SignIn
Kerala Kaumudi Online
Tuesday, 23 April 2024 4.39 PM IST

കോടതികളുടെ സമയം കളയുന്ന 'റൊമാൻസ് '

opinion

' റൊമാൻസ് ' എന്ന വാക്കു കേൾക്കുമ്പോൾ ഏവരുടെയും മനസിൽ പ്രണയാതുരമായ ഓർമ്മകളാണ് ഉണരുക. എന്നാൽ, ഈ വാക്ക് കേൾക്കുമ്പോഴെ രാജ്യത്തെ കോടതികൾക്ക് ദേഷ്യം വന്നുതുടങ്ങിയിട്ടുണ്ട്. കാരണം, ഇപ്പോൾ കോടതികളിൽ എത്തുന്ന ഭൂരിഭാഗം കേസുകളും പ്രണയവുമായി ബന്ധപ്പെട്ടതാണ്. അവയിൽ 90 ശതമാനവും കോടതികളുടെ സമയം കളയുന്നതാണെന്നാണ് വിലയിരുത്തൽ. ഈ അതീവഗുരുതര സാഹചര്യം സുപ്രീംകോടതി ജഡ്‌ജിയും ജുവനൈൽ ജസ്‌റ്റിസ് കമ്മിറ്റി ചെയർമാനുമായ ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് കഴിഞ്ഞ ദിവസം വിശദീകരിച്ചത് എടുത്തു പറയേണ്ടതാണ്. ഇത്തരം കേസുകൾക്ക് അദ്ദേഹം നൽകിയ പേരാണ് 'റൊമാൻസ് കേസുകൾ' എന്നാണ്.

അനാവശ്യമായി ഫയൽ ചെയ്യുന്ന റൊമാൻസ് കേസുകൾ കോടതികൾക്ക് അമിത ഭാരമായി മാറുന്നുവെന്നാണ് ജസ്റ്റിസ് രവീന്ദ്രഭട്ട് കേരള ഹൈക്കോടതി സംഘടിപ്പിച്ച റീജിയണൽ ജുഡീഷ്യൽ കോൺഫറൻസിൽ വ്യക്തമാക്കിയത്. ' പോക്‌സോ കേസുകളിൽ 25 ശതമാനവും പ്രണയബന്ധത്തെ തുടർന്നുള്ളതാണെന്ന് മഹാരാഷ്ട്രയിൽ നടത്തിയ ഒരു പഠനത്തിൽ വ്യക്തമായിട്ടുണ്ട്. കുട്ടികളുടെ സംരക്ഷണം ലക്ഷ്യമാക്കിയുള്ള വ്യവസ്ഥകൾ മുതിർന്നവർ വളച്ചൊടിക്കുന്ന സന്ദർഭങ്ങളുണ്ട്. പെൺകുട്ടിയുടെ വീട്ടുകാർക്ക് ആൺകുട്ടി സ്വീകാര്യനല്ലെങ്കിൽ പോക്‌സോ നിയമപ്രകാരം ഗുരുതര കുറ്റമാരോപിക്കുന്ന സ്ഥിതിയുണ്ട്. കുറ്റകൃത്യങ്ങളിൽ കുട്ടികളുടെ പ്രായനിർണയം ബുദ്ധിമുട്ടുണ്ടാക്കുന്ന ഘടകമാണ്. ഇക്കാര്യത്തിൽ ആധുനിക മാർഗങ്ങൾ ഉപയോഗപ്പെടുത്തണം.' പോക്‌സോ കേസിൽ പ്രായപരിധി 18 ൽ നിന്ന് 16 ആക്കണമെന്ന സുപ്രധാന നിർദ്ദേശവും മുന്നോട്ടുവച്ചാണ് ജസ്റ്റിസ് രവീന്ദ്ര ഭട്ട് പ്രസംഗം അവസാനിപ്പിച്ചത്. അടുത്തകാലത്ത് നാട്ടിലും രാജ്യത്തുമുണ്ടായ സംഭവവികാസങ്ങൾ സൂക്ഷ്‌മമായി പരിശോധിച്ചാൽ ജസ്റ്റിസ് പറഞ്ഞതെല്ലാം അപ്രിയ സത്യങ്ങളും ഗൗരവമേറിയതുമാണ്.

ലൈംഗികാതിക്രമങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാനായി 2012 ൽ രാജ്യത്ത് നിലവിൽ വന്നതാണ് പോക്‌സോ നിയമം. ആൺ - പെൺ വ്യത്യാസമില്ലാതെ ലൈംഗിക ചൂഷണത്തിന് ഇരയാകുന്ന 18 വയസിന് താഴെയുള്ള എല്ലാവർക്കും ഈ നിയമം സംരക്ഷണം നൽകുന്നു. 2019 ൽ നിലവിൽ വന്ന പോക്‌സോ ഭേദഗതി നിയമപ്രകാരം 16 വയസിൽ താഴെയുള്ളവരെ പീഡിപ്പിച്ചാൽ വധശിക്ഷ വരെ നൽകാമെന്ന് വ്യവസ്ഥ ചെയ്യുന്നു. എന്നാൽ, പോക്‌സോ നിയമപ്രകാരം കേസെടുക്കേണ്ട പ്രായപരിധി 16 ആക്കണമെന്ന ജസ്‌റ്റിസ് രവീന്ദ്ര ഭട്ടിന്റെ നിർദ്ദേശം കോടതികളിലെത്തുന്ന നിരവധി വ്യാജകേസുകളുടെ അടിസ്ഥാനത്തിലാണെന്ന് വ്യക്തം.

ഓരോ വർഷവും സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന പോക്‌സോ കേസുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ ശിക്ഷിക്കപ്പെടുന്നത് നാലിലൊന്ന് പേർ മാത്രമാണ്. പോക്‌സോ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ വിഷയം തന്നെയാണ് റൊമാൻസ് കേസുകളെന്ന രൂപത്തിൽ ജസ്‌റ്റിസ് രവീന്ദ്ര ഭട്ട് പറഞ്ഞുവച്ചതും.

2020 ഏപ്രിലിൽ പത്തനംതിട്ടയിൽ ഒരു അമ്മയ്‌ക്കെതിരെ കേസെടുക്കാൻ പോക്‌സോ കോടതി ഉത്തരവിട്ടത് മക്കളെക്കൊണ്ട് വ്യാജ പരാതി നൽകിയ കേസിലാണ്. ഭർത്താവുമായി അകന്നു കഴിയുന്ന ഇവർ വൈരാഗ്യം തീർക്കാനായി മക്കളെ ഉപയോഗിക്കുകയായിരുന്നു. അച്ഛനും സുഹൃത്തും ചേർന്ന് പീഡിപ്പിച്ചുവെന്നായിരുന്നു പെൺകുട്ടികളുടെ പരാതി. ഇതിലെ സത്യാവസ്ഥ മനസിലാക്കിയ കോടതി ഇരുവരെയും വെറുതെവിട്ടാണ് മാതാവിനെതിരെ കേസെടുത്തത്. ഒരു കാര്യവുമില്ലാത്ത ഇത്തരം കേസുകൾക്കായി കോടതികളുടെ എത്രയോ വിലപ്പെട്ട സമയമാണ് നഷ്ടപ്പെടുന്നതെന്ന് ചിന്തിക്കണം. കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി പോക്സോ നിയമം വന്നതിനു പിന്നാലെ പ്രത്യേക കോടതികളും സ്ഥാപിക്കപ്പെട്ടു. ഇതിനായി സ്റ്റാഫ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾക്കായി കോടികളാണ് ചെലവഴിക്കുന്നത്. സമീപകാല സംഭവങ്ങളുടെ പശ്‌ചാത്തലത്തിൽ പോക്‌സോ നിയമത്തെക്കുറിച്ച് കൂടുതൽ അവബോധം വളർത്തേണ്ടതുണ്ട്. കുട്ടികൾ, മാതാപിതാക്കൾ, അന്വേഷണ ഉദ്യോഗസ്ഥർ, അദ്ധ്യാപകർ എന്നിവർക്ക് ബോധവത്ക്കരണ ക്‌ളാസുകൾ അനിവാര്യമാണ്. കർശനമായ നിയമമായതിനാൽ കുറ്റക്കാർക്ക് കടുത്തശിക്ഷ ലഭിക്കുന്നുണ്ട്. എന്നാൽ, നിയമത്തിന്റെ ദുരുപയോഗം സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾ ചില്ലറയല്ല. ഇക്കാര്യത്തിലാണ് ഇനി മാറ്റവും പരിഹാരവും ഉണ്ടാകേണ്ടത്.

കേസിന്റെ വിചാരണ ഘട്ടങ്ങളിൽ പോക്‌സോ കേസുകളിൽ ഒത്തുതീർപ്പുമായി ഇരകൾ രംഗത്തെത്തുന്ന സംഭവങ്ങളും നിരവധിയാണ്. അതിനെതിരെ സുപ്രീംകോടതി കടുത്ത ഭാഷയിൽ നിരീക്ഷണങ്ങൾ നടത്തിയതും നാം ഓർക്കണം. ഒത്തുതീർപ്പ് ഉണ്ടാക്കിയതുകൊണ്ടുമാത്രം പോക്‌സോ കേസ് അവസാനിപ്പിക്കാൻ കഴിയില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകൾ ഒത്തുതീർക്കാൻ പ്രതികൾ പലവഴികളിലൂടെ ശ്രമിക്കുന്നതാണ് ഓരോ ദിവസവും കാണാൻ കഴിയുന്നത്. ഇക്കാര്യത്തിൽ സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് അന്തിമമായ ഒരു വിധി ഇതുവരെ പുറത്തുവന്നിട്ടില്ല. എങ്കിലെ ഇത്തരം കേസുകളിൽ ഇരകൾക്ക് നീതി ഉറപ്പാക്കാൻ കഴിയൂ. കുട്ടികൾക്കെതിരെയുള്ള അതിക്രമ കേസുകളിൽ വേഗത്തിൽ വിചാരണ നടപടികൾ പൂർത്തിയാക്കി ശിക്ഷ ഉറപ്പാക്കാനാണ് ശ്രമിക്കേണ്ടത്.. എന്നാൽ എന്തുകൊണ്ട് ശിക്ഷ ഉറപ്പാക്കാനും സമയബന്ധിതമായി വിചാരണ പൂർത്തിയാക്കാനും കഴിയാതെ വരുന്നു എന്ന് ജ്യുഡിഷറിയുടെ ഭാഗത്തു നിന്ന് പരിശോധിക്കണമെന്ന വാദമുയരുമ്പോഴാണ് കേസുകളുടെ പൊള്ളത്തരത്തെക്കുറിച്ച് മുതിർന്ന ജഡ്‌ജിക്ക് തുറന്നു പറയേണ്ടിവന്നത്. കേസുകളിൽ തെളിവുകളെ ആധാരമാക്കിയേ കോടതികൾക്ക് വിധി പറയാൻ കഴിയൂ. അതിനാൽ പോക്‌സോ കേസുകളിലെ ഇരകൾ കുട്ടികളാണെന്ന തിരിച്ചറിവാണ് നിയമപാലകർക്ക് ആദ്യം ഉണ്ടാകേണ്ടത്. അന്വേഷണ സംഘങ്ങളും കോടതികളിൽ കേസ് വാദിക്കുന്ന പ്രോസിക്യൂട്ടറും ഇരയോടൊപ്പം നിൽക്കണം. പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാനുള്ള നീതിയുടെ പക്ഷത്തെ മാനസികാവസ്ഥ അവരിൽ ഉണരണം. ഒത്തുതീർപ്പുകൾക്കും തെറ്റായ കേസുകൾക്കുമായി ഒരിക്കലും നിൽക്കരുത്. ഇത് പലപ്പോഴും ഉണ്ടാകാത്തതാണ് പാേക്‌സോ കേസുകളുടെ പരാജയം.

പോക്‌സോ കേസുകളുടെ കാര്യത്തിൽ ഇപ്പോഴും ഒരു ഏകോപനമില്ലെന്ന കാര്യം എടുത്തുപറയേണ്ടതാണ്. ആരെങ്കിലും പരാതിയുമായി എത്തിയാൽ പൊലീസ് കേസെടുക്കുന്ന സ്ഥിതിയാണ്. പരാതിയിൽ വാസ്തവമുണ്ടോയെന്ന് പരിശോധിക്കാൻ ധൈര്യപ്പെടുന്നത് ചുരുക്കം ഉദ്യോഗസ്ഥർ മാത്രമാണ്. അതിനാൽ തെറ്റായി രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകൾ കോടതിയിലെത്തുമ്പോഴാണ് പിടിക്കപ്പെടുന്നത്. അപ്പോഴേക്കും പ്രതിയാക്കപ്പെട്ടയാൾ സമൂഹത്തിന് മുന്നിൽ ശിക്ഷിക്കപ്പെട്ടിരിക്കും. പ്രോസിക്യൂഷൻ വീഴ്ച മൂലം പ്രതികൾ രക്ഷപ്പെടുന്ന സംഭവങ്ങളുമുണ്ട്. ഇതിനെല്ലാം പരിഹാരം കാണണമെങ്കിൽ പോക്‌സോ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ഏകീകൃത മാനദണ്ഡം ഉണ്ടാകേണ്ടതുണ്ട്. അത് നടപ്പായാൽ കോടതികൾക്ക് സമയം മെനക്കെടുന്നതും നിരപരാധികൾ മാനസികമായി തകർക്കപ്പെടുന്നതും ഒഴിവാക്കാനാകും. ആ നിലയിൽ ജുഡീഷറിയും സർക്കാരും ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതിന്റെ സൂചനകളിലൊന്നു മാത്രമാണ് ജസ്‌റ്റിസ് രവീന്ദ്ര ഭട്ടിന്റെ നിരീക്ഷണങ്ങൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ROMANCE CASES AND COURT
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.