കുറച്ചുനാളുകൾക്ക് മുൻപ് കാനഡ സർക്കാർ 2.5 ഗ്രാം വരെയുള്ള ഹെറോയ്ൻ, കൊക്കെയ്ൻ എന്നിവ കടകളിലും മറ്റും വില്പന നടത്തുന്നത് നിയമവിധേയമാക്കി. മാരകമായ ശാരീരിക, മാനസിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ ശേഷിയുള്ള ഈ മയക്കുമരുന്നുകൾ നിയമപരമായി വില്പന നടത്താൻ അനുവദിച്ചുകൊണ്ടുള്ള തീരുമാനം കാനഡയിലെ ബ്രിട്ടീഷ് കോളംബിയ എന്ന സംസ്ഥാനത്താണ് ആദ്യമായി നടപ്പിലാക്കിയത്.
അമേരിക്കയിൽ കഴിഞ്ഞ ഒരു വർഷമായി ഏകദേശം മുപ്പതോളം സംസ്ഥാനങ്ങളിൽ മാരിജുവാന( കഞ്ചാവ് ) വിൽക്കുന്നതിന് നിയമാനുമതിയുണ്ട്. ന്യൂയോർക്ക് നഗരത്തിൽ വളരെ വലിയ ഷോറൂമുകളിലാണ് വില്‌പന ചെയ്യുന്നത്. ഇത്തരം വാർത്തകൾ നമ്മുടെ നാട്ടിലെ യുവജനങ്ങൾ വളരെ ആകാംക്ഷയോടെയാണ് കാണുന്നത് എന്നതിന് ഉദാഹരണമാണ് അടുത്തിടെ തിരുവനന്തപുരത്ത് മാനവീയം വീഥിയിൽ ഒരു കൂട്ടം ചെറുപ്പക്കാർ മയക്കുമരുന്ന് ഉപയോഗത്തിന് നിയമാനുമതി ലഭിക്കണമെന്ന ആവശ്യമുന്നയിച്ച് ധർണ നടത്തിയത്. അമേരിക്ക, കാനഡ മറ്റ് യൂറോപ്യൻ രാജ്യങ്ങൾ എന്നിവയുമായി തട്ടിച്ചുനോക്കിയാൽ സാക്ഷരത, ബൗദ്ധികത, സാമൂഹിക ജീവിത നിലവാരം എന്നീ കാര്യങ്ങളിൽ ഇന്ത്യൻ സംസ്ഥാനങ്ങളിൽ വിരലിലെണ്ണാവുന്ന ചിലത് ഒഴികെ ബാക്കിയുള്ളവ വളരെ പിന്നിലാണ്. യൂറോപ്യന്മാർ ഇത്തരം നിയമങ്ങൾ നിർമ്മിച്ചിരിക്കുന്നത് കേവലം വിനോദോപാധി എന്ന നിലയിൽ ജനങ്ങൾക്ക് ലഹരി ഉപയോഗിക്കാനുള്ള സൗകര്യത്തിന് വേണ്ടിയാണ്. അവിടെ ജനങ്ങൾ അത് പാലിക്കുകയും ചെയ്യും. ഇതേനിയമം നമ്മുടെ നാട്ടിൽ നടപ്പിലാക്കിയാൽ വിനോദോപാധി എന്നതിൽനിന്ന് വ്യത്യസ്തമായി രാപ്പകൽ മയക്കുമരുന്ന് ഉപയോഗിച്ച് നടക്കുന്നവരെ കാണേണ്ടിവരും.
കഞ്ചാവ് മാത്രം നിയമവിധേയമാക്കുന്നതിൽ എന്താണ് പ്രശ്നമെന്ന് ചോദിക്കുന്നവരുണ്ട്. അത് തികച്ചും സസ്യജന്യമായതും അപകടം താരമ്യേന കുറവുമാണല്ലോ എന്ന് അവർ വാദിക്കുന്നു. ഇത്തരക്കാർ ചില കാര്യങ്ങൾ മനസിലാക്കണം. കഞ്ചാവ് അപകടം കുറഞ്ഞതായിരിക്കാം. പക്ഷേ അത് അപകടരഹിതമാണെന്ന് അർത്ഥമില്ല. നിരന്തര ഉപയോഗം ഒരാളെ അടിമയും രോഗിയുമാക്കും. മറ്റൊന്ന്, കഞ്ചാവ് നിയമവിധേയമാക്കി എന്ന് കരുതുക. നിയമത്തിന്റെ പഴുതുകൾ ദുരുപയോഗം ചെയ്ത് മറ്റനേകം വിനാശകരമായ മയക്കുമരുന്നുകൾ കുട്ടികളടക്കമുള്ളവരുടെ കൈയിലെത്തും. മാത്രമല്ല കഞ്ചാവ് അനുവദിക്കാമെങ്കിൽ എന്തുകൊണ്ട് മറ്റ് മയക്കുമരുന്നുകൾക്ക് അനുമതി നൽകിക്കൂടാ എന്ന ചോദ്യത്തിന് മുന്നിൽ ഭരണകൂടങ്ങൾ ഉത്തരംമുട്ടി നിൽക്കേണ്ടി വരും. കൂടാതെ ഇപ്പോൾ രഹസ്യമായുള്ള ലഹരിഉപയോഗം പിന്നീട് പരസ്യമാകും.
എന്തുകൊണ്ടാണ് ഇക്കാര്യത്തിൽ സർക്കാരുകൾ പലപ്പോഴും നിസംഗഭാവം കൈകൊള്ളുന്നത്! കഞ്ചാവ് പോലുള്ള ചെറിയ ലഹരിവസ്തുക്കൾ കിട്ടുകയാണെങ്കിൽ മാരകമായ മറ്റ് ലഹരി വസ്തുക്കളിൽ നിന്ന് ഉപഭോക്താക്കൾ ഒഴിഞ്ഞു നിൽക്കുമെന്ന് അവർ കരുതുന്നുണ്ടാവും. അത് തെറ്റായ ധാരണയാണ്. കഞ്ചാവ് കൂടുതൽ ആളുകൾ ഉപയോഗിക്കുന്നു, അത് നിയന്ത്രിക്കാൻ സാധിക്കുന്നില്ല. അതുകൊണ്ട് നിയമവിധേയമാക്കണമെന്ന് പറയുന്നത് മണ്ടത്തരമാണ്. ഒരു പ്രദേശത്ത് ധാരാളം പോക്കറ്റടി നടക്കുന്നുണ്ടെങ്കിൽ അത് മാത്രമേ ഉണ്ടാവൂ മറ്റ് വലിയ കുറ്റകൃത്യങ്ങളൊന്നും ഉണ്ടാകില്ല, അതുകൊണ്ട് പോക്കറ്റടിക്കാരെ മൈൻഡ് ചെയ്യേണ്ട എന്ന് കരുതുന്നത് പോലെ ബാലിശമാണ്.
മുൻകാലങ്ങളിൽ സിഗരറ്റ്, ബീഡി മുതലായവയുടെ ഉപയോഗം പ്രായഭേദമന്യേ വളരെ കൂടുതലായിരുന്നു. എന്നാലിന്ന് സർക്കാർ തലത്തിൽ പുകയില ഉത്‌പന്നങ്ങൾക്കെതിരെയുള്ള ബോധവത്‌കരണം റേഡിയോ, ടിവി, തിയേറ്ററുകൾ എന്നീ മാദ്ധ്യമങ്ങളിലൂടെ ജനങ്ങൾക്ക് മുന്നിലെത്തുന്നു. അതുപയോഗിച്ചാൽ കാൻസർ വരുമെന്ന് എല്ലാവർക്കും അറിയാം. കൂടാതെ പാൻപരാഗ്, പാൻമസാല, ഹാൻസ് തുടങ്ങിയ പുകയില ഉത്പന്നങ്ങൾ നിയന്ത്രിക്കുന്നതിനായി സർക്കാർ നടപ്പിലാക്കിയിട്ടുള്ള നിയമമാണ് COTPA. ( Cigarettes and other tobacco products act). ഇതിന്റെ ഗുണകരമായ ഒരു ഫലം ജനങ്ങളിൽ സിഗരറ്റ് ഉപയോഗം കുറഞ്ഞു എന്നുള്ളതാണ്. വളരെ ചെറിയ ഒരു ശതമാനം മാത്രമാണ് ഇപ്പോഴും സിഗരറ്റ് ഉപയോഗിക്കുന്നവർ. അതും വിനോദവേളകളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. രാസലഹരികൾക്കെതിരെയും ഇതുപോലെയുള്ള ബോധവത്‌കരണം അത്യാവശ്യമാണ്.
പുകയില ഉത്‌പന്നങ്ങളുടെ ഉപയോഗം കൊണ്ട് മാത്രം രണ്ട് മുതൽ മൂന്ന് ലക്ഷം വരെ ആളുകൾക്ക് കാൻസർ ബാധിക്കുന്നു. വായിലുണ്ടാകുന്ന കാൻസറിന് രണ്ടുലക്ഷം പേരെങ്കിലും ചികിത്സയിലുണ്ട്. തൊണ്ട, ശ്വാസകോശം തുടങ്ങിയ അവയങ്ങളിലെ കാൻസർബാധയും ഒട്ടും കുറവല്ല. ഇന്ന് കേരളത്തിൽ മാത്രമാണ് പുകയില ഉത്‌പന്നങ്ങൾക്കെതിരെയുള്ള നടപടികളുണ്ടാകുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ കാര്യമായ നിയന്ത്രണം ഉണ്ടാകുന്നേയില്ല.
അമേരിക്കയിലും മറ്റും മയക്കുമരുന്നിന് അടിമയായ ഒരാൾക്ക് ഡോക്ടറുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ കുറേശ്ശേ മയക്കുമരുന്ന് നൽകി അളവ് കുറച്ചുകൊണ്ട് വരാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. തത്കാലം ഇന്ത്യയിൽ അതും പ്രായോഗികമല്ല. കാരണം നമ്മുടെ നാട്ടിൽ എന്തുതരം വ്യാജ സർട്ടിഫിക്കറ്റും ഉണ്ടാക്കാൻ കഴിവുള്ള വിരുതന്മാരുണ്ട്. അങ്ങനെയുള്ള സാഹചര്യത്തിൽ നിയമാനുസൃതം മയക്കുമരുന്ന് ലഭിക്കാൻ ഡോക്ടർ സർട്ടിഫിക്കറ്റുമായി വരുന്നവരെ എണ്ണിയാൽ തീരില്ല.
ഇക്കാര്യത്തിൽ പശ്ചാത്യരാജ്യങ്ങളെ നമ്മൾ അനുകരിക്കേണ്ടതില്ല. മയക്കുമരുന്നിന്റെ ലഭ്യതയും ഉപയോഗവും സമൂഹത്തിൽ കുറച്ചുകൊണ്ട് വരികയാണ് നമ്മൾ ചെയ്യേണ്ടത്. ഈ വിപത്തിനെ ഉന്മൂലനം ചെയ്യാൻ മാർഗം ഒന്നേയുള്ളൂ. നിയമം കർശനമാക്കുകയും ശിക്ഷ കഠിനമാക്കുകയും ചെയ്യുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |