കൊച്ചി: സിനിമ - ടെലിവിഷൻ താരം സുബി സുരേഷ് (42) അന്തരിച്ചു. കൊച്ചി രാജഗിരി ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇതിനിടെ ന്യുമോണിയ ബാധിച്ച് നില ഗുരുതരമാവുകയായിരുന്നു. ഇന്ന് രാവിലെ പത്ത് മണിക്കായിരുന്നു അന്ത്യം. മൃതദേഹം രാജഗിരി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം നാളെ വൈകിട്ട് നടക്കും.
സുബി സുരേഷിന്റെ അകാല വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം അറിയിച്ചു. ഏറെ ഭാവിയുള്ള ഒരു കലാകാരിയെയാണ് നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. ചലച്ചിത്ര, രാഷ്ടീയ രംഗത്തെ നിരവധി പ്രമുഖരും സുബിക്ക് അനുശോചനം അറിയിച്ചു.
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലായിരുന്നു സുബി ജനിച്ചത്. തൃപ്പൂണിത്തുറ സർക്കാർ സ്‌കൂളിലും എറണാകുളം സെന്റ് തെരേസാസിലുമായിരുന്നു സ്‌കൂൾ - കോളേജ് വിദ്യാഭ്യാസം. അച്ഛൻ: സുരേഷ്, അമ്മ: അംബിക, സഹോദരൻ: എബി സുരേഷ്. സ്‌കൂള്‍ പഠനകാലത്ത് ബ്രേക്ക് ഡാൻസിനോടായിരുന്നു സുബിക്ക് പ്രിയം. ഇതിലൂടെയാണ് കലാരംഗത്തേക്കെത്തിയത്. വിദേശരാജ്യങ്ങളിലും ധാരാളം സ്റ്റേജ് ഷോകൾ അവതരിപ്പിച്ചിട്ടുണ്ട്. സിനിമാല, കുട്ടിപ്പട്ടാളം തുടങ്ങിയ പരിപാടികളിലൂടെ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി.
രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. എൽസമ്മ എന്ന ആൺകുട്ടി, പഞ്ചവർണ തത്ത തുടങ്ങി ഇരുപതിലധികം സിനിമകളിൽ അഭിനയിച്ചു. അടുത്തിടെ യൂട്യൂബിലും സജീവമായിരുന്നു. കൊവിഡിന് ശേഷം സുബിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സുഹൃത്തുക്കൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |