രണ്ടുപേരെ ഉടൻ പിരിച്ചുവിടും
തിരുവനന്തപുരം: ഗുരുതരകുറ്റം ചെയ്യുന്ന പൊലീസുദ്യോഗസ്ഥരെ പിരിച്ചുവിടാനുള്ള നടപടികൾ രാഷ്ട്രീയ ഇടപെടലിലൂടെ മരവിപ്പിച്ച് പൊലീസിലെ ക്രിമിനലുകളെ രക്ഷിക്കാനുള്ള ഒത്തുകളി മുഖ്യമന്ത്രി തടഞ്ഞു. ഗുരുതര കേസുകളിൽപ്പെട്ട 59ഉദ്യോഗസ്ഥരിൽ 12പേരെ ഉടൻ പിരിച്ചുവിടാൻ തുടങ്ങിവച്ച നടപടികൾ വേഗത്തിലാക്കണമെന്നും ഇക്കാര്യത്തിൽ വീഴ്ച പാടില്ലെന്നും ഡി.ജി.പി അനിൽകാന്തിനോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഇന്നലെ പൊലീസ് ആസ്ഥാനത്ത് ഉന്നത പൊലീസുദ്യോഗസ്ഥരുടെ യോഗത്തിനു ശേഷം ഡി.ജി.പി ക്ലിഫ്ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടപ്പോഴാണ് ഈ നിർദ്ദേശം നൽകിയത്. മുഖ്യമന്ത്രിയുടെ നിർദ്ദേശം അട്ടിമറിച്ച് പൊലീസിലെ ക്രിമിനലുകളുടെ പിരിച്ചുവിടലിന് തുടക്കത്തിലേ പൂട്ടിട്ടതായി കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഇതേത്തുടർന്നാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.
12പേരെ പിരിച്ചുവിടാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും നോട്ടീസ് നൽകിയ രണ്ടുപേരെ ഉടൻ പിരിച്ചുവിടുമെന്നും നടപടിക്രമങ്ങളേറെയുള്ളതിനാലാണ് കാലതാമസമുണ്ടാവുന്നതെന്നും ഡി.ജി.പി മുഖ്യമന്ത്രിയെ അറിയിച്ചു. കുറ്റക്കാരുടെ റാങ്ക് പരിഗണിക്കാതെ അതിശക്തമായ നടപടി ഉറപ്പാക്കണമെന്നും ഇനി പരാതികളുണ്ടാവരുതെന്നും ക്രിമിനലുകൾ പൊലീസിൽ വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഗുരുതരക്രിമിനൽ കേസുകളും ഗുണ്ടാ-മാഫിയാ ബന്ധവുമുള്ള പൊലീസുദ്യോഗസ്ഥരുടെ പട്ടിക ജില്ല പൊലീസ് മേധാവിമാർ അടിയന്തരമായി നൽകണമെന്നും വകുപ്പുതല പരിശോധനയ്ക്കുശേഷം ജില്ല, റേഞ്ച് തലത്തിൽ നടപടിയെടുക്കണമെന്നും ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഡി.ജി.പി നിർദ്ദേശിച്ചു.
പീഡനക്കേസുകളിലെ പ്രതികളും അന്വേഷണം അട്ടിമറിച്ചവരുമായ നാലു പേരെ ഇതുവരെ പിരിച്ചുവിട്ടു. രണ്ട് ഡിവൈ.എസ്.പിമാരടക്കം ആറ് പേർ സസ്പെൻഷനിലാണ്.
ഡി.ജി.പിയുടെ നിർദ്ദേശങ്ങൾ
പൊലീസിലെ ക്രിമിനലുകൾക്കെതിരായ നടപടി ജില്ല പൊലീസ് മേധാവിമാർ വേഗത്തിലാക്കണം. ക്രിമിനലുകൾക്കെതിരായ നടപടിയിൽ റാങ്ക് വ്യത്യാസം വേണ്ട. നിയമത്തിന്റെ പഴുതുപയോഗിച്ച് രക്ഷപെടാൻ അവസരമുണ്ടാവരുത്. ഇതിനായി നിയമോപദേശം തേടണം. ഡി.ഐ.ജിമാരും എസ്.പിമാരും പൊലീസിലെ ക്രിമിനലുകളുടെ പട്ടിക കൃത്യമായ ഇടവേളകളിൽ നൽകണം. ക്രിമിനലുകളെ കണ്ടെത്താൻ രഹസ്യാന്വേഷണം ഉറപ്പാക്കണം. ആഴ്ചതോറും സ്പെഷ്യൽബ്രാഞ്ച് ഉദ്യോഗസ്ഥരുടെ യോഗംവിളിക്കണം.
ഉടൻ നടപ്പിലാവുന്നവ
ഗുരുതര കേസുകളിൽ പ്രതികളായവരെയും കേസുകൾ അട്ടിമറിച്ചവരെയും പിരിച്ചുവിടും
ഗുണ്ടാ, മാഫിയാ ബന്ധമുള്ളവരെ ഉടൻ സസ്പെൻഡ് ചെയ്യും
സംശയമുള്ളവരെ ക്രമസമാധാന ചുമതലയിൽ നിന്നൊഴിവാക്കും, സ്ഥലം മാറ്റും
ഭൂമി, പണമിടപാടുകൾക്ക് മദ്ധ്യസ്ഥരായവർക്കും സസ്പെൻഷൻ
ഗുണ്ടകളുടെ ക്വട്ടേഷന് ഒത്താശ ചെയ്താൽ സസ്പെൻഷനും ക്രിമിനൽ കേസും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |