കോഴിക്കോട്: കുടുംബത്തിലെ അസ്വാരസ്യങ്ങളും മാതാപിതാക്കൾ പേർപിരിഞ്ഞതിന്റെ അരക്ഷിതത്വവും ലഹരിയിലേക്ക് വഴിതുറന്ന ഏഴാംക്സാസുകാരി മാനസികമായി തകർന്നെങ്കിലും ഇപ്പോൾ
തിരിച്ചുവരവിന്റെ പാതയിലാണ്.
ഉൾഭയം മാറുന്നില്ലെങ്കിലും ലഹരി ഉപേക്ഷിച്ച് ജീവിതം തിരിച്ചു പിടിക്കണമെന്ന ആഗ്രഹമുണ്ട്... ലഹരി വിമോചന കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുന്ന അവൾ മനസ്സ് തുറന്നു.
''പേടിയാണെനിക്ക്...ലഹരി ഉപയോഗം തുറന്നുപറഞ്ഞത് ആളുകൾ എങ്ങനെ കാണും? കൂട്ടുകാരോട് ഇടപെടാൻ എനിക്കാകുമോ? തെറ്റുകൾ തിരുത്തി, പഠിച്ച് നല്ലൊരു മോഡലാകണം. പരീക്ഷയെഴുതാൻ സ്‌കൂൾ മാനേജ്മെന്റ് അനുവദിച്ചിട്ടുണ്ട്.''
- കുറ്റിക്കാട്ടൂർ സ്വദേശിയായ പെൺകുട്ടി വിതുമ്പലോടെ പറഞ്ഞു.
ഏഴാംക്ലാസു മുതൽ ലഹരി ഉപയോഗിച്ചെന്നും ലഹരി സംഘം തന്നെ കാരിയറാക്കിയെന്നും കഴിഞ്ഞ ദിവസമാണ് പെൺകുട്ടി വെളിപ്പെടുത്തിയത്. പെൺകുട്ടിക്ക് ലഹരിയെത്തിച്ച പൂർവ വിദ്യാർത്ഥി ബോണിയെ പൊലീസ് അറസ്റ്റ് ചെയ്‌തു.
ബോണി എം.ഡി.എ.എ നൽകിയതാണ് തുടക്കം. പിന്നീട് എന്നും ബോണി ലഹരി മരുന്ന് നൽകി. ഇൻസ്റ്റഗ്രാമിൽ റോയൽ ഡ്രഗ്‌സ് എന്ന ഗ്രൂപ്പിൽ അവളെയും ചേർത്തു. ലഹരി വേണോ എന്ന് മെസേജ് അയച്ചു. വേണമെന്ന മറുപടിയിൽ മരുന്ന് എത്തിച്ചു. ഉപയോഗത്തിന്റെ വീഡിയോയും കെെമാറി. 20-25 വയസിന് മുകളിലുള്ള കുറേപേർ ഗ്രൂപ്പിലുണ്ടായിരുന്നു.
വൈകിട്ട് സ്‌കൂളിന് പുറത്ത് കാത്തുനിന്ന് പെൺകുട്ടിക്ക് ലഹരി നൽകും. സ്‌കൂൾ പരിസരത്ത് വച്ചുതന്നെ ലഹരി ഉപയോഗിച്ചാണ് വീട്ടിലേക്ക് മടങ്ങുക. ആദ്യം ഫ്രീ ആയിരുന്നു. പിന്നീട് കാരിയറാകാൻ ആവശ്യപ്പെട്ടു. പറയുന്ന ആൾക്ക് എത്തിച്ചാൽ ലഹരി സൗജന്യം.
വിവാഹ മോചനത്തിന് ശേഷം പിതാവ് ബംഗളുരുവിലാണ്. ലഹരി ഉപയോഗം അറിഞ്ഞ പിതാവ് നാട്ടിലെത്തി ബംഗളുരുവിലേക്ക് കൊണ്ടുപോയിരുന്നു. ലഹരി മാഫിയ അവിടെയും അവളെ വിട്ടില്ല. ബംഗളുരുവിൽ ഉണ്ടെന്ന് ഇൻസ്റ്റഗ്രാമിലൂടെ അറിഞ്ഞ ഗ്രൂപ്പിലുള്ള ഒരാൾ അവിടെ നിന്ന് എം.ഡി.എം.എ കോഴിക്കോട്ട് എത്തിക്കാനായി കൊടുത്ത് വിട്ടിരുന്നു.
പൊലീസും വിമുക്തിയും
സഹായിച്ചില്ലെന്ന് അമ്മ
'മകളുടെ കെെകളിൽ ബ്ലേഡ് വരഞ്ഞ മുറിവുകൾ കണ്ടതോടെയാണ് ശ്രദ്ധിച്ചത്. പിരിഞ്ഞ കാമുകനെ പേടിപ്പിക്കാൻ ചെയ്തതാണെന്നാണ് ആദ്യം പറഞ്ഞത്. ബ്ലേഡിന്റെ എഴുപതോളം വരകൾ കണ്ടതോടെയാണ് ലഹരി ഉപയോഗം സംശയിച്ചത്. അവളുടെ സ്വഭാവവും മാറിയിരുന്നു. ദേഷ്യം പിടിക്കും. ഭക്ഷണം കഴിക്കാതെ സ്‌കൂളിൽ പോകും. രാത്രി വെെകിയും ഉറങ്ങില്ല ഉറക്കത്തിൽ ഞെട്ടി എഴുന്നേൽക്കും. ഞാനും സ്‌കൂളിൽ പോയി. പല അപരിചിതരോടും അവൾ സംസാരിക്കുന്നത് കണ്ടു. ആദ്യം പൊലീസ് സ്റ്റേഷനിൽ പോയപ്പോൾ കേസെടുത്തില്ല. ആരോടും പറയേണ്ട എന്നായിരുന്നു പൊലീസിന്റെ ഉപദേശം. പല ആശുപത്രികളിലും ചൈൽഡ് വെൽഫെയർ കമ്മിറ്റിയിലും വിമുക്തിയിലും പോയി. ഫലമുണ്ടായില്ല. ഏറ്റവുമൊടുവിലാണ് സാമൂഹികപ്രവർത്തകരുടെ സഹായം തേടിയത്. അതിനുശേഷം വീണ്ടും പൊലീസിൽ പരാതി നൽകുകയായിരുന്നു - പെൺകുട്ടിയുടെ മാതാവ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |