SignIn
Kerala Kaumudi Online
Saturday, 02 August 2025 4.03 AM IST

അവയവദാനം കടമ്പകൾ കുറയുന്നു

Increase Font Size Decrease Font Size Print Page

photo

അവയവദാനവുമായി ബന്ധപ്പെട്ട നയത്തിലും ചട്ടങ്ങളിലും കേന്ദ്രസർക്കാർ കാതലായ ചില മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ്. മറ്റൊരാളുടെ അവയവം സ്വീകരിക്കുന്നതിനുള്ള പ്രായപരിധി ഉപേക്ഷിച്ചതാണ് ഇതിൽ പ്രധാനം. 65 കഴിഞ്ഞവരെ അവയവങ്ങൾ സ്വീകരിക്കുന്നതിൽ നിന്ന് മാറ്റിനിറുത്തിയിരിക്കുകയായിരുന്നു. ഈ നിബന്ധന പുതിയ നയമനുസരിച്ച് എടുത്തുകളഞ്ഞു. ഇതോടെ മുതിർന്ന പൗരന്മാർക്കും അവയവങ്ങൾ സ്വീകരിച്ച് ആയുസ് ദീർഘിപ്പിക്കാൻ സാദ്ധ്യമാകും.

അവയവദാനം മഹത്തായ സത്കൃത്യമായി കണക്കാക്കാൻ തുടങ്ങിയതോടെ രാജ്യത്ത് വളരെയധികം രോഗികൾക്ക് പുതുജീവൻ ലഭിക്കുന്നുണ്ട്. പരപ്രേരണയില്ലാതെ മരണാനന്തര അവയവദാനത്തിനുള്ള സമ്മതപത്രം നല്‌കാൻ ധാരാളം പേർ ഇപ്പോൾ മുന്നോട്ടുവരുന്നുണ്ട്. അപകടങ്ങളിൽപ്പെട്ട് മസ്തിഷ്കമരണം സംഭവിച്ച എത്രയോ കേസുകളിൽ അവയവദാനത്തിലൂടെ നിരവധിപേർ ജീവിതത്തിലേക്കു തിരിച്ചുവരാറുണ്ട്. നിലവിലുള്ള നയം മാറ്റിയതോടെ ഇനിമുതൽ 65 വയസു കഴിഞ്ഞ രോഗികൾക്കും മുൻഗണനാക്രമത്തിൽ അവയവമാറ്റത്തിന് അർഹതയുണ്ടാകും. അവയവ മാറ്റത്തിനായുള്ള രജിസ്ട്രേഷൻ ഫീസും ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്തെവിടെയുമുള്ള ആശുപത്രികളെ അവയവ മാറ്റത്തിനായി സമീപിക്കാനുള്ള അവസരവും നല്‌കിയിട്ടുണ്ട്. നിലവിൽ അതതു സംസ്ഥാനത്ത് മാത്രം ഒതുങ്ങുന്നതായിരുന്നു ഇതിനുള്ള രജിസ്ട്രേഷൻ.

അവയവദാനത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം വർദ്ധിച്ചതാണ് സംസ്ഥാനത്ത് അവയവമാറ്റ ശസ്ത്രക്രിയകൾ ഉയരാൻ കാരണം. 2013-ൽ അയ്യായിരത്തിനടുത്തായിരുന്നു ശസ്ത്രക്രിയ. കഴിഞ്ഞ വർഷമായപ്പോഴേക്കും അത് 15556 ആയി വർദ്ധിച്ചു. ഇവയിൽ 11423- ഉം വൃക്ക മാറ്റിവയ്ക്കാൻ വേണ്ടിയുള്ളതായിരുന്നു. വൃക്കരോഗത്തിന്റെ വ്യാപനമാണ് ഈ കണക്കുകൾ എടുത്തുകാണിക്കുന്നത്. മലയാളികളുടെ ജീവിതശൈലിയിലും ആഹാരരീതികളിലും വന്ന മാറ്റങ്ങൾ ജീവിതശൈലീരോഗങ്ങൾ എളുപ്പം ക്ഷണിച്ചുവരുത്തുകയാണ്.

മരണാനന്തര അവയവദാനത്തിനുള്ള ചട്ടങ്ങളിൽ വരുത്തിയ ഭേദഗതിയനുസരിച്ച് മുതിർന്ന പൗരന്മാർക്ക് ഇനി മുൻഗണന ലഭിക്കുമെങ്കിലും പ്രഥമ പരിഗണന യുവാക്കൾക്കു തന്നെയാകും. രോഗം പിടിപെട്ട് ഇളംപ്രായത്തിൽ ലോകം വിട്ടുപോകുന്നത് കുടുംബത്തിനും രാജ്യത്തിനും തീരാനഷ്ടമാകുമെന്ന കണക്കുകൂട്ടലിലാണ് ഈ തീരുമാനം. പതിനെട്ടു വയസിനു മുകളിലുള്ള ആർക്കും മരണാനന്തര അവയവദാനത്തിനുള്ള സമ്മതപത്രം നല്‌കാൻ അവസരമുണ്ടാകും. ഈ വിഷയത്തിൽ ഇനിയും കൂടുതൽ ബോധവത്‌കരണം ഉണ്ടാകേണ്ടിയിരിക്കുന്നു. അനവധി ജീവിതങ്ങളെ രോഗക്കിടക്കകളിൽ നിന്ന് ആരോഗ്യത്തോടെ മടക്കിക്കൊണ്ടുവരാൻ അവയവദാനമെന്ന പുണ്യപ്രവൃത്തിയിലൂടെ സാധിക്കും. അതു സാദ്ധ്യമാക്കാൻ ആതുരരംഗത്തു പ്രവർത്തിക്കുന്നവരുടെ കൂട്ടായ ശ്രമങ്ങളാണു ഉണ്ടാകേണ്ടത്.

കേരളത്തിൽ വിവിധ അവയവങ്ങൾക്കായി മൂവായിരത്തിലേറെ പേർ ഇതിനായുള്ള മൃതസഞ്ജീവനിയിൽ രജിസ്റ്റർ ചെയ്തു കാത്തിരിപ്പുണ്ട്. ഇതിൽ 2269 പേർ വൃക്കയ്ക്കായി ഉൗഴം കാത്തിരിക്കുന്നവരാണ്. കരൾ രോഗികളാണ് തൊട്ടടുത്തു വരുന്നത്. 782 പേർ കരൾ മാറ്റിവയ്ക്കാൻ രജിസ്റ്റർ ചെയ്തവരാണ്. പരഹൃദയത്തിനായി കാത്തിരിക്കുന്നവർവരെ കൂട്ടത്തിലുണ്ട്. മാറ്റിവയ്ക്കാൻ സാദ്ധ്യമായ എല്ലാ അവയവത്തിനായും രോഗികൾ ക്യൂവിലുണ്ട്.

അവയവദാന ചട്ടങ്ങളിൽ പുതുതായി കൊണ്ടുവന്ന മാറ്റങ്ങൾ ആശാവഹമായ പ്രതിഫലനങ്ങൾ സൃഷ്ടിക്കുമെന്നു പ്രതീക്ഷിക്കാം. മരണാനന്തര അവയവമാറ്റത്തിന് കൂടുതൽ പ്രചാരം നല്‌കാനായാൽ ഏറെ ഗുണകരമാവും. സമൂഹം മാറിച്ചിന്തിച്ചാലേ ഈ വിഷയത്തിലുള്ള ധാരണകളും സങ്കുചിതത്വവുമൊക്കെ ക്രമേണയെങ്കിലും മാറ്റിയെടുക്കാനാവൂ. അവയവമാറ്റം കൂടുതൽ സുഗമമാക്കുന്നതിന് ദേശീയപോർട്ടലും വരാൻപോവുകയാണ്. രാജ്യത്തെവിടെനിന്നും രോഗികൾക്ക് ഇതിൽ രജിസ്റ്റർ ചെയ്യാം. ഇഷ്ടമുള്ള ആശുപത്രി തിരഞ്ഞെടുത്ത് അവിടെചെന്ന് അവയവം സ്വീകരിക്കാനും അവസരം ലഭിക്കും.

TAGS: ORGAN DONATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.