കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനെതിരായ യൂത്ത് കോൺഗ്രസ് സമര പരിപാടിയിൽ നിന്ന് മാറിനിന്നെന്ന ആരോപണത്തിൽ വ്യക്തതവരുത്തി ചാണ്ടി ഉമ്മൻ എംഎൽഎ. പരിപാടിയിൽ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത് ചാണ്ടി ഉമ്മനെയായിരുന്നു. ചാണ്ടി ഉമ്മൻ എത്താതിരുന്നതോടെ ഗ്രൂപ്പ് താൽപര്യമെന്ന ആരോപണവും ഉയർന്നിരുന്നു. അദ്ദേഹം പരിപാടിയിൽ പങ്കെടുക്കാതിരുന്നത് ശരിയായില്ലെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ പ്രതികരിച്ചിരുന്നു. ചാണ്ടി ഉമ്മനെ പരിപാടിയിൽ പങ്കെടുപ്പിക്കാതിരിക്കാൻ ചില കോൺഗ്രസ് നേതാക്കൾ ശ്രമിച്ചതായും ആരോപണം ഉയരുന്നുണ്ട്.
യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കായി ദുബായിൽ പോയി പുലർച്ചെ മൂന്നരയ്ക്കാണ് വിമാനത്താവളത്തിൽ എത്തിയതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. 'ഹോട്ടലിൽ രാവിലെ അഞ്ച് മണിക്കാണ് എത്തിയത്. യൂത്ത് കോൺഗ്രസിന്റെ പരിപാടി ഏറ്റിരുന്നില്ല. മണ്ഡലം പ്രസിഡന്റ് വിളിച്ചിട്ടില്ല. സാഹചര്യം ഉണ്ടായാൽ മാത്രം പങ്കെടുക്കും എന്നാണ് പറഞ്ഞത്. രമ്യ ഹരിദാസാണ് ഏറ്റത്. ഡിസിസി പ്രസിഡന്റ് വിശദീകരണം തേടിയത് പാർട്ടിയിൽ തീർത്തോളാം. എല്ലാം വിവാദമാക്കരുത്. ക്രിസ്ത്യൻ കോളേജിലെ പരിപാടിയും മുക്കത്തെ പരിപാടിയുമാണ് ഏറ്റത്. വിവാദം അനാവശ്യമാണ്'- ചാണ്ടി ഉമ്മൻ പറഞ്ഞു.
അതേസമയം, യൂത്ത് കോൺഗ്രസ് സൗത്ത് മണ്ഡലം കമ്മറ്റി പ്രസിഡന്റ് എ ഗ്രൂപ്പുകാരനായതിനാൽ സിദ്ദിഖ് വിഭാഗം ഇടപെട്ട് ചാണ്ടി ഉമ്മനെ പരിപാടിയിൽ പങ്കെടുക്കുന്നത് വിലക്കിയെന്നാണ് വരുന്ന ആരോപണം. തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കോർപ്പറേഷനെതിരെ കോൺഗ്രസും യൂത്ത് കോൺഗ്രസും നടത്തുന്ന പ്രതിഷേധ പരിപാടികളുടെ ശോഭ കെടുത്തുന്നതാണ് ചാണ്ടി ഉമ്മന്റെ നടപടിയെന്നും ഇതിനെതിരെ കോൺഗ്രസ് നേതാക്കൾക്ക് പരാതി നൽകുമെന്നും യൂത്ത് കോൺഗ്രസ് അറിയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |