തിരുവനന്തപുരം: ഈ മൺവീട്ടിൽ കൂടണയുമ്പോൾ രവിശങ്കറിനും ഭാര്യ സിന്ധുവിനും മനസും ശരീരവും കുളിരണിയും. കോൺക്രീറ്റ് വീടുകൾ നാടാകെ നിറയുമ്പോൾ പ്രകൃതിയോടിണങ്ങുന്ന ഒരു വീടു പണിയണമെന്നായിരുന്നു രവിശങ്കറിന്റെ മോഹം. അങ്ങനെയാണ് 95 ശതമാനവും മണ്ണുപയോഗിച്ചുള്ള വീട് നിർമ്മിച്ചത്. 30 വർഷമായി ബംഗളൂരുവിൽ താമസിക്കുന്ന പാലക്കാട് സ്വദേശി രവിശങ്കർ വെങ്കിടേശ്വരൻ ഭാര്യയുടെ പേരിൽ പൂജപ്പുര ചാടിയറയിലുള്ള നാലര സെന്റ് വസ്തുവിലാണ് പ്രകൃതിസൗഹൃദ വീടായ 'ദ പോട്ട് മേക്കേഴ്സ് കോട്ടേജ്" പണിതത്. തിരുവനന്തപുരം ശ്രീകണ്ഠേശ്വരം സ്വദേശിയാണ് ഭാര്യ സിന്ധു. ഇന്നലെയായിരുന്നു ഗൃഹപ്രവേശനം.
ലാറി ബേക്കർ മോഡൽ വീടായിരുന്നു രവിശങ്കറിന്റെ മനസിലുണ്ടായിരുന്നത്. സുഹൃത്തായ ആർക്കിടെക്ട് അഭയകുമാറുമായുള്ള ചർച്ചയിലാണ് മണ്ണുകൊണ്ട് വീട് നിർമ്മിക്കുന്ന 'റാംഡ് എർത്ത് " സാങ്കേതികവിദ്യ പ്രയോഗിക്കാൻ തീരുമാനമായത്. രണ്ടോ മൂന്നോ ഭിത്തികൾ മണ്ണ് കൊണ്ട് നിർമ്മിക്കാമെന്നായിരുന്നു അഭയകുമാറിന്റെ നിർദ്ദേശം. പൂർണമായി മണ്ണുകൊണ്ട് വേണമെന്ന് രവിശങ്കർ. അതിനനുസരിച്ച് മാറ്രങ്ങൾ വരുത്തി. ബംഗളൂരിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫോർ ഭാരത് എന്ന കമ്പനിയിൽ ജോലി ചെയ്യുകയാണ് രവിശങ്കർ. സിന്ധു കർണാടക സംഗീതം അഭ്യസിപ്പിക്കുന്നു. മകൾ സ്‌നേഹ ചെന്നൈ ഐ.ഐ.ടിയിൽ പ്രോജക്ട് മാനേജരാണ്. മകൻ പ്ളസ് വൺ വിദ്യാർത്ഥി അഭയ്.
5 ശതമാനം സിമന്റ്
വീടിന്റെ അടിസ്ഥാനം കരിങ്കല്ലും സിമന്റും ഉപയോഗിച്ച് ഒരുക്കി. മേൽക്കൂര, ബാത്ത്റൂമുകൾ, അടുക്കള, തറ എന്നിവ കോൺക്രീറ്റാണ്. ശേഷിക്കുന്ന ഭാഗങ്ങളെല്ലാം മണ്ണ് കൊണ്ടും. 5 ശതമാനം സിമന്റാണ് ഉപയോഗിച്ചത്. വാതിലുകളും ജനാലകളും പഴയ വീടുകൾ പൊളിച്ച തടികൊണ്ടാണ്. രണ്ട് നിലകളുള്ള വീട്ടിൽ താഴെയും മുകളിലുമായി ഓരോ ബെഡ്റൂമുകൾ. താഴത്തെ നിലയിൽ അടുക്കള. രണ്ടാംനിലയിലേക്കുള്ള ഗോവണിപ്പടി തടിയിലാണ്. സ്‌പാനിഷ് മാതൃകയിലുള്ള ഗ്രില്ലുകളാണ് ബാൽക്കണിയിൽ.
റാംഡ് എർത്ത് ടെക്നോളജി
ഭിത്തി നിർമ്മാണത്തിനായി ഇഷ്ടിക, വെട്ടുകല്ല് എന്നിവയ്ക്കു പകരം മണ്ണ് കൊണ്ട് നിർമ്മിച്ച കട്ടകളാണ് ഉപയോഗിക്കുക. അഞ്ച് ശതമാനം സിമന്റ് മാത്രം ഉപയോഗപ്പെടുത്തി മണ്ണിൽ നിർമ്മിക്കുന്ന കട്ടകൾക്ക് സാധാരണ ഇഷ്ടികകളുടെ ഉറപ്പും ഭാരം താങ്ങാനുള്ള ശേഷിയുമുണ്ടാകും. മൺകട്ടകളായതിനാൽ വീടിനുള്ളിൽ തണുപ്പ് നിലനിറുത്താനാകും. മണ്ണ് ഉപയോഗിച്ചാണ് പ്ലാസ്റ്ററിംഗും നടത്തിയത്. അഞ്ചു വർഷം വീതം കഴിയുമ്പോൾ അറ്റകുറ്റപ്പണികൾ നടത്തിയാൽ മതിയാകും.
4.5 സെന്റ്
വീട് സ്ഥിതി ചെയ്യുന്നത്
1300 ചതുരശ്ര അടി
വിസ്തീർണം
30 ലക്ഷം
ചെലവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |