SignIn
Kerala Kaumudi Online
Saturday, 27 April 2024 12.36 AM IST

സംസാരത്തിൽ സത്യത്തിന്റെ സൗന്ദര്യം, നിലപാടുകളിലെ ആത്മാർത്ഥത

vellappalli-natesan

എസ്.എൻ.ട്രസ്​റ്റിന്റെ അമരത്ത് വെള്ളാപ്പള്ളി നടേശൻ 27 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. എസ്.എൻ.ഡി.പി യോഗത്തിന്റെ ജനറൽ സെക്രട്ടറിയായി വരുന്ന നവംബറിൽ ഇതേ കാലയളവ് പൂർത്തിയാക്കുന്ന അദ്ദേഹം 59 വർഷമായി കണിച്ചുകുളങ്ങര ദേവസ്വത്തിന്റെ പ്രസിഡന്റുമാണ്. ഇതൊരു സർവകാല റെക്കോഡാണ്.
ശിവഗിരിയിൽ പൊലീസ് നടപടിക്ക് ശേഷം ഈഴവ സമുദായത്തിൽ വലിയ വികാരവിക്ഷോഭം നിലനിൽക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം രംഗത്തേക്ക് വന്നത്. ശാശ്വതികാനന്ദസ്വാമികളെ ശിവഗിരിയിൽനിന്ന് ബലപ്രയോഗത്തിലൂടെ പുറത്താക്കിയ സർക്കാർ അദ്ദേഹത്തിന് എതിരെ നിൽക്കുന്ന ശക്തികളെ അതിരുകടന്ന് പ്രീണിപ്പിക്കുന്നെന്ന ആവലാതി സമുദായത്തിൽ നിലനിന്നിരുന്നു. ഭരണമുന്നണിയുടെ ഭാഗമായിരുന്ന കെ.കരുണാകരനും, ഗൗരിയമ്മയ്ക്കും പോലും പൊലീസ് നടപടിയോട് വലിയ വിയോജിപ്പുണ്ടായിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് ശാശ്വതികാനന്ദ സ്വാമികളുടെ ശക്തമായ പിന്തുണയോടെ വെള്ളാപ്പള്ളി നടേശൻ 1996ഫെബ്രുവരി മൂന്നിന് ട്രസ്​റ്റിന്റെ അമരത്തെത്തുന്നത്. ആ കാലത്തുതന്നെ അദ്ദേഹത്തിന് ഒളിഞ്ഞും തെളിഞ്ഞും എതിർപ്പുകൾ നേരിടേണ്ടിവന്നിരുന്നു. നിരവധി കോടതി വ്യവഹാരങ്ങളാണ് വെള്ളാപ്പള്ളി നടേശൻ നേരിട്ടത്. ആർ. ശങ്കറും എം.കെ.രാഘവനുമൊക്കെ തട്ടിമറിഞ്ഞ് വീണത് കോടതി ഉത്തരവുകളുടെ പുറത്താണ്. ഇടയ്ക്കിടെ കോടതി ഉത്തരവുകൾ വന്നെങ്കിലും അതിനെ അതിജീവിക്കാൻ വെള്ളാപ്പള്ളിനടേശന് കഴിഞ്ഞു. അദ്ദേഹം ശക്തനായി സ്ഥാനത്ത് തുടരുന്ന കാഴ്ചയാണ് പിന്നീട് കാണാൻ കഴിയുക.
വലിയ ഈശ്വരാധീനമുള്ളയാളാണ് വെള്ളാപ്പള്ളി നടേശൻ. എവിടെ പോയാലും ജയിച്ചേവരൂ എന്നത് വ്യക്തമാണ്. 86 -ാം വയസിലും ഊർജ്ജത്തിന് ഒരു കുറവുമില്ല. അദ്ദേഹത്തിന്റെ തുറന്നടിച്ച സംസാരം ചിലപ്പോഴൊക്കെ ആളുകളിൽ അലോസരമുണ്ടാക്കമെങ്കിലും അതിൽ സത്യത്തിന്റെ സൗന്ദര്യമുണ്ട്. ചമൽക്കാരമല്ല ആത്മാർത്ഥതയാണ് പ്രധാനം. യോഗത്തിന്റെ നേതൃസ്ഥാനത്തിരുന്ന പ്രഗത്ഭരിൽ പലർക്കും തത്‌സ്ഥാനത്ത് കൂടുതൽ കാലം തുടരാൻ കഴിയാതിരുന്നത് സമുദായത്തിനകത്ത് നിന്നുതന്നെ വലിയ എതിർപ്പും വ്യക്തിപരമായ സ്പർദ്ധയും നേരിടേണ്ടിവന്നതിനാലാണ്.

