തിരുവനന്തപുരം: ടൈറ്റാനിയത്തിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ട് കോടിയോളം രൂപയുടെ തട്ടിപ്പു നടത്തിയ കേസിലെ മുഖ്യപ്രതിയും മുൻ നിയമകാര്യ ഡെപ്യൂട്ടി ജനറൽ മാനേജരുമായ ശശികുമാരൻ തമ്പിയെ (57) പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ട പതിനഞ്ചോളം കേസുകളിൽ പ്രതിയാണ്. ജോലി വാഗ്ദാനം ചെയ്ത് സച്ചിനെന്ന യുവാവിൽ നിന്ന് പത്ത് ലക്ഷം തട്ടിയെടുത്ത കേസിലാണ് കന്റോൺമെന്റ് പൊലീസിന്റെ അറസ്റ്റ്.
ശശികുമാരൻ തമ്പി സമർപ്പിച്ചിരുന്ന മുൻകൂർ ജാമ്യാപേക്ഷകളിൽ ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടാകാത്ത സാഹചര്യത്തിൽ ഇന്നലെ കന്റോൺമെന്റ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. വിവിധ സ്റ്റേഷനുകളിലുള്ള കേസുകളിൽ മുൻകൂർ ജാമ്യാപേക്ഷകൾ ജില്ലാ കോടതി നേരത്തേ തള്ളിയിരുന്നു.
ശശികുമാരൻ തമ്പിയും കേസിലെ മറ്റു പ്രതികളും ചേർന്ന് ടൈറ്റാനിയത്തിൽ വിവിധ തസ്തികകളിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ടു കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്. ശശികുമാരൻ തമ്പിയാണ് തട്ടിപ്പിന്റെ ആസൂത്രകൻ. പ്രധാന ഇടനിലക്കാരി ദിവ്യ നായർ, ശ്യാംലാൽ, പ്രേംകുമാർ, അനിൽകുമാർ എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു.
ടൈറ്റാനിയവുമായി ബന്ധപ്പെട്ട എല്ലാ ജോലിതട്ടിപ്പുകേസുകളിലും ശശികുമാരൻ തമ്പിയുടെ പങ്ക് വ്യക്തമാണെന്നും ഉദ്യോഗാർത്ഥികളെ ഇയാളുടെ മുന്നിലെത്തിച്ച് അവരിൽ വിശ്വാസം വളർത്തിയാണ് തട്ടിപ്പ് നടത്തിയതെന്നും ജാമ്യാപേക്ഷയെ എതിർത്ത് ജില്ലാ കോടതിയിൽ പ്രോസിക്യൂഷൻ ബോധിപ്പിച്ചിരുന്നു. പ്രതിയുടെ ബാങ്ക് രേഖകളും സാമ്പത്തിക സ്രോതസും പരിശോധിക്കേണ്ടതിനാൽ ഇയാളുടെ കസ്റ്റഡി അത്യന്താപേക്ഷിതമാണെന്നും അറിയിച്ചിരുന്നു.
ശശികുമാരൻ തമ്പിയുടെ ഓഫീസിൽ ഇന്റർവ്യൂവിന് എത്തിച്ച ശേഷമാണ് ഉദ്യോഗാർത്ഥികളിൽ നിന്ന് പണം കൈപ്പറ്റിയതെന്നാണ് നേരത്തേ അറസ്റ്റിലായ പ്രതികൾ പൊലീസിനോട് സമ്മതിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ തട്ടിപ്പിലെ മുഖ്യകണ്ണിയാണ് ശശികുമാരൻ തമ്പിയെന്നാണ് പൊലീസ് ഭാഷ്യം. കവടിയാർ ശ്രീവിലാസ് ലൈനിൽ ഡിസി 4- 62, ശരത് വീട്ടിലായിരുന്നു ഇയാളുടെ താമസം.
പങ്കില്ലെന്ന് തമ്പി, കസ്റ്റഡിയിൽ
വാങ്ങാൻ പൊലീസ്
സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജുവിന്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി കമ്മിഷണർ അജിത്ത്, അന്വേഷണ സംഘത്തലവൻ ബിജു എന്നിവരുടെ നേതൃത്വത്തിൽ ശശികുമാരൻ തമ്പിയെ ചോദ്യം ചെയ്തു. പണം തട്ടിയെടുത്തതിൽ തനിക്ക് പങ്കില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. ജില്ലാ കോടതി 15 ദിവസത്തേക്ക് റിമാൻഡ് ചെയ്ത ഇയാളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം. മറ്റ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിലും ഇയാളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |