തിരുവനന്തപുരം: വയറുവേദനയ്ക്ക് ഒരു ദിവസം ചികിത്സ തേടിയ ആൾക്ക് ഹൃദ്രോഗത്തിന് ധനസഹായം നൽകിയതുൾപ്പെടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ തട്ടിപ്പ് നടത്തിയതിന്റെ കൂടുതൽ തെളിവുകൾ വിജിലൻസ് പരിശോധനയിൽ കണ്ടെത്തി. തിരുവനന്തപുരം മാറനല്ലൂർ സ്വദേശിക്കാണ് മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇത്തരത്തിൽ സഹായം നൽകിയത്. പരിശോധന തുടരുകയാണ്.
വീട് തകർന്നതിന് 4 ലക്ഷം രൂപ കിട്ടിയ കൊല്ലം പടിഞ്ഞാറേകല്ലട സ്വദേശിയുടെ വീട് പരിശോധിച്ചപ്പോൾ ഒരു കുഴപ്പവുമില്ലെന്ന് കണ്ടെത്തി. അപേക്ഷ നൽകിയിട്ടില്ലെന്നാണ് ഇയാളുടെ മൊഴി. കരൾ രോഗിക്ക് ഹൃദ്രോഗമാണെന്ന് കാട്ടി അപേക്ഷ നൽകി. കോഴിക്കോട് തലക്കുളത്തൂരിൽ വിദേശമലയാളിയുടെ മകന്റെ ചികിത്സയ്ക്ക് മൂന്നുലക്ഷം നൽകി. സർക്കാരുദ്യോഗസ്ഥന്റെ മാതാവിന്റെ ചികിത്സയ്ക്ക് കാൽലക്ഷം നൽകി. മലപ്പുറത്ത് ഒരു ഏജന്റിന്റെ അപേക്ഷയിലെല്ലാം ഒരേ ഡോക്ടറുടെ സർട്ടിഫിക്കറ്റാണ്. 1.2ഏക്കർ ഭൂമിയുള്ളയാളിന് അറുപതിനായിരം രൂപയേ വാർഷിക വരുമാനമുള്ളൂവെന്ന് വില്ലേജാഫീസർ നൽകിയ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ കാൽലക്ഷം രൂപ ചികിത്സാസഹായം നൽകി.
കൊല്ലത്ത് അപേക്ഷയിലുള്ള രോഗത്തിനല്ലാതെ മെഡിക്കൽ സർട്ടിഫിക്കറ്ര് നൽകിയവർക്കും പണം കിട്ടി. കരുനാഗപ്പള്ളിയിൽ 13മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നൽകിയത് നെഞ്ചുരോഗാശുപത്രിയിലെ ഡോക്ടറാണ്. ആറെണ്ണം ഒരു വീട്ടിലുള്ളവർക്ക്. തൊടിയൂർ വില്ലേജാഫീസിലെ അപേക്ഷകളിലെല്ലാം ഒരേ കൈയക്ഷരം. പാലക്കാട് ആലത്തൂർ വില്ലേജിലെ 78അപേക്ഷകളിൽ മൂന്ന് ആയുർവേദ ഡോക്ടർമാർ 54, 13, 12 വീതം മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നൽകി. ഇവരെല്ലാം ഒരു സ്വകാര്യാശുപത്രിയിൽ ജോലിചെയ്യുന്നവർ. ഇതിലെ 28അപേക്ഷകളിലും ഒരേ ഫോൺനമ്പർ. 10പേർക്ക് ധനസഹായം കിട്ടി.
ചികിത്സാരേഖ
ഇല്ലാതെയും പണം
പത്തനംതിട്ടയിൽ അപേക്ഷയ്ക്കൊപ്പം മതിയായ രേഖകളില്ല
കൂടൽ വില്ലേജാഫീസിൽ 268അപേക്ഷകളിൽ ഒരേ ഫോൺനമ്പർ
കോഴഞ്ചേരിയിൽ ഒരുവീട്ടിലെ നാലുപേർക്ക് സഹായം
ചിലർക്ക് രണ്ടുവർഷത്തിനിടെ രണ്ടുവട്ടം പണം
ഏനാദിമംഗലം വില്ലേജിലെ 61അപേക്ഷകളിൽ ഒരേ ഫോൺനമ്പർ
ആലപ്പുഴയിലെ 14അപേക്ഷകളിൽ പത്തിലും ഒരേ ഡോക്ടറുടെ സർട്ടിഫിക്കറ്റ്
ഒരുദിവസം ഈ ഡോക്ടർ വിവിധ രോഗികൾക്ക് 9 സർട്ടിഫിക്കറ്റ് നൽകി.
തിരുവനന്തപുരം കാരോട് സ്വദേശി വഴി ഇരുപതിലേറെപേർക്ക് പണം
വർക്കലയിൽ ആറ് അപേക്ഷകളിൽ ഒരു ഏജന്റിന്റെ നമ്പർ
കോട്ടയത്തെ കോണ്ടൂർ, ആനിക്കാട്, എരുമേലി, നീഴൂർ വില്ലേജ്
ഓഫീസുകളിൽ അന്വേഷണം നടത്താതെ നിരവധിപേർക്ക് സഹായം
തൊടുപുഴ താലൂക്കാഫീസിലെ 70അപേക്ഷയിലും ഒരേനമ്പർ
ഒാഡിറ്റിന് ശുപാർശ
അനർഹർക്ക് സഹായം കിട്ടാതിരിക്കാൻ ആറ്
മാസത്തിലൊരിക്കൽ ഓഡിറ്റിന് ശുപാർശ
അപേക്ഷ പരിശോധിക്കാൻ കളക്ടറേറ്റുകളിൽ സ്ഥിരം സ്പെഷ്യൽ ടീം
''ക്രമക്കേടിന് ഒത്തുകളിച്ച ഡോക്ടർമാർ, ഉദ്യോഗസ്ഥർ, ഏജന്റുമാർ എന്നിവർക്കെതിരെ അന്വേഷണം നടത്തും. കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകും.
-മനോജ് എബ്രഹാം
വിജിലൻസ് മേധാവി
ദുരിതാശ്വാസനിധി വിതരണവുമായി ബന്ധപ്പെട്ട് വിജിലൻസ് കണ്ടെത്തിയ വിഷയങ്ങളിൽ തുടർ നടപടികൾക്ക് നിർദ്ദേശം നൽകി. അനർഹരായവർക്ക് ധനസഹായം ലഭ്യമാക്കാൻ ശ്രമിച്ചവർക്കും അതിന് കൂട്ടുനിന്നവർക്കും എതിരെ ഒരു ദാക്ഷിണ്യമില്ലാതെ നടപടി സ്വീകരിക്കും
- മുഖ്യമന്ത്രി പിണറായി വിജയൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |