തിരുവനന്തപുരം: ജനോപകാരപ്രദമായ പദ്ധതികളെ തുരങ്കം വയ്ക്കാനും എതിർക്കാനും ഏതെങ്കിലും പ്രത്യേക മനഃസ്ഥിതിക്കാർ മുന്നോട്ടു വന്നാൽ അതിനു സർക്കാർ വഴങ്ങില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ വികസനം കണ്ട് രോഷാകുലരാകുന്ന എതിർ ശക്തികൾ അവരുടെ നിലപാട് കടുപ്പിക്കുകയാണ്. സർക്കാർ അവർക്ക് വഴങ്ങില്ല. അരലക്ഷം മുൻഗണന റേഷൻ കാർഡുകളുടെ വിതരണോദ്ഘാടനവും കേരളത്തിലെ 100 ശതമാനം റേഷൻ ഉപഭോക്താക്കളെയും ആധാർ കാർഡുമായി ബന്ധിപ്പിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ആദ്യത്തെ അഞ്ചു വർഷത്തെ ഭരണം വിലയിരുത്തി, ഇതുതന്നെയാണ് തുടരേണ്ടത് എന്ന ജനങ്ങളുടെ താത്പര്യമാണ് 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ചരിത്രത്തിലാദ്യമായി തുടർ ഭരണം സമ്മാനിച്ചത്. പ്രത്യേക മനഃസ്ഥിതിക്കാരുടെ മനസ്സു മാറ്റാമെന്ന വ്യാമോഹം സർക്കാരിനില്ല. ആ ശ്രമങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ജനങ്ങൾ അല്പം പരിഹാസത്തോടെയാണ് ഇവരുടെ നീക്കങ്ങളെ നോക്കിക്കാണുന്നത്. ഇതൊന്നും നാടിന്റെ വികസനത്തെയോ ജനങ്ങളുടെ ക്ഷേമത്തെയോ നാടിന്റെ നല്ല ഭാവി കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളെയോ ബാധിക്കരുത് എന്നാണ് സർക്കാരും ജനങ്ങളും ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അയ്യങ്കാളി ഹാളിൽ നടന്ന ചടങ്ങിൽ കേരള റേഷൻ വ്യാപാരി ക്ഷേമനിധി ബോർഡിന്റെ ഔദ്യോഗിക വെബ്‌പോർട്ടൽ മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. മന്ത്രി ജി.ആർ.അനിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ ഡോ.ഡി.സജിത് ബാബു, റേഷനിംഗ് കൺട്രോളർ മനോജ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |