കീവ് : റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ അദ്ദേഹത്തിന്റെ അടുത്ത അനുയായികളിൽ ഒരാളുടെ കൈകളാൽ തന്നെ വധിക്കപ്പെടുമെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി. യുക്രെയിനിലെ റഷ്യൻ അധിനിവേശത്തിന്റെ ഒന്നാം വാർഷികവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ' ഇയർ" എന്ന ഡോക്യുമെന്ററിയിലാണ് സെലെൻസ്കിയുടെ പരാമർശം. വെള്ളിയാഴ്ചയാണ് ഈ ഡോക്യുമെന്ററി റിലീസ് ചെയ്തത്. പുട്ടിന്റെ ഭരണം ദുർബലമാകുന്ന കാലം തീർച്ചയായും റഷ്യയിലുണ്ടാകും. അന്ന് എല്ലാ വേട്ടക്കാരും ചേർന്ന് ആ വേട്ടക്കാരനെ ഇല്ലാതാക്കും. കൊലയാളിയെ വകവരുത്താനുള്ള ഒരു കാരണം അവർ കണ്ടെത്തും. ഇത് ഉറപ്പായും നടക്കുമെന്നും എന്നാൽ, എന്നാണെന്ന് തനിക്കറിയില്ലെന്നും സെലെൻസ്കി പറയുന്നു. യുക്രെയിൻ അധിനിവേശത്തിന്റെ പേരിൽ പുട്ടിനെതിരെ ഭരണകൂടത്തിനുള്ളിൽ തന്നെ കടുത്ത അതൃപ്തി നിലനിൽക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് സെലെൻസ്കിയുടെ പരാമർശം. എന്നാൽ റഷ്യൻ ഭരണകൂടത്തിലെ ഉന്നതർ അവരുടെ സ്ഥാനത്ത് തുടരുന്നത് തന്നെ പുട്ടിൻ കാരണമാണെന്നും അതിനാൽ അദ്ദേഹത്തിനെതിരെ അനുയായികൾക്കിടയിൽ ഒരു ഗൂഢാലോചനയുണ്ടാകാൻ സാദ്ധ്യത നിലവിൽ ഇല്ലെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |