'യാഥാസ്ഥിതിക മുസ്‌ലിം സമൂഹം ഒരുപാട് മുന്നോട്ടുപോവാൻ ആഗ്രഹിക്കുന്നുണ്ട്. അതിന് സമുദായത്തിന് ഉള്ളിൽനിന്ന് തന്നെയുള്ള ശ്രമങ്ങൾ വേണം. പ്രത്യേകിച്ചും സ്ത്രീ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ. പുതിയ കാലത്തോട് സംവദിക്കുന്ന വിദ്യാഭ്യാസ രീതിയാണ് കോ-ഓർഡിനേഷൻ ഓഫ് ഇസ്‌ലാമിക് കോളേജസിന്റേത് (സി.ഐ.സി). ' ഇ.കെ.സുന്നി വിഭാഗം സമസ്തയുടെ കടുത്തസമ്മർദ്ദങ്ങളെ തുടർന്ന് സി.ഐ.സി ജനറൽ സെക്രട്ടറിസ്ഥാനം രാജിവെച്ച ശേഷം ഹക്കീം ഫൈസി ആദിശ്ശേരി നടത്തിയ വാർത്താസമ്മേളനത്തിൽ അടിവരയിട്ട കാര്യമാണിത്. എന്താണ് സി.ഐ.സിയെന്നും തന്നെ എന്തുകൊണ്ട് സമസ്തയിലെ ചിലർ ലക്ഷ്യമിട്ടെന്നും പറയാതെ പറയുന്നുണ്ട് ഈ വാക്കുകൾ.
മത, ഭൗതിക വിദ്യാഭ്യാസങ്ങൾ സമന്വയിപ്പിച്ചുള്ള വിദ്യാഭ്യാസരീതി നടപ്പാക്കുന്നതിന് 2002ൽ ആണ് സി.ഐ.സി എന്ന പ്രസ്ഥാനത്തിന് മർക്കസ് ആസ്ഥാനത്ത് രൂപമേകിയത്. വാഫി, വഫിയ്യ എന്നിങ്ങനെ കോഴ്സുകളും നടപ്പാക്കി. വഫിയ്യ സ്ത്രീ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ടുള്ളതാണ്. ആധുനിക വിദ്യാഭ്യാസത്തോടും അവസരങ്ങളോടും സംവദിക്കുന്ന സി.ഐ.സിയുടെ കരിക്കുലത്തെ സമസ്തയ്ക്ക് കീഴിലെ വിവിധ സ്ഥാപനങ്ങൾ വളരെ പെട്ടെന്നാണ് ഇരുകൈയും നീട്ടി സ്വീകരിച്ചത്. പ്രത്യേകിച്ചും വനിതാ കോളേജുകൾ. ഇന്ന് 97ഓളം സ്ഥാപനങ്ങൾ സി.ഐ.സിയിൽ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. സി.ഐ.സിയുടെ തുടക്കം മുതൽ കൃതൃമായ ലക്ഷ്യബോധത്തോടെ ഹക്കീം ഫൈസി കൂടെയുണ്ട്. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളായിരുന്നു ആദ്യ ചെയർമാൻ. രൂപീകരണനാൾ മുതൽ പാണക്കാട് തങ്ങൾ കുടുംബവും ലീഗിനോട് അടുത്തുനിൽക്കുന്ന സമസ്ത നേതാക്കളുമാണ് ഇതിന്റെ തലപ്പത്തുള്ളത്. ലീഗ് അനുകൂലി എന്നതിനേക്കാൾ പാണക്കാട് കുടുംബത്തോട് ചേർന്നു നിൽക്കുന്ന വ്യക്തിത്വം എന്നതാവും ഹക്കീം ഫൈസിക്ക് കൂടുതൽ അനുയോജ്യം.
സമസ്ത ഇ.കെ, എ.പി വിഭാഗങ്ങൾ മുസ്‌ലിം സമുദായത്തിലെ യാഥാസ്ഥിതിക വിഭാഗങ്ങളായാണ് അറിയപ്പെടുന്നത്. മാറ്റങ്ങളെ സാവധാനത്തിൽ മാത്രം ഉൾകൊള്ളുന്നു എന്നത് കാലങ്ങളായി ഈ സംഘടനകൾക്കെതിരെ ഉയരുന്ന ആക്ഷേപമാണ്. മുജാഹിദ്, ജമാഅത്ത് വിഭാഗങ്ങൾ പുരോഗമന നിലപാടുകളിൽ ഏറെദൂരം മുന്നോട്ടുപോയപ്പോൾ ഇന്നും യാഥാസ്ഥിതിക ലോകത്ത് തുടരുകയാണ് സമസ്തയിലെ ഒരുവിഭാഗം നേതാക്കൾ. പുതുതലമുറ നേതൃത്വങ്ങൾ മാറ്റങ്ങളെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും തല മുതിർന്നവരുടെ വിമുഖതയാണ് പ്രശ്നം.
വിദ്യാഭ്യാസമാണ് യാഥാസ്ഥിക നിലപാടുകളെ പൊളിച്ചെഴുതാനുള്ള വഴിയെന്ന കാഴ്ചപ്പാട് ഹക്കീം ഫൈസിയിലൂടെ സി.ഐ.സി പുലർത്തുമ്പോൾ അതിനെതിരെ യാഥാസ്ഥിതിക മനോഗതിക്കാർ വാളെടുത്തതിൽ അത്ഭുതപ്പെടാനില്ല. സമസ്തയുടെ വീക്ഷണവും ഉപദേശ നിർദ്ദേശങ്ങളും അനുസരിച്ച് പ്രവർത്തിക്കുന്ന ഉന്നത ഇസ്‌ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാഡമിക് പ്രവർത്തനങ്ങളും പാഠ്യ പദ്ധതികളും കാലോചിതമായി പരിഷ്‌കരിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച സി.ഐ.സിയിൽ സലഫി ആശയധാരയെ ഹക്കീം ഫൈസി പ്രോത്സാഹിപ്പിക്കുന്നു എന്നതാണ് ഒരു ആരോപണം. സ്ത്രീ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി സി.ഐ.സി കൊണ്ടുവന്ന ചില മാർഗനിർദ്ദേശങ്ങൾ ഇതിന് അവസരവുമാക്കി. സി.ഐ.സിക്ക് കീഴിലെ കോളേജുകളിൽ അഞ്ചുവർഷത്തെ വഫിയ്യ കോഴ്‌സിന് ചേർന്നാൽ കോഴ്‌സ് തീരും വരെ വിവാഹം പാടില്ലെന്ന തീരുമാനം സമസ്തയെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. 20 വയസ് കഴിയുമ്പോഴേ പെൺകുട്ടികളുടെ വിവാഹം നടത്താൻ പറ്റൂ. കോഴ്സിനിടയിൽ വിവാഹം നടന്നാൽ തുടർപഠനം മുടങ്ങാൻ സാദ്ധ്യത ഏറെ ആണെന്നതിനാൽ ഇത് ഒഴിവാക്കാനാണ് സി.ഐ.സി ഈ നിർദ്ദേശം പുറപ്പെടുവിപ്പിച്ചത്. സ്വന്തം ചിറകിലേറി പറക്കാൻ ആഗ്രഹിക്കുന്ന നിലപാടുകളുള്ള ഒരുപെൺസമൂഹം സമുദായത്തിൽ വളർന്നുവരുന്നുണ്ടെന്ന തിരിച്ചറിവ് മാലോകർക്കെല്ലാം ഉള്ളപ്പോഴും സമസ്തയിലെ യാഥാസ്ഥിതികർ മാത്രം ഇതറിഞ്ഞിട്ടില്ല. അല്ലെങ്കിൽ മനഃപൂർവം അറിഞ്ഞില്ലെന്ന് നടിക്കുന്നു. സ്ത്രീവിദ്യാഭ്യാസത്തേയും തുല്യതയെയും ഇസ്‌ലാം പ്രോത്സാഹിപ്പിക്കുമ്പോൾ എന്തിന് വേണ്ടിയാണ് യാഥാസ്ഥികതയുടെ ഈ കടുംപിടുത്തമെന്നാണ് മറ്റ് മുസ്‌ലിം സംഘടനകളുടെ ചോദ്യം. ഉത്തരം പറയേണ്ടത് സമസ്ത നേതൃത്വമാണ്.
പെരിന്തൽമണ്ണയിൽ മദ്രസ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതിനിടെ പത്താംക്ലാസ് വിദ്യാർത്ഥിനിയെ സർട്ടിഫിക്കറ്റ് ദാന ചടങ്ങിലേക്ക് ക്ഷണിച്ചതിന് സമസ്ത സെക്രട്ടറി എം.ടി.അബ്ദുള്ള മുസ്‌ലിയാർ സംഘാടകരോട് പരസ്യമായി കയർത്തത് അടുത്തിടെയാണ്. മുതിർന്ന പെൺകുട്ടികളെ പൊതുസദസിലെ സ്റ്റേജിലേക്ക് വിളിക്കരുത് എന്നത് സമസ്തയുടെ നിലപാടാണെന്നും അതിന് വിരുദ്ധമായ കാര്യമുണ്ടായപ്പോഴാണ് ചോദ്യം ചെയ്തതെന്നുമാണ് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ വിശദീകരണം. പെൺകുട്ടിയെ അപമാനിച്ചിട്ടില്ല. പെൺകുട്ടിക്ക് ലജ്ജയുണ്ടാവാതിരിക്കാനാണ് അങ്ങനെ പറഞ്ഞത്. വലിയ പണ്ഡിതന്മാരുള്ള വേദിയായിരുന്നു അത്. അവിടേക്ക് കയറിവന്ന പെൺകുട്ടിയുടെ മുഖത്ത് ലജ്ജയുള്ളത് പോലെ തോന്നി. ഇനിയങ്ങനെ ഉണ്ടാവാതിരിക്കാൻ നിർദ്ദേശം നൽകുക മാത്രമാണ് ചെയ്തതെന്ന് കൂടി ജിഫ്രി തങ്ങൾ പറഞ്ഞുവച്ചു! ഒരുപെൺകുട്ടി സ്റ്റേജിലേക്ക് കയറിവന്നപ്പോഴേക്കും ഹാലിളകിയ നേതൃത്വത്തിന് മുന്നിലേക്കാണ് മാറിയ കാലത്തിന്റെ അവസരങ്ങളുടെ വാതിൽ തുറന്നിട്ട് സി.ഐ.സിയുടെ കടന്നുവരവ്. ഇതുകൊണ്ട് തന്നെ സി.ഐ.സിക്ക് മുന്നിൽ യാഥാസ്ഥികത പ്രതിബന്ധമായി വന്നതിൽ അതിശയപ്പെടാനില്ല. കുറഞ്ഞ കാലയളവിനിടെ തന്നെ സി.ഐ.സിക്ക് കിട്ടിയ പിന്തുണ സമസ്തയ്ക്ക് കീഴിലെ അക്കാഡമിക പ്രസ്ഥാനങ്ങൾക്ക് കിട്ടിയിരുന്നില്ല. എന്തുകൊണ്ട് സി.ഐ.സിക്ക് പുതുതലമുറയിൽ സ്വീകാര്യത കിട്ടുന്നു എന്നത് പരിശോധിക്കാൻ തയ്യാറാവാതെ അതിന്റെ ബുദ്ധികേന്ദ്രത്തെ വേരോടെ പിഴുതെറിയുക എന്ന നയമാണ് സമസ്ത നേതൃത്വം സ്വീകരിച്ചത്. മതവിദ്യാഭ്യാസ രംഗത്ത് പാണക്കാട് കുടുംബത്തിനും അതുവഴി മുസ്‌ലിം ലീഗിനും നേരിട്ടുള്ള സ്വാധീനം സി.ഐ.സിയിലൂടെ കൈവന്നു എന്നതും സമസ്തയെ അസ്വസ്ഥമാക്കി. രാഷ്ട്രീയം ലീഗിനും മതരംഗം സമസ്തയ്ക്കുമെന്ന പരമ്പരാഗത രീതിയിലെ മാറ്റവും സമസ്ത നേതൃത്വത്തെ അലോസരപ്പെടുത്തുന്നു.
സി.ഐ.സി അഡ്വൈസറി ബോർഡിൽ സമസ്ത പ്രസിഡന്റ് അംഗമാവണമെന്നതിന് പകരം മുഷാവറയിൽ നിന്നുള്ള ആർക്കും അംഗത്വം നൽകാമെന്നും ഇപ്രകാരം സമസ്ത നിർദ്ദേശിക്കുന്നവരുടെ കാര്യത്തിൽ അന്തിമ തീരുമാനം സി.ഐ.സി സെനറ്റിന് കൈക്കൊള്ളാമെന്നുമുള്ള ഭേദഗതി സാദിഖലി തങ്ങളുടെ നേതൃത്വത്തിൽ കൊണ്ടുവന്നതോടെ സമസ്ത നേതൃത്വം കൂടുതൽ അസ്വസ്ഥരായി. സമസ്തയുടെ ഉപദേശ നിർദ്ദേശങ്ങൾ പാലിച്ചുമാത്രം നടത്തുമെന്നത് സി.ഐ.സിയുടെ നയരേഖയിൽ നിന്ന് മാറ്റിയതും അവസരമാക്കി. വഖഫ് ബോർഡ് നിയമനമടക്കമുള്ള വിഷയങ്ങളിൽ ലീഗുമായി ഇടഞ്ഞ ജിഫ്രി മുത്തുക്കോയ തങ്ങളെ ഒതുക്കാനാണ് ഈ ഭേദഗതിയെന്നും ഇതിന് പിന്നിൽ ഹക്കീം ഫൈസി കൂടിയുണ്ടെന്ന വികാരമായിരുന്നു ജിഫ്രി തങ്ങൾ പക്ഷത്തിന്. വിശദീകരണം പോലും ചോദിക്കാതെ സമസ്ത മലപ്പുറം ജില്ലാ മുശാവറയിൽ നിന്ന് ഹക്കീം ഫൈസിയെ പുറത്താക്കിയാണ് സമസ്ത ഇതിന് മറുപടിയേകിയത്. പിന്നാലെ നാടെങ്ങും വിശദീകരണ യോഗങ്ങളും നടത്തി. സി.ഐ.സി പ്രസിഡന്റ് കൂടിയായ പാണക്കാട് സാദിഖലി തങ്ങളിൽ നിരന്തരം സമ്മർദ്ദം ചെലുത്തി ഹക്കീം ഫൈസിക്ക് പുറത്തേക്കുള്ള വഴികാണിച്ചപ്പോൾ കേവലം ഒരുവ്യക്തിയുടെ സ്ഥാനമാറ്റം മാത്രമല്ല അവിടെ സംഭവിച്ചത്. പൊള്ളുന്ന യാഥാസ്ഥികതയ്ക്ക് മുകളിൽ വിദ്യാഭ്യാസത്തിന്റെ തണൽ വിരിക്കാമെന്ന ചിന്തയുടെ നാമ്പ് കൂടിയാണ് നുള്ളിയെറിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |