കോഴിക്കോട്: സ്വകാര്യ ആശുപത്രിയിൽ വീട്ടമ്മയ്ക്ക് കാലുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ആശുപത്രിയ്ക്ക് വീഴ്ച പറ്റിയതായി ആരോഗ്യ വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട്. ഡി.എം.ഒയുടെ ചുമതലയുള്ള ഡോ.പിയൂഷ് നമ്പൂതിരിക്ക് അഡിഷണൽ ഡി.എം.ഒ ഡോ.ദിനേശ് സമർപ്പിച്ച റിപ്പോർട്ടിലാണ് ആശുപത്രിക്കും ഡോക്ടർക്കും വീഴ്ച പറ്റിയതായി പരാമർശമുള്ളത്. രോഗത്തിന്റെ നിലവിലെ സ്ഥിതിയും ശസ്ത്രക്രിയ വിവരങ്ങളും രോഗിയെ യഥാസമയം ധരിപ്പിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വിഷയത്തിൽ വിശദമായ അന്വേഷണം വേണമെന്നും എല്ലുരോഗ വിദഗ്ദ്ധൻ,ശസ്ത്രക്രിയ വിദഗ്ദ്ധൻ എന്നിവരടങ്ങുന്ന സമിതി വിശദമായി പരിശോധിക്കണമെന്നും റിപ്പോർട്ടിലുണ്ട്.
അതേസമയം,കാലുമാറി ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കെതിരെ വീട്ടമ്മ നൽകിയ പരാതി ടൗൺ അസി.കമ്മിഷണർ പി.ബിജുരാജ് അന്വേഷിക്കും. നേരത്തെ നടക്കാവ് പൊലീസ് കേസെടുത്തിരുന്നു. അതിനിടെ ഡോക്ടർ ബന്ധുക്കളോട് അബദ്ധം പറ്റിയെന്ന് സമ്മതിക്കുന്ന വീഡിയോ പുറത്തായി.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ വീട്ടമ്മയുടെ കാല് മാറി ശസ്ത്രക്രിയ നടത്തിയത്. ഇടതുകാലിനേറ്റ പരിക്കിന് ചികിത്സ തേടിയെത്തിയ സജ്‌ന സുകുമാരന്റെ വലതുകാലിന് ശസ്ത്രക്രിയ നടത്തുകയായിരുന്നു. ഇവരിപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഒരുവർഷം മുമ്പ് വീട്ടിലെ വാതിലിനുള്ളിൽ ഇടതുകാൽ കുടുങ്ങി ഞരമ്പിന് ഗുരുതരമായി പരിക്കേറ്റാണ് സജ്ന ചികിത്സയ്ക്കെത്തിയത്. നാട്ടിലെ ആശുപത്രികളിൽ നടത്തിയ ചികിത്സ ഫലപ്രദമാകാത്തതിനെ തുടർന്നാണ് നാഷണൽ ആശുപത്രിയിലെ ഓർത്തോ മേധാവി ഡോ.ബഹിർഷാനെ സമീപിച്ചത്. സർജറി കഴിഞ്ഞ ശേഷമാണ് ഇടതുകാലിന് പകരം വലതുകാലിനാണ് സർജറി നടത്തിയതെന്ന് സജ്‌ന അറിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |