SignIn
Kerala Kaumudi Online
Friday, 19 April 2024 7.10 PM IST

ഈ മര്യാദക്കാരൻ മാസ്റ്റർ ഒരു യാത്ര പൊയ്ക്കോട്ടെ

opinion

പൊലീസ് മർദ്ദനം എന്നത് നിത്യജീവിതത്തിൽ എപ്പോഴും നാം കേൾക്കുകയും അറിയുകയും ചെയ്യുന്ന പ്രയോഗമാണല്ലോ. പൊലീസുകാർ നടത്തുന്ന നിന്ദ്യവും നിഷ്ഠുരവും മനുഷ്യത്വ രഹിതവുമായ മർദ്ദനമുറയ്ക്ക് ജനങ്ങൾ, അതിലേറെ രാഷ്ട്രീയ നേതാക്കളും സാമൂഹിക പ്രവർത്തകരും നൽകുന്ന വിശേഷണമാണല്ലോ അത്. പക്ഷേ 'സ്ത്രീപീഡന'മെന്ന് പറയുമ്പോൾ ഇതേ മീറ്രർവച്ച് നമുക്ക് വ്യാഖ്യാനിക്കാൻ പറ്റില്ല, കാരണം അതിന്റെ അർത്ഥം നേരേ വിപരീതമായി മാറും. അല്ലെങ്കിലും ഈ മലയാള ഭാഷയ്ക്ക് ഇങ്ങനെ ചില കുസൃതികളുണ്ട്. പലതും പ്രയോഗിച്ചുവരുമ്പോഴേ അറിയൂ, അതിന്റെ അർത്ഥം ഏതു തലത്തിലേക്കു പോവുമെന്ന്. ഭാഷാപണ്ഡിതനായിരുന്ന ഡോ. പന്മന രാമചന്ദ്രൻ നായർ സാർ ഉണ്ടായിരുന്നെങ്കിൽ ഈ വിഷമസന്ധിക്ക് ഒരു പരിഹാരം കണ്ടുതരുമായിരുന്നു.

ഇത്രയൊക്കെ പറയാൻ ചെറിയൊരു കാരണമുണ്ട്. ഫെബ്രുവരി 20 ന് വൈകിട്ട് നാലുമണിക്ക് അങ്ങ് കാസർകോട്ടു നിന്ന് സി .പി.എം സംസ്ഥാന സെക്രട്ടറി മാന്യശ്രീ എം.വി.ഗോവിന്ദൻമാസ്റ്രർ നയിക്കുന്ന 'ജനകീയ പ്രതിരോധ യാത്ര' ആരംഭിക്കുകയാണ്. കേന്ദ്ര അവഗണനയ്ക്കും വർഗീയതയ്ക്കുമെതിരെയുള്ള സി.പി.എമ്മിന്റെ പരമപവിത്രമായ പ്രതിഷേധത്തിന്റെ സൂചനയാണ് ഈ യാത്ര. കേരളത്തിലെ 'കമ്മ്യൂണിസ്റ്ര് താത്വികാചാര്യ പദവിക്ക് ' വേണ്ടി പോളിറ്ര് ബ്യൂറോ നടത്തുന്ന എൻട്രൻസ് പരീക്ഷ പാസായി കഴിഞ്ഞ ഗോവിന്ദൻ മാസ്റ്രർക്ക് ഇനി വാചാ പരീക്ഷ കൂടിയേ ബാക്കിയുള്ളൂ. വാക്കുകളെ ഏതു പരുവത്തിൽ വേണമെങ്കിലും വെണ്ണപുരട്ടി ഉരുട്ടിത്തള്ളാൻ കഴിയുന്ന അദ്ദേഹത്തെ തോല്പിക്കാൻ ഏതായാലും എം.എ.ബേബിക്കോ, ശ്രീമതി ടീച്ചർക്കോ ഒന്നും തത്കാലം കഴിയുകയുമില്ല. പിന്നെ ശരിക്കുള്ള പാണ്ഡിത്യം അളക്കാൻ കഴിവുള്ള ഇ.പി.ജയരാജനാവട്ടെ വിധികർത്താക്കളുടെ പാനലിൽ ഉൾപ്പെട്ടിട്ടുമില്ല. അതുകൊണ്ട് ഗോവിന്ദൻ മാസ്റ്റർ ഉയർന്ന റാങ്കിൽ താത്വികാചാര്യ പട്ടം ചൂടുമെന്നത് കട്ടായം.

യാത്രയെ അനുഗ്രഹിച്ച് ഉദ്ഘാടനം ചെയ്യാനെത്തുന്നത് മറ്റാരുമല്ല,​ 'കമ്മ്യൂണിസ്റ്ര് 'എന്ന പദത്തിന്റെ കേരളക്കരയിലെ ആൾരൂപമായി മാറിയിട്ടുള്ള സാക്ഷാൽ പിണറായി വിജയൻ സഖാവ്. പിണറായിയും ഗോവിന്ദൻ മാസ്റ്ററും കൂടി ചേരുമ്പോൾ അരം പ്ളസ് അരമായി മാറുമെന്ന് കുട്ടിസഖാക്കളുടെ ആവേശം. കാസർകോട്ടേക്കുള്ള പിണറായിയുടെ വരവിനെക്കുറിച്ച് പറയുമ്പോൾത്തന്നെ നമ്മൾ അറിയാതെ ഒ.എൻ.വി സാറിനെ ഓർത്തുപോവും.

'മാരനെയല്ല, മണാളനെയല്ല, നിൻ
മാനം കാക്കുമൊരാങ്ങളയെ!
കുതിരപ്പുറത്തു തന്നുടവാളുമായവൻ
കുതികുതിച്ചെത്തുന്നതെന്നാവോ..?... ഇങ്ങനെയൊക്കെ പാടാൻ വെമ്പിനിൽക്കുന്ന സഖാക്കൾക്ക് മുന്നിലേക്കാണ് ഹെലിക്കോപ്റ്ററിലേറി നമ്മുടെ പിണറായി സഖാവ് എത്തുക. (കുതിരപ്പുറത്ത് വരാൻ ആഗ്രഹമില്ലാഞ്ഞല്ല, മൃഗസ്നേഹികൾ വിവാദമാക്കിയാലോ എന്ന് ശങ്കിച്ചാണ്).

പത്മന രാമചന്ദ്രൻനായർ സാർ ഇല്ലാതെ പോയതിനാൽ ഇവിടെ ഉരുത്തിരിയുന്ന ഒരു സംശയമാണ് ഇത്രയൊക്കെ വിസ്തരിക്കാൻ കാരണം. ജനകീയ പ്രതിരോധയാത്ര എന്നത് കൊണ്ട് യഥാർത്ഥത്തിൽ വിവക്ഷിക്കുന്നതെന്താണ് ? ജനങ്ങളെ പ്രതിരോധിക്കാനുള്ള യാത്രയാണോ, ജനങ്ങളാൽ നടത്തപ്പെടുന്ന യാത്രയാണോ ജനങ്ങൾക്ക് വേണ്ടിയുള്ള യാത്രയാണോ. ആകെ 'കൺഫൂഷനായി' .ആർക്കും ഒന്നും മനസിലായില്ലെങ്കിലും ഗോവിന്ദൻ മാസ്റ്രർ അതിനൊരു വ്യാഖ്യാനം തരും. പിന്നെ കൂടുതൽ വിശദീകരിക്കാൻ സി.പി.എമ്മിന്റെ 'നവീനകാല ബൗദ്ധിക പ്രഭവകേന്ദ്രം 'എം.സ്വരാജ് യാത്രാ സംഘത്തിലുണ്ട്. പിന്നെ ആവശ്യമെന്ന് കണ്ടാൽ ഉപ്പേരിവറക്കും പോലെ കാര്യങ്ങൾ സഗൗരവം വിശദമാക്കാൻ ചാതുരിയുള്ള എം.എം.മണിസഖാവുമുണ്ടല്ലോ.

പരസ്യമായി നേരംനോക്കുന്ന പതിവൊന്നും കേരളത്തിലെ കമ്മയൂണിസ്റ്രുകാർക്കില്ല. ജനകീയ പ്രതിരോധയാത്രയുടെ കാര്യത്തിലും നേരക്കുറി എഴുതിച്ചില്ലെങ്കിലും പറ്റിയ സമയത്താണ് വടക്കൂന്ന് തെക്കോട്ടുള്ള യാത്ര. തലയിൽ ചുവപ്പു തുണികെട്ടി ചുവപ്പു ഷർട്ടും ധരിച്ച് യാത്രയെ സ്വീകരിക്കാൻ അർജ്ജുൻ ആയങ്കി ആൻഡ് കമ്പനിയും ആകാശ് തില്ലങ്കേരി ആൻഡ് കമ്പനിയുമൊന്നും കാണില്ലെന്നൊരു ചെറിയ പോരായ്മയുണ്ട്. എങ്കിലും അത് കോമ്പൻസേറ്ര് ചെയ്യാൻ അവരുടെ അടുത്ത നിരകാണുമല്ലോ. ചക്കരയും തേങ്ങയും വിഷവും കുഴച്ചു വച്ചിട്ട് എലിയെ ആകർഷിക്കാൻ കാത്തുനിൽക്കും പോലെ നേരത്തെ ഗോവിന്ദൻ മാസ്റ്ററുടെ കുഴഞ്ഞുകുഴഞ്ഞുള്ള ഒരു ക്ഷണമുണ്ടായിരുന്നു, മുസ്ലിം ലീഗിന്. ചില കെണികളിൽ നേരത്തെ വീണിട്ടും പാഠം വേണ്ടപോലെ പഠിക്കാത്ത പി.കെ.കുഞ്ഞാലിക്കുട്ടി, സി.പി.എം വക ചക്കരയും തേങ്ങയും ഒന്നു നുണയാൻ നോക്കിയെങ്കിലും പെട്ടെന്ന് അപകടം മണത്ത് പിൻവലിഞ്ഞു. ലീഗിന് ചക്കരയും തേങ്ങയും വയ്ക്കുകയും സഭാമേലദ്ധ്യക്ഷന്മാരുടെയും സാമുദായിക നേതാക്കളുടെയും പ്രീതിക്കായി രക്തപുഷ്പാഞ്ജലി നടത്തുകയും ചെയ്യുന്നവരാണ് വർഗീയയ്ക്കെതിരെ കഷ്ടപ്പെട്ട് യാത്ര നടത്തുന്നത്. കണ്ണൂരിലൂടെയും കോഴിക്കോട്ടു കൂടെയും ഒക്കെ യാത്ര നീങ്ങുമ്പോൾ എന്താവും നേതാക്കൾക്ക് വിശദീകരിക്കാനുണ്ടാവുക.

സാമ്പത്തിക ഞെരുക്കം കൊണ്ട് അട്ടചുരുളും പോലെ വളഞ്ഞു കുത്തുന്ന സർക്കാരിന്റെ നേട്ടങ്ങളോ, ഉപ്പുതൊട്ട് കർപ്പൂരത്തിന് വരെ വില കയറ്റിവയ്ക്കാനുള്ള പശ്ചാത്തല സംവിധാനം ഒരുക്കുന്ന ഭരണധിഷണയോ, ലഹരിപ്പെരുക്കത്തിൽ ഉന്മത്തരായി ഉറഞ്ഞുതുള്ളുന്ന അക്രമകാരികൾക്ക് കടിഞ്ഞാണിട്ട വീരകഥകളോ, കൊള്ളരുതായ്മകൾക്കെതിരെ ശബ്ദിക്കുന്നവന്റെ നാവ് ക്ളിപ്പിട്ടു വയ്ക്കുന്ന സ്വേച്ഛാധിപത്യ ശൈലിയുടെ മേന്മയോ... പറയാൻ പോകുന്നത് എന്തെന്ന് ഒരു നിശ്ചയവുമില്ല. ആകെയുള്ളത് ഒരാശ്വാസം മാത്രം. എത്രവലിയ പ്രതിഷേധജ്വാല ഉയർന്നാലും നമ്മുടെ ഇരട്ടചങ്കുള്ള മുഖ്യന് ഒരു പോറൽപോലും വരില്ലല്ലോ എന്നത് മാത്രം. നാൽപ്പത് സുരക്ഷാവാഹനങ്ങൾക്കിടയിൽ , കറുത്ത ക്രിസ്റ്റ കാറിൽ മുഖംതാഴ്തി നീങ്ങുന്ന മുഖ്യനെ ഒരു പ്രതിഷേധക്കാരനും കണ്ടുപിടിക്കില്ലെന്ന വിശ്വാസം.

എങ്കിലും യാത്രയുടെ കാലത്ത് പുറത്തേക്ക് വരുന്ന ചില വിവരങ്ങൾ അത്ര ശുഭസൂചകമോ എന്നതാണ് സംശയം. മട്ടന്നൂരിലെയും പെരിയയിലെയും രാഷ്ട്രീയ കൊലപാതക കേസുകളിലെ പ്രതികളെ രക്ഷിക്കാൻ 2.11 കോടി സർക്കാർ ചെലവഴിച്ചതിന്റെ കണക്ക് ചില ദുഷ്ടബുദ്ധികൾ പുറത്തു വിട്ടിട്ടുണ്ട്. മട്ടന്നൂരിലെ ഷുഹൈബ് കൊലപാതക കേസിലെ പ്രതികളിലൊരാളായ ആകാശ് തില്ലങ്കേരി തിരിഞ്ഞു കൊത്തിയപ്പോൾ പാർട്ടിയിലെ പല‌ർക്കും നൊന്തുതുടങ്ങി. ഇനിയും എത്രയോ തിരിഞ്ഞ് കൊത്തലുകൾ വന്നേക്കാം. രാഷ്ട്രീയ കൊലപാതകങ്ങളുടെ കടിഞ്ഞാൺ ഏന്തിയ കരങ്ങൾ ആരുടേതെന്നതടക്കമുള്ള എന്തെല്ലാം ഇനി പുറത്തേക്ക് വന്നേക്കാം. ഗോവിന്ദൻ മാസ്റ്രറും കൂട്ടരും ഇങ്ങ് തലസ്ഥാനത്തെത്തി കലാശപ്രസംഗം നടത്തുന്നതിനിടയിൽ എത്ര ബ്രേക്കിംഗ് ന്യൂസുകൾ ചാനൽ സ്ക്രീനുകളിൽ തെളിഞ്ഞേക്കാം.

പണ്ടൊക്കെ ഇത്തരം യാത്രകൾ നടത്തുമ്പോൾ ആവേശക്കൂറു കാട്ടാൻ പാർട്ടി അംഗത്വമില്ലെങ്കിലും വഴിയോരങ്ങളിൽ കാത്തുനിൽക്കാൻ ഏറെപ്പേരുണ്ടായിരുന്നു, ഇപ്പോഴും വരുമോ അത്തരം കൂട്ടങ്ങൾ. 'എള്ളുണങ്ങിയാൽ എണ്ണ കിട്ടും, എലിക്കാട്ടമുണങ്ങിയാൽ എന്തുകിട്ടാ'നെന്ന് ജനം ചിന്തിച്ചു തുടങ്ങും വൈകാതെ.

ഇതുകൂടി കേൾക്കണേ

സി.പി.എം പ്രതികളെ രക്ഷിക്കാൻ 2.11 കോടി ചെലവഴിച്ചത് സർക്കാർ ഖജനാവിൽ നിന്നാണ് , പാർട്ടി ഫണ്ടിൽ നിന്നല്ല. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ കൂടി നൽകുന്ന നികുതി പണത്തിൽ നിന്നാണ്. അതുകൂടി യാത്രാവേളയുടെ ഇടവേളകളിൽ ഓർത്താൽ നന്ന്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PINARAYI
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.