ശ്രീകാര്യം : അതിർത്തിത്തർക്കത്തിൽ ക്ഷേത്ര ഭാരവാഹികളുമായുണ്ടായ സംഘർഷത്തിൽ മർദ്ദനവും പരിക്കുമേറ്റതിൽ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി. ആക്കുളം തുറുവിക്കൽ ശിവശക്തി നഗർ ശിവകൃപയിൽ എസ്.വിജയകുമാരിയെയാണ് (46) വീടിന്റെ സൺഷെയ്ഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
അതേസമയം, പരാതിയിൽ പൊലീസ് നടപടിയുണ്ടാകാത്തതും ആത്മഹത്യയിലേക്ക് നയിച്ചെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
ദേവസ്വം ബോർഡിന്റെ ഉള്ളൂർ സബ്ഗ്രൂപ്പിന് കീഴിലെ തുറുവിക്കൽ കുന്നം ക്ഷേത്രം ഭാരവാഹികളുമായിട്ടായിരുന്നു തർക്കം. ക്ഷേത്രത്തിനോടു ചേർന്ന വീടും പുരയിടവുമാണ് വിജയകുമാരിയുടേത്. ഇവരുടെ കുടുംബക്ഷേത്രം പിന്നീട് ദേവസ്വം ബോർഡ് ഏറ്റെടുക്കുകയായിരുന്നു.
ഈമാസം നാലിന് ക്ഷേത്ര പരിസരം വൃത്തിയാക്കുന്നതിനിടെ, സർവ്വേക്കല്ല് പിഴുതെന്ന് ആരോപിച്ചായിരുന്നു തർക്കം. ഇത് സംഘർഷത്തിൽ കലാശിച്ചു. വിജയകുമാരിക്കും ക്ഷേത്ര പ്രസിഡന്റ് അശോകനും പരിക്കുമേറ്റു. അശോകന്റെ നേതൃത്വത്തിൽ മർദ്ദിച്ചെന്ന് മെഡിക്കൽ കോളേജ് പൊലീസിന് വീട്ടമ്മ അന്നുതന്നെ പരാതി നൽകി. തുടർന്ന് അശോകനും പരാതിപ്പെട്ടു. ഇരുകൂട്ടർക്കുമെതിരെ പൊലീസ് കേസെടുത്തു.
വീട്ടിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ, മരണത്തിന് കാരണക്കാർ ക്ഷേത്രഭാരവാഹികളാണെന്ന് പേരുസഹിതം എഴുതിയിട്ടുണ്ട്. വിജയകുമാരിയുടെ ഫോണിൽ മെഡിക്കൽ കോളേജ് സി.ഐക്കുള്ള മരണമൊഴി റെക്കാഡ് ചെയ്ത് സൂക്ഷിച്ചിട്ടുമുണ്ട്.
ആക്രമണത്തിന് ശേഷവും ഈ സംഘത്തിലുള്ളവർ വെട്ടുകത്തിയും മറ്റ്ആയുധങ്ങളുമായി കുടുംബത്തിനു നേരെ വധഭീഷണി മുഴക്കിയിരുന്നതായി വിജയകുമാരിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. അതിന്റെ ദൃശ്യങ്ങൾ സഹിതം പൊലീസിന് കൈമാറിയിട്ടും നടപടിയെടുക്കാത്തതിൽ വിജയകുമാരി വിഷമത്തിലായിരുന്നെന്നും പറയുന്നു. അതേസമയം, വീഴ്ച പറ്റിയിട്ടില്ലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നുമാണ് മെഡിക്കൽ കോളേജ് പൊലീസ് പറഞ്ഞത്.
സെക്യൂരിറ്റി ജീവനക്കാരൻ അജിത്കുമാറാണ് വിജയകുമാരിയുടെ ഭർത്താവ്. പേട്ട ബോയ്സ് സ്കൂളിലെ പ്ളസ്ടു വിദ്യാർത്ഥിനി ആദിത്യ ഏക മകളും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |