
മലപ്പുറം: ബസിൽ വച്ച് സ്‌ത്രീകൾക്ക് നേരെ അതിക്രമമുണ്ടാകുന്നത് സ്ഥിരം വാർത്തയാണ്. ചിലർ ഇതിനെതിരെ പ്രതികരിക്കുമ്പോൾ മറ്റുചിലരാകട്ടെ ഭയം കാരണം ശബ്‌ദിക്കാൻ പോലും കഴിയാതെ വരുന്നു. എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്‌തമായ സംഭവമാണ് അടുത്തിടെ സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. പയ്യന്നൂർ - രാമന്തളി റൂട്ടിൽ സർവീസ് നടത്തുന്ന 'അൽ അമീൻ' ബസിലായിരുന്നു സംഭവം.
ഷിംജിത മുസ്തഫ എന്ന യുവതിയാണ് ലൈംഗികാതിക്രമം ആരോപിച്ച് ബസിനുള്ളിലെ വീഡിയോ എടുത്തത്. ഇത് വൈറലായിരുന്നു. സംഭവത്തിന് പിന്നാലെ ആരോപണവിധേയനായ ദീപക് ആത്മഹത്യ ചെയ്യുകയും ചെയ്‌തു. യുവതിയെടുത്ത വീഡിയോയിൽ ദീപക് മനഃപൂർവം ഉപദ്രവിക്കുന്നതായി കാണാൻ കഴിഞ്ഞിരുന്നില്ല. അതിനാൽത്തന്നെ യുവതിക്കെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം ഉയരുകയാണ്. ദീപക്കിന്റെ ബന്ധുക്കൾ പരാതി നൽകിയതിന്റെ ഭാഗമായി യുവതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇപ്പോഴിതാ സംഭവത്തിന് പിന്നാലെ പല തരത്തിലുള്ള ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ബസിൽ ഒറ്റപ്പെട്ട് ഭയത്തോടെ നിൽക്കുന്ന പുരുഷന്മാരുടെ ചിത്രങ്ങളും ശരീരത്തിൽ മുഴുവൻ ക്യാമറ പിടിപ്പിച്ച് ബസിൽ നിൽക്കുന്ന പുരുഷന്റെയും ചിത്രങ്ങൾ ഉൾപ്പെടെ വൈറലാകുകയാണ്. അക്കൂട്ടത്തിൽ ഒന്നാണ് ബസിന് പുറകിൽ 'സ്‌ത്രീകൾ ഉണ്ട് ജാഗ്രതൈ, പുരുഷന്മാർ ചാരിത്ര്യം സ്വന്തം ഉത്തരവാദിത്തത്തിൽ സൂക്ഷിക്കേണ്ടതാണ്' എന്നിങ്ങനെ എഴുതി വച്ചിരിക്കുന്നത്. എഡിറ്റ് ചെയ്‌ത് വച്ചിരിക്കുന്നതാണെങ്കിലും ഈ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |