സർക്കാരിന്റെ വിശ്വസ്തനും ഇഷ്ടക്കാരനുമായ പൊലീസ് മേധാവി അനിൽകാന്ത് ജൂൺ 30ന് പടിയിറങ്ങാനിരിക്കെ, അദ്ദേഹത്തിന്റെ പിൻഗാമിയെ കണ്ടെത്താൻ നടപടി തുടങ്ങിയിരിക്കുകയാണ് സർക്കാർ. പൊലീസ് മേധാവിയാവാൻ താത്പര്യമുള്ള സീനിയർ ഉദ്യോഗസ്ഥരുടെ പട്ടിക ആഭ്യന്തരവകുപ്പിന്റെ നിർദ്ദേശപ്രകാരം പൊലീസ് ആസ്ഥാനം തയ്യാറാക്കി. ഇത് പൊതുഭരണവകുപ്പ് വഴി കേന്ദ്രസർക്കാരിന് കൈമാറും. നിലവിലെ മേധാവി വിരമിക്കുന്നതിന് മൂന്ന് മാസം മുൻപ് പട്ടിക കേന്ദ്രത്തിലെത്തണം. അതായത് മാർച്ചിൽ തന്നെ പൊലീസ് മേധാവിയാകാൻ യോഗ്യരായവരുടെ പട്ടിക കേന്ദ്രസർക്കാരിന് ലഭിച്ചിരിക്കണം.
മുൻപ് രാഷ്ട്രീയ സ്വാധീനവും സീനിയോരിറ്റിയും മാത്രമായിരുന്നു പൊലീസ് മേധാവി നിയമനത്തിനുള്ള മാനദണ്ഡം. പക്ഷേ, ഇപ്പോൾ സംസ്ഥാന സർക്കാരിന് പൊലീസ് മേധാവി നിയമനത്തിൽ കാര്യമായ റോളില്ലെന്നതാണ് വാസ്തവം. കേന്ദ്രത്തിനാണ് ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാനാവുക. അതിനാൽ ഡൽഹിയിൽ പിടിയുള്ളവർ കസേര അടിച്ചെടുക്കുമെന്നാണ് പൊലീസിലെ അണിയറ വർത്തമാനം. പൊലീസ് മേധാവി നിയമനം യുപിഎസ്.സി പട്ടികയിൽ നിന്നു വേണമെന്ന സുപ്രീംകോടതി ഉത്തരവ്, രാഷ്ട്രീയതാത്പര്യം നോക്കിയുള്ള നിയമനത്തിന് തിരിച്ചടിയാണ്. മുതിർന്ന ഡിജിപിമാരുടെ പട്ടിക സർക്കാർ യു.പി.എസ്.സിക്ക് കൈമാറുകയും അവർ നൽകുന്ന പാനലിൽ നിന്ന് നിയമനം നടത്തണമെന്നുമാണ് ഉത്തരവ്.
30വർഷം സർവീസുള്ള ഐ.പി.എസ് ഉദ്യോഗസ്ഥരെയാണ് പൊലീസ് മേധാവിയാവാൻ പരിഗണിക്കുക. നിലവിൽ യോഗ്യരായ എട്ട് ഉദ്യോഗസ്ഥരുണ്ട്. ഇവരുടെ പട്ടിക മാർച്ചിൽ സംസ്ഥാനം കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന് കൈമാറണം. യു.പി.എസ്.സി ചെയർമാൻ, കേന്ദ്ര ആഭ്യന്തരസെക്രട്ടറി, കേന്ദ്രസേനകളിലൊന്നിന്റെ മേധാവി, സംസ്ഥാന ചീഫ്സെക്രട്ടറി, പൊലീസ് മേധാവി എന്നിവരടങ്ങിയ സമിതി ഇതിൽ നിന്ന് മൂന്നംഗ അന്തിമപാനൽ തയ്യാറാക്കി നിയമനത്തിനായി സർക്കാരിന് കൈമാറും. യു.പി.എസ്.സി നൽകുന്ന മൂന്നംഗപാനലിൽ നിന്ന് സംസ്ഥാന സർക്കാരാണ് പൊലീസ് മേധാവിയെ നിയമിക്കേണ്ടത്. നിയമിക്കപ്പെടുന്നവരെ രണ്ടുവർഷത്തേക്ക് മാറ്റരുതെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. രണ്ടു വർഷം വരെ കാലാവധി നീട്ടാനും സംസ്ഥാനത്തിന് അധികാരമുണ്ട്. ഡി.ജി.പിയാവാൻ യോഗ്യർ ഇവരാണ്:- 1)നിതിൻ അഗർവാൾ, 2)കെ.പദ്മകുമാർ, 3)ഷേഖ്ദർവേഷ് സാഹിബ്, 4)ഹരിനാഥ് മിശ്ര, 5)രവാഡാ ചന്ദ്രശേഖർ, 6)സഞ്ജീബ് കുമാർ പട്ജോഷി, 7)ടി.കെ.വിനോദ്കുമാർ, 8)യോഗേഷ് ഗുപ്ത
പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി കെ.പദ്മകുമാർ, ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദർവേഷ് സാഹിബ് എന്നിവർക്കാണ് സാദ്ധ്യത കൽപ്പിക്കപ്പെടുന്നത്. കെ.പദ്മകുമാറിന് 2025ഏപ്രിൽ വരെയും ഷേഖ് ദർവേഷിന് 2024 ജൂലായ് വരെയും കാലാവധിയുണ്ട്. സി.ആർ.പി.എഫിൽ അഡി.ഡയറക്ടറായ നിതിൻഅഗർവാൾ പദ്മകുമാറിനേക്കാൾ സീനിയറാണെങ്കിലും, കേന്ദ്രത്തിൽ ഡി.ജി.പിയായി ഉടൻ എംപാനൽ ചെയ്യപ്പെട്ടാൽ അദ്ദേഹത്തിന് സി.ആർ.പി.എഫിന്റെയോ ബി.എസ്.എഫിന്റെയോ മേധാവിയാകാം. കേരളത്തിലേക്ക് മടങ്ങിയാൽ കേന്ദ്രസേനയിലെ അദ്ദേഹത്തിന്റെ സാദ്ധ്യത കുറയും. ഇന്റലിജൻസ് ബ്യൂറോയിലുള്ള ഹരിനാഥ്മിശ്രയ്ക്ക് 2025ജൂലായ് വരെയും രവാഡാ ചന്ദ്രശേഖറിന് 2026ജൂലായ് വരെയും സർവീസുണ്ടെങ്കിലും പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കേണ്ടെന്ന് ഇരുവരും കഴിഞ്ഞതവണ സർക്കാരിനെ അറിയിച്ചിരുന്നു. അന്തിമപാനലിൽ ഉൾപ്പെട്ടാൽ, ഇന്റലിജൻസ് മേധാവി ടി.കെ.വിനോദ്കുമാറിനും സാദ്ധ്യതയുണ്ട്. മുഖ്യമന്ത്രിയുമായി അടുപ്പമുള്ള അദ്ദേഹത്തിന് 2025ആഗസ്റ്റ് വരെ കാലാവധിയുണ്ട്. ബിവറേജസ് കോർപറേഷൻ എം.ഡി യോഗേഷ് ഗുപ്തയ്ക്ക് 2030മാർച്ച് വരെയാണ് കാലാവധി.
വനിതാ ഡി.ജി.പി
ഇനിയെന്ന് ?
അനിൽകാന്തിന് കാലാവധി നീട്ടി നൽകിയതോടെ, സീനിയർ ഡി.ജി.പിമാരായ സുധേഷ് കുമാർ, ബി.സന്ധ്യ, ടോമിൻ തച്ചങ്കരി എന്നിവരുടെ വഴിയടഞ്ഞിരുന്നു. ജൂൺ 30വരെ രണ്ടുവർഷത്തേക്ക് കാലാവധി നീട്ടിയതോടെ, അനിൽകാന്തിനേക്കാൾ സീനിയറായ മൂന്ന് ഡി.ജി.പിമാർക്ക് പൊലീസ് മേധാവി കസേരയിലെത്താനായില്ല. നിയമിക്കപ്പെട്ടിരുന്നെങ്കിൽ സംസ്ഥാനത്ത് പൊലീസ് മേധാവിയാവുന്ന ആദ്യ വനിതയായി ബി.സന്ധ്യ മാറുമായിരുന്നു. 1987ബാച്ചിലെ സുധേഷ്‌കുമാറിനെയും 1988ബാച്ചിലെ ബി.സന്ധ്യയേയും ഒഴിവാക്കിയാണ് സംസ്ഥാന പൊലീസിന്റെ 34-ാം മേധാവിയായി 1989 ബാച്ചിലെ അനിൽകാന്തിനെ പൊലീസ് മേധാവിയാക്കിയത്. വിരമിച്ചശേഷം പൊലീസ് മേധാവിക്ക് സേവനം നീട്ടിനൽകുന്നത് സംസ്ഥാനത്ത് ആദ്യമാണ്. ഇനിയൊരു വനിത പൊലീസ് മേധാവിയായി പരിഗണിക്കപ്പെടാൻ കാലമേറെയെടുക്കും.
ഭാഗ്യവാനായി
അനിൽകാന്ത്
അഡി.ഡി.ജി.പിയായിരിക്കെയാണ് ഡൽഹി സ്വദേശി അനിൽകാന്ത് പൊലീസ് മേധാവിയാകാനുള്ള യു.പി.എസ്.സിയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടത്. സീനിയോരിറ്റിയിൽ രണ്ടാമനായ ടോമിൻതച്ചങ്കരി അനധികൃത സ്വത്തുകേസിൽ കുടുങ്ങി പുറത്തായതോടെ സുധേഷ്‌കുമാറിനും സന്ധ്യയ്ക്കുമൊപ്പം മൂന്നാമനായി അനിൽകാന്ത് പട്ടികയിലെത്തി. പൊലീസ് മേധാവിയായി അഞ്ചുമാസക്കാലം സർക്കാരിന്റെ ഇംഗിതത്തിനൊപ്പം പ്രവർത്തിച്ച അനിൽകാന്തിൽ സർക്കാർ വിശ്വാസമർപ്പിക്കുകയായിരുന്നു. പൊലീസ് മേധാവിയെ രണ്ടുവർഷത്തേക്ക് മാറ്റരുതെന്ന് സുപ്രീംകോടതി ഉത്തരവുണ്ടെങ്കിലും വിരമിക്കുന്നവർക്ക് ബാധകമല്ല. കാലാവധി നീട്ടാൻ സർക്കാരിന് അധികാരമുണ്ട്.
വരുന്നത്
കൂട്ട വിരമിക്കൽ
അനിൽകാന്തടക്കം 5ഡി.ജി.പിമാരാണ് വരുന്നമാസങ്ങളിൽ വിരമിക്കുന്നത്. ബി.സന്ധ്യയും എസ്.ആനന്ദകൃഷ്ണനും വരുന്ന മേയിലും അനിൽകാന്ത് ജൂണിലും ടോമിൻ തച്ചങ്കരി ജൂലായിലും വിരമിക്കും. കേരള കേഡറിലെ സീനിയർ, പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്.പി.ജി മേധാവി അരുൺകുമാർ സിൻഹയും മേയിൽ വിരമിക്കും. അഡി.ഡി.ജി.പിമാരായ കെ.പദ്മകുമാർ, ഷേഖ് ദർവേഷ്, സഞ്ജീബ്കുമാർ പട്ജോഷി, ടി.കെ.വിനോദ്കുമാർ എന്നിവർക്ക് ഡി.ജി.പി റാങ്ക് ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |