തിരുവനന്തപുരം: കാർഷികരംഗത്ത് ഭാവി മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കാർഷിക മേഖലയിൽ മൂല്യവർദ്ധിത ശൃംഖലയുടെ വികസനം എന്ന ആശയത്തെ മുൻനിറുത്തി കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന 'വൈഗ 2023' പുത്തരിക്കണ്ടം മൈതാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ശാസ്‌ത്രീയമായ കൃഷിരീതിയുടെ പ്രചാരം,കാർഷികോത്പാദന ശേഖരവും വിപണനവും വർദ്ധിപ്പിക്കുക,മൂല്യവർദ്ധിത ഉത്‌പന്നങ്ങളുടെ വ്യവസായവത്ക്കരണം എന്നിവയാണ് സർക്കാർ ലക്ഷ്യം. ഇക്കാര്യങ്ങൾ നടപ്പിലാക്കാൻ കൃഷി വകുപ്പിന് സഹകരണസംഘങ്ങളും തദ്ദേശസ്ഥാപനങ്ങളും വ്യവസായവകുപ്പും പിന്തുണനൽകണം.സ്ഥിരതയുളള വിപണിയ്‌ക്കൊപ്പം കർഷകന് ഉയർന്ന തുകയും ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും.വൈഗയിലൂടെ പുതുതലമുറയെ ആകർഷിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി പി.പ്രസാദ് അദ്ധ്യക്ഷനായ ചടങ്ങിൽ പദ്മശ്രീ ജേതാവ് ചെറുവയൽ രാമനെയും നബാർഡ് ചെയർമാൻ കെ.വി.ഷാജിയെയും ആദരിച്ചു.സിക്കിം കൃഷി മന്ത്രി ലോക്‌നാഥ് ശർമ്മ,അരുണാചൽ പ്രദേശ് കൃഷി-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ടഗേ ടകി,ഹിമാചൽ പ്രദേശ് കൃഷി മന്ത്രി ചന്ദർ കുമാർ തുടങ്ങിയവർ മുഖ്യാതിഥികളായി. ചീഫ് സെക്രട്ടറി വി.പി.ജോയി,മേയർ ആര്യാ രാജേന്ദ്രൻ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ,കൃഷി വകുപ്പ് സെക്രട്ടറി ബി.അശോക് തുടങ്ങിയവർ പങ്കെടുത്തു.
കനത്ത സുരക്ഷയിൽ മുഖ്യമന്ത്രി
വൈഗയുടെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പുത്തരിക്കണ്ടത്ത് എത്തിയത് കനത്ത പൊലീസ് കാവലിൽ.പരിപാടിയിൽ മുഖ്യമന്ത്രിയെത്തുന്നതിന് മണിക്കൂറുകൾക്ക് മുന്നേ പൊലീസുകാർ നിലയുറപ്പിച്ചിരുന്നു. തിരുവനന്തപുരം ഡി.സി.പി വി.അജിത്തിന്റെ നേതൃത്വത്തിൽ ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണറും നാല് സി.ഐമാരുമാണ് നിയന്ത്രണം ഏറ്റെടുത്തത്.നിശ്‌ചിത അകലത്തിൽ ഇരുമ്പ് കമ്പി കൊണ്ട് വേർതിരിച്ചാണ് വേദിയും സദസും ക്രമീകരിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |