മുംബയ്: പ്രശസ്ത നടി ഷെഫാലി ജാരിവാല ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. 42 വയസായിരുന്നു. ഇന്നലെ രാത്രി മുംബയിലായിരുന്നു അന്ത്യം. ഹൃദയാഘാതം ഉണ്ടായ ഉടൻ ഭർത്താവും നടനുമായ പരാഗ് ത്യാഗി മുംബയിലെ കൂപ്പർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും നടി മരിച്ചിരുന്നുവെന്നും മറ്റൊരു ആശുപത്രിയിൽ നിന്നാണ് എത്തിച്ചത് എന്നതിനാലും മൃതദേഹം പോസ്റ്റുമാേർട്ടത്തിനായി മാറ്റിയിരിക്കുകയാണെന്ന് കൂപ്പർ ആശുപത്രി അധികൃതർ അറിയിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കൂ എന്നും മെഡിക്കൽ ഓഫീസർ വ്യക്തമാക്കി.
അതിനിടെ, രാത്രി വൈകി മരണത്തെക്കുറിച്ച് അന്വേഷിക്കാൻ മുംബയ് പൊലീസ് അന്ധേരിയിൽ ഷെഫാലിയുടെ ഫ്ലാറ്റിൽ എത്തി. ഫ്ലാറ്റിനുള്ളിൽ പരിശോധന നടത്തിയെങ്കിലും പൊലീസ് ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും നടത്തിയിട്ടില്ല. ഫോറൻസിക് സംഘവും ഫ്ലാറ്റിൽ പരിശോധന നടത്തിയതോടെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ചിലകോണുകളിൽ നിന്ന് പ്രചാരണമുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
2002ൽ പുറത്തിറങ്ങിയ 'കാന്താ ലഗാ' എന്ന മ്യൂസിക് വീഡിയോയിലൂടെയാണ് ഷെഫാലി പ്രശസ്തയായത്. തുടർന്ന് സൽമാൻ ഖാന്റെ 'മുജ്‌സെ ഷാദി കരോഗി' എന്ന സിനിമയിൽ പ്രത്യക്ഷപ്പെട്ടു. 2019ൽ 'ബേബി കം നാ' എന്ന വെബ് സീരീസിലും അഭിനയിച്ചു. 'ബൂഗി വൂഗി', 'നാച്ച് ബലിയേ' തുടങ്ങിയ ജനപ്രിയ ഡാൻസ് റിയാലിറ്റി ഷോകളിലും അവർ പങ്കെടുത്തു.2015ലായിരുന്നു നടൻ പരാഗ് ത്യാഗിയുമായുള്ള വിവാഹം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |