തിരുവനന്തപുരം: പ്രമുഖ, ട്രേഡ് യൂണിയൻ നേതാവും രാഷ്ട്രീയ ജനതാദൾ സംസ്ഥാന വൈസ് പ്രസിഡന്റുമായ ചാരുപാറ രവി (77) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
വിതുര, ചാരുപാറ വസന്തവിലാസത്തിൽ ജനാർദനൻ ഉണ്ണിത്താന്റേയും സുമതിയമ്മയുടേയും മകനായി 1949ലായിരുന്നു ജനനം. പതിനെട്ടാം വയസിൽ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയിൽ അംഗമായിട്ടായിരുന്നു രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം. വിദ്യാഭ്യാസകാലത്ത് ഐഎസ്ഒയുടെ ഭാരവാഹിയായിരുന്നു. ജനതാപാർട്ടി മുതലുള്ള ജനതാദൾ പ്രസ്ഥാനങ്ങളുടെ ജില്ലാ, സംസ്ഥാന ഭാരവാഹിയായും നാഷണൽ കൗൺസിൽ അംഗമായും എക്സിക്യൂട്ടീവ് അംഗമായും പ്രവർത്തിച്ചു.
തൊഴിലാളി നേതാവ് എന്ന നിലയിൽ തോട്ടം മേഖലയിൽ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. മിനിമം വേതനം ആവശ്യപ്പെട്ട് വിവിധ എസ്റ്റേറ്റുകളിൽ എച്ച്എംഎസ് തൊഴിലാളികൾ നടത്തിയ ദീർഘകാലം സമരത്തെ എതിർപ്പുകൾക്കിടയിലും നയിച്ചു. അടിയന്തിരാവസ്ഥക്കാലത്ത് അറസ്റ്റിലാവുകയും പൊലീസിന്റെ ക്രൂരമർദനത്തിനിരയാവുകയും ചെയ്തിട്ടുണ്ട്. നാലു മാസം ജയിൽവാസം അനുഭവിക്കേണ്ടിവന്നു.
1980ൽ ജനതാ പാർട്ടി സ്ഥാനാർത്ഥിയായി ആര്യനാട് നിന്നും 1996 നെയ്യാറ്റിൻകര മണ്ഡലത്തിൽ നിന്നും 2009ൽ നേമത്തു നിന്നും നിയമസഭയിലേക്ക് മത്സരിച്ചു. റബ്ബർ ബോർഡ് വൈസ് ചെയർമാൻ, കെഎസ്ആർടിസി ഡയറക്ടർ ബോർഡംഗം, ദേവസ്വം ബോർഡംഗം, കാംകോ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ചായം സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗം, തൊളിക്കോട് ഗ്രാമപഞ്ചായത്ത് അംഗം, കിളിമാനൂർ കാർഷിക ഗ്രാമവികസന ബാങ്ക് ബോർഡംഗം, ആയുർവേദ കോളേജ് വികസന കമ്മിറ്റി അംഗം, മെഡിക്കൽ കോളേജ് വികസന കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തി ച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |