജഡ്‌ജിമാരായിരുന്ന കാര്യം അവർ ചൂണ്ടിക്കാട്ടി. പക്ഷേ അവരാരും വിക്ടോറിയയെപ്പോലെ വിദ്വേഷപ്രസംഗം നടത്തി കുപ്രസിദ്ധി നേടിയവരല്ലെന്ന് എതിരാളികൾ തിരിച്ചടിച്ചു. വളരെപ്പെട്ടെന്ന് ഈ വിഷയം ദേശീയ ശ്രദ്ധയാകർഷിച്ചു.

അതിനിടെ വിക്ടോറിയയെ ജഡ്‌ജിയാക്കരുതെന്ന് ആവശ്യപ്പെട്ട് ‌ഏതാനും അഭിഭാഷകർ സുപ്രീം കോടതിയെ സമീപിച്ചു. വിഷയം കോടതിയുടെ പരിഗണനയിലിരിക്കവെയാണ് രാഷ്ട്രപതി നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. സത്യപ്രതിജ്ഞ തടയണമെന്നാവശ്യപ്പെട്ട് പരാതിക്കാരുടെ അഭിഭാഷകൻ ചീഫ് ജസ്റ്റിസിനെ സമീപിച്ചു. താൻ കൂടി അംഗമായ കൊളീജിയമാണ് വിക്ടോറിയയുടെ പേരു നിർദ്ദേശിച്ചത് എന്നതിനാൽ ചീഫ് ജസ്റ്റിസ് ധനഞ്ജയ ചന്ദ്രചൂഡ് കേസ് കേൾക്കുന്നതിൽ നിന്ന് സ്വയം ഒഴിവായി. അങ്ങനെ ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് ഭൂഷൺ ഗവായിയും ഉൾപ്പെട്ട ബെഞ്ച് കേസ് പരിഗണിച്ചു. റിപ്പബ്ളിക്കൻ പാർട്ടി നേതാവും മുൻ കേരള ഗവർണറുമായിരുന്ന ആർ.എസ്. ഗവായിയുടെ മകനാണ് ജസ്റ്റിസ് ഗവായ്. താൻ തന്നെ രാഷ്ട്രീയ പാരമ്പര്യമുള്ളയാളാണ് എന്നദ്ദേഹം വാദത്തിനിടെ വെളിപ്പെടുത്തി. നിർദ്ദിഷ്ട ജഡ്‌ജിയുടെ യോഗ്യതയും അനുയോജ്യതയും രണ്ടാണെന്നും കോടതി നിരീക്ഷിച്ചു. വിക്ടോറിയ ഗൗരിക്ക് മദ്രാസ് ഹൈക്കോടതി ജഡ്‌ജിയാകാൻ വേണ്ടത്ര യോഗ്യതയുണ്ട്. ആ പദവിക്ക് അവർ അനുയോജ്യയാണോ എന്ന കാര്യം ഈ ഘട്ടത്തിൽ സുപ്രീം കോടതിക്ക് പരിശോധിക്കാൻ കഴിയില്ല. അവരുടെ അനുയോജ്യത ബോദ്ധ്യപ്പെട്ടതിനാലാണ് മദ്രാസ് ഹൈക്കോടതിയും സുപ്രീം കോടതി കൊളീജിയവും നാമനിർദ്ദേശം നടത്തിയിട്ടുള്ളത്. രാഷ്ട്രീയ പശ്ചാത്തലവും പ്രസംഗശൈലിയുമൊക്കെ അവർ പരിഗണിച്ചു കാണുമെന്ന് വേണം അനുമാനിക്കാൻ. അതുകൊണ്ടുതന്നെ ഈ ഘട്ടത്തിൽ കോടതി ഇടപെടുന്നത് ഉചിതമല്ല. ഹർജികൾ തള്ളുന്നു എന്നാണ് സുപ്രീം കോടതി വിധിച്ചത്.

രാഷ്ട്രീയ പാർട്ടികളും അഭിഭാഷക സംഘടനകളും തമിഴ്‌നാട് സർക്കാരും മാദ്ധ്യമങ്ങളും തക്കസമയത്ത് ജാഗ്രത പുലർത്തിയിരുന്നെങ്കിൽ വിക്ടോറിയ ഗൗരിയുടെ നിയമനം ഒരുപക്ഷേ തടയാൻ കഴിയുമായിരുന്നു. പക്ഷേ ആവശ്യമുള്ള സമയത്ത് മേൽപറഞ്ഞവരൊക്കെ മൗനം പാലിച്ചു. സുപ്രീം കോടതി കൊളീജിയം അന്തിമ തീരുമാനം കൈക്കൊണ്ടശേഷം സടകുടഞ്ഞ് എഴുന്നേല്‌ക്കുകയും ഉഗ്രമായി ഗർജ്ജിക്കുകയും ചെയ്തു. അതിന്റെയൊക്കെ ചേതോവികാരം എന്തെന്ന് അവർക്കു മാത്രമേ അറിയുകയുള്ളൂ. താൻ ഭരണഘടനയും നിയമങ്ങളും അനുസരിച്ച് നീതിനടപ്പാക്കുമെന്നും ദുർബല വിഭാഗങ്ങൾക്ക് പ്രത്യേക പരിരക്ഷ നൽകുമെന്നുമാണ് ജസ്റ്റിസ് വിക്ടോറിയ ഗൗരി പറയുന്നത്. തത്കാലം അവരെ വിശ്വസിക്കുകയേ നമുക്കു വഴിയുള്ളൂ. അതുകൊണ്ട് സത്യം ജയിക്കട്ടെ, ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും ഉപരി നീതി നടപ്പാകട്ടെ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHATHURANGAMA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.