ജനറൽ സെക്രട്ടറിയായതു മുതൽ വെള്ളാപ്പള്ളി നടേശനും എതിർപ്പുകൾക്ക് ഒരു ക്ഷാമവും ഉണ്ടായിട്ടില്ല. സി.പി.എമ്മിന്റെയും വി.എസ് അച്യുതാനന്ദന്റെയും പിന്തുണ ആദ്യഘട്ടത്തിൽ അദ്ദേഹത്തിന് ലഭിച്ചിരുന്നു. 2001ലെ നിയമസഭാ തിരഞ്ഞെടുപ്പ് ആയപ്പോഴേക്കും ആ ബന്ധത്തിൽ വിള്ളലുണ്ടായി. സി.പി.എം വെള്ളാപ്പള്ളി നടേശനോട് വ്യക്തമായ ശത്രുത വച്ചുപുലർത്തി. പ്രത്യേകിച്ച് കൊല്ലം എസ്.എൻ. കോളേജിലെ വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട് വലിയ പ്രശ്നങ്ങളുണ്ടായി. അത് വിദ്യാർത്ഥിസമരം എന്ന നിലവിട്ട് എസ്.എൻ.ഡി.പി യോഗത്തോടും ശ്രീനാരായണഗുരുവിനോടുമുള്ള അവഹേളനമായി മാറുന്ന സാഹചര്യമുണ്ടായി. വി.എം. സുധീരനടക്കമുള്ള കോൺഗ്രസിലെ ചില 'പ്രബുദ്ധ' നേതാക്കൾ വെള്ളാപ്പള്ളി നടേശനോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ചു. ഇങ്ങനെയൊക്കെ പല പ്രശ്നങ്ങളും ഉണ്ടായിരുന്നെങ്കിലും അതൊന്നും അദ്ദേഹത്തെ ബാധിച്ചില്ല. പിന്നീട് നടന്ന തിരഞ്ഞെടുപ്പിൽ ഈ നിലപാട് എൽ.ഡി.എഫിന് വലിയ തിരിച്ചടിയായി. തിരുവിതാംകൂറിൽ പ്രത്യേകിച്ച് കൊല്ലം ജില്ലയിൽ പുനലൂർ ഒഴികെയുള്ള എല്ലാ സീ​റ്റുകളും നഷ്ടപ്പെട്ടു. വർക്കലയിൽ മത്സരിച്ച കൊല്ലം ജില്ലാ സെക്രട്ടറി ഗുരുദാസൻ പരാജയപ്പെട്ടു. പിന്നീടാണ് വി.എസ്.അച്യുതാനന്ദൻ അടക്കമുള്ള ആളുകൾ നിലപാടിൽ മാ​റ്റം വരുത്തിയത്.

പിന്നെയും പലതരത്തിലുള്ള എതിർപ്പുകൾ അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ സി.പി.എം നടത്തിയ തീവ്രസമരമായിരുന്നു അതിലൊന്ന്. ക്ഷേത്രനടയിൽ സമരം പാടില്ലെന്ന് കോടതി ഉത്തരവ് വന്നപ്പോൾ അത് ദുർവ്യാഖ്യാനം ചെയ്ത് വെള്ളാപ്പള്ളി നടേശന്റെ വീട്ടുപടിക്കൽ സമരം നടത്തി. എന്നിട്ടുപോലും വെള്ളാപ്പള്ളി നടേശൻ കുലുങ്ങിയില്ല. എ.കെ.ആന്റണി മാറി ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായി വന്നപ്പോൾ മ​റ്റു സമുദായനേതാക്കന്മാർക്ക് കൊടുത്തിരുന്ന ആദരവോ പരിഗണനയോ കൊടുക്കാൻ യു.ഡി.എഫ് പ്രത്യേകിച്ച് കോൺഗ്രസ് നേതൃത്വം തയ്യാറായില്ല.

'ഈഴവ സമുദായത്തെ പഞ്ചാര കാണിച്ച് വഞ്ചിച്ച'യാളാണ് ഉമ്മൻചാണ്ടിയെന്ന് ആ കാലഘട്ടത്തിലാണ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്. ഉമ്മൻചാണ്ടിയുടെ വാലാണ് രമേശ് ചെന്നിത്തലയെന്നും മെത്രാൻ മുത്തൂ​റ്റ് മനോരമ ഭരണമാണ് ഈ നാട്ടിൽ നടക്കുന്നതെന്നും വെള്ളാപ്പള്ളി നടേശൻ തുറന്നടിച്ചു. ഏതു സമയത്തും സമുദായതാത്‌പര്യമാണ് അദ്ദേഹം ഉയർത്തിപിടിച്ചത്. ഉമ്മൻചാണ്ടി സർക്കാർ നരേന്ദ്രൻ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തി. അതുകൊണ്ട് പിന്നാക്ക സമുദായങ്ങൾക്ക് കിട്ടേണ്ടിയിരുന്ന 'ബാക്ക്‌ലോഗ്' നികത്താൻപ​റ്റാതെ പോയി. ഈ വിഷയങ്ങളൊക്കെ അദ്ദേഹം ശക്തമായി ഉന്നയിച്ചു. 2006ലെ തിരഞ്ഞെടുപ്പിൽ വീണ്ടും എൽ.ഡി.എഫിനെ പിന്തുണച്ചു. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായി.
2011ലെ തിരഞ്ഞെടുപ്പിൽ അങ്ങനെയൊരു രാഷ്ട്രീയ സാഹചര്യം എൽ.ഡി.എഫിന് ഗുണകരമായി. യു.ഡി.എഫിന് ഭൂരിപക്ഷം കിട്ടിയെങ്കിലും എൽ.ഡി.എഫിന് കോൺഗ്രസിനേക്കാൾ കൂടുതൽ സീ​റ്റുകൾ കിട്ടി. അരൂർ മുതൽ ആ​റ്റിങ്ങൽ വരെയുള്ള പ്രദേശത്ത് എൽ.ഡി.എഫിന് വലിയ മുന്നേ​റ്റമുണ്ടാക്കാൻ കഴിഞ്ഞു. അതുകൊണ്ടാണ് ഉമ്മൻചാണ്ടി സർക്കാരിന്റെ ഭൂരിപക്ഷം രണ്ടുപേരിലൊതുങ്ങിയത്.

അടുത്തകൊല്ലം കാര്യങ്ങൾ മാറി. 2012ൽ മുസ്ലീം ലീഗിന്റെ അഞ്ചാം മന്ത്രി ഒരു വലിയ വിഷയമായിവന്നു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ ഒരു പ്രത്യേകത സർക്കാരിന്റെ പ്രധാനപ്പെട്ട വകുപ്പുകളൊക്കെ ലീഗിന്റെയും കേരളാ കോൺഗ്രസിന്റെയും കൈകളിലായിരിക്കും എന്നതാണ്. വ്യവസായം,വിദ്യാഭ്യാസം, മരാമത്ത്, നഗരാസൂത്രണം, തദ്ദേശസ്വയംഭരണം എന്നീ പ്രധാനപ്പെട്ട വകുപ്പുകൾ ഈ പാർട്ടികൾ കൈയടക്കിവച്ചു. ബഡ്ജ​റ്റിന്റെ 35 - 40 ശതമാനം വരുന്ന വകുപ്പുകൾ ലീഗിന്റെ കൈയിൽ. 10 - 20 ശതമാനം കേരളാ കോൺഗ്രസിന്റെ കൈയിലും. ബഡ്ജ​റ്റ് അവതരിപ്പിക്കുമ്പോൾ മലപ്പുറം,കോട്ടയം ജില്ലകൾക്ക് മാ​റ്റിവെച്ചിട്ട് ബാക്കിവല്ലതും ഉണ്ടെങ്കിലേ സർവാണി സദ്യക്ക്, മ​റ്റ് 12 ജില്ലകൾക്ക് ലഭിക്കൂ. അങ്ങനെയൊരു സാഹചര്യത്തിൽ വെള്ളാപ്പള്ളി നടേശൻ നിലപാടിൽ വലിയ മാ​റ്റം വരുത്തി. പിറവം ഉപതിരഞ്ഞെടുപ്പിനു ശേഷം ലീഗിനെ പ്രീണിപ്പിക്കാൻ വേണ്ടി അഞ്ചാം മന്ത്രിയെ കൊടുത്തു. തുടർന്നാണ് അതുവരെയുണ്ടായിരുന്ന എല്ലാ അസ്വാരസ്യങ്ങളും മറന്ന് എൻ.എസ്.എസുമായി വീണ്ടും കൈകോർത്തത്. ഭൂരിപക്ഷസമുദായ ഐക്യം എന്ന അജൻഡയിലേക്ക് അദ്ദേഹം വന്നു. എന്നാൽ രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരവകുപ്പ് കിട്ടിക്കഴിഞ്ഞതോടെ ജി. സുകുമാരൻനായരുടെ ഭൂരിപക്ഷസ്‌നേഹം അവസാനിച്ചു. സുകുമാരൻനായർ ഈ സഖ്യത്തിൽനിന്ന് ഏകപക്ഷീയമായി പിന്മാറി. എന്നാൽ വെള്ളാപ്പള്ളി നടേശൻ തീരുമാനത്തിൽ ഉറച്ചുനിന്നു. നായാടി മുതൽ നമ്പൂതിരി വരെയുള്ള ഐക്യമെന്ന ആശയം മുൻനിറുത്തി ബി.ഡി.ജെ.എസ് രൂപീകരണ തീരുമാനവുമായി മുന്നോട്ടുപോയി. 2016ലെ തിരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് വിജയത്തിൽ ബി.ഡി.ജെ.എസ് ഉണ്ടാക്കിയ വികാരം വലിയ പങ്കുവഹിച്ചു. ഭൂരിപക്ഷ വോട്ടുകളിൽ ഗണ്യമായ വിഭാഗം എൽ.ഡി.എഫിലേക്കു വന്നു. എൽ.ഡി.എഫിന്റെ ഭാഗത്ത് നിന്നവർ അവിടെത്തന്നെ നിന്നു. കോൺഗ്രസിന്റെ ഭാഗത്തുണ്ടായിരുന്ന പിന്നാക്കക്കാരുടെ വോട്ടുകൾ ബി.ജെ.പി - ബി.ഡി.ജെ.എസ് സഖ്യത്തിലേക്കു പോയി.
ബി.ഡി.ജെ.എസ് വോട്ടുകൾ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ പരാജയം ഉറപ്പുവരുത്തി.

2021ൽ നടന്ന തിരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസിന്റെ യഥാർത്ഥശക്തി പ്രതിഫലിച്ചില്ലെങ്കിൽ പോലും ഭൂരിപക്ഷ സമുദായ വോട്ടുകളിലെ ഏകീകരണം എൽ.ഡി.എഫിന് അനുകൂലമായി മാറി. വെള്ളാപ്പള്ളി നടേശന്റെ കൂടെനടന്ന ആളുകൾ കുറച്ചുകഴിഞ്ഞപ്പോൾ തള്ളിപ്പറഞ്ഞ് ഒറ്റുകൊടുക്കുകയും ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു. ശാശ്വതീകാനന്ദ സ്വാമികൾ സമാധിയായ സമയത്ത് സി.കെ. വിദ്യാസാഗറിനോ മ​റ്റാർക്കെങ്കിലുമോ ഒരു സംശയവുമുണ്ടായിരുന്നില്ല. അന്ന് ഒരു തർക്കവും ആരോടും ഉന്നയിക്കാതിരുന്ന ആളുകൾ മ​റ്റ് കാര്യങ്ങളിൽ വെള്ളാപ്പള്ളി നടേശനുമായി തെ​റ്റിക്കഴിഞ്ഞപ്പോൾ ആരോപണങ്ങളുമായി രംഗത്തെത്തി. വക്കീലായ സി.കെ.വിദ്യാസാഗർ അടക്കം ആരോപണങ്ങളുന്നയിച്ച് പുകമറയുണ്ടാക്കാൻ ശ്രമിച്ചു. ശാശ്വതീകാനന്ദസ്വാമികളുടെ കുടുംബാംഗങ്ങളിൽ ചിലർ ഈ ദുഷ്‌പ്രചരണങ്ങൾക്ക് വശംവദരായി.

'നീചഭംഗരാജയോഗം' എന്നൊരു സങ്കല്‌പമുണ്ട് .നമ്മളെ വളരെ ദുഷിപ്പിച്ച് പറയുന്ന ആളുകൾക്ക് തന്നെ അത് തിരിച്ചുപറയേണ്ട അവസ്ഥയുണ്ടാക്കും. 2016ലെ തിരഞ്ഞെടുപ്പിൽ വർഗീയവാദിയായും സാമുദായിക വാദിയായും മദ്യമുതലാളിയായും ആക്ഷേപിച്ചുകൊണ്ട് നടന്ന ആളുകൾ കൃത്യം രണ്ടുകൊല്ലം കഴിഞ്ഞ് 2018ൽ അദ്ദേഹത്തെ നവോത്ഥാന നായകനായും മതനിരപേക്ഷ കേരളത്തിന്റെ കാവൽഭടനായും വിശേഷിപ്പിച്ചു. വെള്ളാപ്പള്ളി നടേശനെ ഇന്ന് വിമർശിക്കുന്നവരും ദുഷിക്കുന്നവരും കുറച്ചു കഴിയുമ്പോൾ അദ്ദേഹത്തിന്റെ മഹത്വം മനസ്സിലാക്കി തിരുത്തേണ്ടിവരും. ഇനി തിരുത്തിയില്ലെങ്കിൽപ്പോലും അംഗീകരിക്കേണ്ടതായി വരും. സംശയമില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VELLAPPALLI NATESAN
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.