SignIn
Kerala Kaumudi Online
Friday, 26 April 2024 8.33 PM IST

സാക്ഷിമൊഴികളിലും നയനയുടെ മരണത്തിന് ഉത്തരമായില്ല; ഫോറൻസിക് മുൻമേധാവിയെ കണ്ട് വിവരങ്ങൾ തേടി ക്രൈംബ്രാഞ്ച്

aef

തിരുവനന്തപുരം: സംവിധായിക നയനയുടെ ദുരൂഹമരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആഴ്ചകൾ പിന്നിട്ടിട്ടും കൊലപാതകമാണെന്ന സംശയത്തിനിടയാക്കുന്ന വിവരങ്ങളോ സൂചനകളോ ലഭിക്കാതെ അന്വേഷണസംഘം. നയനയുടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും കേസിലെ സാക്ഷികളുമുൾപ്പെടെ രണ്ട് ഡസനിലധികം പേരിൽ നിന്ന് മണിക്കൂറുകളെടുത്ത് ശേഖരിച്ച വിവരങ്ങളിലൊന്നും കൊലപാതകമാണെന്ന് ഉറപ്പിക്കാനുള്ള കാരണങ്ങളോ സാഹചര്യങ്ങളോ കണ്ടെത്താൻ കഴിയാതിരുന്ന അന്വേഷണസംഘം ഡിവൈ.എസ്.പി ജലീൽ തോട്ടത്തിലിന്റെ നേതൃത്വത്തിൽ നയനയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത മുൻ ഫോറൻസിക് വിഭാഗം മേധാവികൂടിയായ ഡോ.കെ.ശശികലയെ നേരിൽക്കണ്ട് വിവരങ്ങൾ ശേഖരിച്ചു.

2019 ഫെബ്രുവരി 24നാണ് മത്സ്യബന്ധന തൊഴിലാളിയായ കൊല്ലം അഴീക്കൽ സൂര്യൻപുരയിടത്തിൽ ദിനേശൻ - ഷീല ദമ്പതികളുടെ മകൾ നയനസൂര്യയെ തിരുവനന്തപുരം ആൽത്തറ നഗറിലെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. നാലുവർഷത്തിന് ശേഷമാണ് നയനയുടെ മരണം കൊലപാതകമാണെന്ന സംശയം പ്രകടിപ്പിച്ച് സുഹൃത്തുക്കളും കുടുംബാംഗങ്ങളുമുൾപ്പെടെ രംഗത്തെത്തിയത്. സംഭവം നാലുവർഷം പിന്നിട്ടതോടെ കൊലപാതകക്കേസിൽ പ്രാഥമികമായി ശേഖരിക്കേണ്ടിയിരുന്ന ശാസ്ത്രീയ പരിശോധനാഫലങ്ങളുൾപ്പെടെ പല തെളിവുകളും നഷ്ടമായിട്ടുണ്ട്. അസ്വാഭാവിക മരണമെന്ന നിലയിൽ കേസ് തുടക്കത്തിൽ അന്വേഷിച്ച മ്യൂസിയം പൊലീസും തെളിവുശേഖരണത്തിൽ മതിയായ ജാഗ്രതകാട്ടിയിരുന്നില്ല. മ്യൂസിയം പൊലീസ് കൈമാറിയ കേസ് ഡയറിയിൽ നിന്നോ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ച മൊഴികളിൽ നിന്നോ നയനയ്ക്ക് എന്ത് സംഭവിച്ചുവെന്നതിന് വ്യക്തമായ ഉത്തരമില്ലാതിരിക്കെ നയനയുടെ മരണത്തിന് ശാസ്ത്രീയ തെളിവുകളിലൂടെയും പരിശോധനാഫലങ്ങളിലൂടെയും ഉത്തരം കണ്ടെത്താനാണ് അന്വേഷണസംഘത്തിന്റെ ശ്രമം.

പോസ്റ്റുമോർട്ടം കണ്ടെത്തലുകളെയും ഫോറൻസിക് പരിശോധനാഫലങ്ങളെയും സംബന്ധിച്ച വിവരങ്ങൾ ശശികലയിൽ നിന്ന് അന്വേഷണസംഘം ചോദിച്ചറിഞ്ഞു. മാദ്ധ്യമങ്ങളിൽ ഡോ.ശശികലയുടേതായി വന്ന പരാമർശങ്ങളിലെ വസ്തുതകളും അന്വേഷണസംഘം ആരാഞ്ഞു. ഫോറൻസിക് മുൻ മേധാവിയെന്ന നിലയിൽ മ്യൂസിയം പൊലീസിന് നയനയുടെ മരണവുമായി ബന്ധപ്പെട്ട് നൽകിയ വിവരങ്ങളും സെക്ഷ്വൽ അസ്ഫിഷ്യ എന്ന രോഗാവസ്ഥയെ സംബന്ധിച്ച കാര്യങ്ങളും അന്വേഷണ സംഘം ശശികലയിൽ നിന്ന് ശേഖരിച്ചിട്ടുണ്ട്.

എന്നാൽ ഇക്കാര്യങ്ങളൊന്നും വെളിപ്പെടുത്താൻ അന്വേഷണ സംഘം തയാറായിട്ടില്ല. നയനയുടെ മരണം സംശയാസ്പദമാണെന്നും കൊലപാതകമാകാൻ സാദ്ധ്യതയുണ്ടെന്നും ഫോറൻസിക് മേധാവിയായിരിക്കെ ശശികല മ്യൂസിയം പൊലീസിനോട് പറഞ്ഞിരുന്നതായാണ് സൂചന. സെക്ഷ്വൽ അസ്ഫിഷ്യ അത്യപൂർവമായ സാദ്ധ്യതയാണെന്ന ഫോറൻസിക് മേധാവിയുടെ വെളിപ്പെടുത്തലിന് പ്രാധാന്യം നൽകി പൊലീസ് അന്വേഷണം അവസാനിപ്പിച്ചെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥൻ തന്നോടൊപ്പമിരുന്ന് താൻ പറയുന്നത് കേട്ടെഴുതിക്കൊടുത്ത മൊഴിയല്ല പുറത്തുവന്നതെന്നും ഡോ.ശശികലയും മാദ്ധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ ഡോ.ശശികല ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി നിർണായകമാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.