ന്യൂഡൽഹി: മദ്യനയക്കേസിൽ ഇന്നലെ സി.ബി.ഐയ്ക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാവില്ലെന്നും ഒരാഴ്ച സമയം അനുവദിക്കണമെന്നുമുള്ള ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ആവശ്യം സി.ബി.ഐ അംഗീകരിച്ചു. ധനമന്ത്രി കൂടിയായ താൻ ബഡ്ജറ്റ് അവതരണ നടപടികളുമായി തിരക്കിലായതിനാൽ സമയം നൽകണമെന്ന് സിസോദിയ ഇന്നലെ രാവിലെയാണ് സി.ബി.ഐയെ അറിയിച്ചത്. അന്വേഷണ ഏജൻസികളോട് സഹകരിക്കുന്ന ആളാണെന്നും ഫെബ്രുവരി അവസാനത്തോടെ ചോദ്യം ചെയ്യലിന് ഹാജരാവാമെന്നും അദ്ദേഹം സി.ബി.ഐയെ അറിയിച്ചു.
അറസ്റ്റ് ചെയ്യാനാണ് നീക്കം
സി.ബി.ഐ അറസ്റ്റ് ചെയ്യുമെന്നറിയാമെന്നും അതുകൊണ്ടാണ് ബഡ്ജറ്റ് നടപടികൾ പൂർത്തിയാക്കാൻ കൂടുതൽ സമയം ചോദിച്ചതെന്നും സിസോദിയ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഒരു ചോദ്യത്തിൽ നിന്നും ഒളിച്ചോടുന്നില്ല. അറസ്റ്റിനെ ഭയക്കുന്നില്ലെന്നും എങ്ങോട്ടും ഓടിപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു. ബഡ്ജറ്റ് നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ കഷ്ടപ്പെടുകയാണ്. ഇതിനിടയിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് ലഭിച്ചത്. സമയം വളരെ നിർണ്ണായകമാണ്. ബഡ്ജറ്റ് ഡൽഹിയിലെ ജനങ്ങളുമായി ബന്ധപ്പെട്ട കാര്യമാണെന്നും സിസോദിയ പറഞ്ഞു. സി.ബി.ഐ യുടെ ഈ നടപടി രാഷ്ട്രീയക്കളിയാണ്. ഡൽഹി മേയർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി ബി.ജെ.പിക്ക് പ്രതികൂലമായതോടെ പിറ്റേദിവസം തനിക്ക് നോട്ടീസ് നൽകുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.
ഭയമെന്ന് ബി.ജെ.പി
ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഭയം കൊണ്ടാണ് സി.ബി.ഐയ്ക്ക് മുന്നിൽ ഹാജരാകാത്തതെന്ന് ബി.ജെ.പി ആരോപിച്ചു. ബഡ്ജറ്റിന്റെ പേരിൽ അദ്ദേഹം ഒഴിവുകഴിവുകൾ പറയുകയാണ്. അദ്ദേഹത്തിന്റെ ശരീരഭാഷ ഭയത്തെയാണ് സൂചിപ്പിക്കുന്നത്. ഇന്നലെ വരെ പറഞ്ഞിരുന്നത് ഒരു അഴിമതിയും നടന്നിട്ടില്ലെന്നാണ്. സി.ബി.ഐയുടെ ചോദ്യങ്ങളെ സിസോദിയ ഭയക്കുന്നുണ്ടോയെന്നും ഡൽഹി ബി.ജെ.പി വക്താവ് ഹരീഷ് ഖുറാന ചോദിച്ചു.
കുറ്റപത്രം സമർപ്പിച്ചു മൂന്ന് മാസത്തിന് ശേഷമാണ് സിസോദിയയെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. പുതിയ തെളിവുകൾ ലഭിച്ചതിന് ശേഷമാണ് വീണ്ടും ചോദ്യം ചെയ്യൽ. വ്യവസായിയും മലയാളിയുമായ വിജയ് നായർ അടക്കം ഏഴ് പ്രതികളാണ് മദ്യനയക്കേസിലുള്ളത്.
കുരുക്ക് മുറുക്കി സി.ബി.ഐ
നിയമ വിരുദ്ധമായി സർക്കാർ ചെലവിൽ സമാന്തര അന്വേഷണ സംഘത്തിന് രൂപം നൽകിയതിന് കേസെടുക്കാനാണ് സി.ബി.ഐ പുതിയ തീരുമാനം. ഇത് സംബന്ധിച്ച് സി.ബി.ഐ ഡൽഹി ലഫ്റ്റനന്റ് ഗവർണറോട് അനുമതി തേടി. 2015 ൽ എ.എ.പി ഡൽഹിയിൽ അധികാരത്തിലെത്തിയ ഉടനെ മനീഷ് സിസോദിയ വിജിലൻസ് മേധാവിയുടെ ചുമതലകൂടി വഹിക്കുമ്പോഴാണ് ഡൽഹി സർക്കാർ ഒരു സീക്രട്ട് ഫീഡ്ബാക്ക് യുണിറ്റ് സ്ഥാപിക്കുന്നത്. 2015 സെപ്തംബറിലെ മന്ത്രിസഭ യോഗത്തിലായിരുന്നു തീരുമാനം. 2016 ഫെബ്രുവരി ഒന്ന് മുതൽ യൂണിറ്റ് പ്രവർത്തനം തുടങ്ങി. ഒരു കോടി രൂപയാണ് യൂണിറ്റിന്റെ പ്രവർത്തനത്തിന് പ്രാഥമികമായി അനുവദിച്ചത്. രഹസ്യ വിവരം നൽകുന്നവർക്ക് പണം നൽകിയ വകയിൽ മാത്രം 36 ലക്ഷം രൂപ ഖജനാവിൽ നിന്ന് ചെലവഴിച്ചു. ഇത് സംബന്ധിച്ച് ഡൽഹി പൊലീസിന്റെ വിജിലൻസ് റിപ്പോർട്ട് അടിസ്ഥാനമാക്കി രണ്ട് കേസുകളെടുക്കാനാണ് സി.ബി.ഐ കഴിഞ്ഞ മാസം 12 -ന് ലെഫ്റ്റനന്റ് ഗവർണ്ണറോട് അനുമതി തേടിയത്. ഗവർണ്ണർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് നിർദേശം തേടിയിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |