വരാപ്പുഴ: മുട്ടിനകം പടക്കശാല സ്ഫോടനക്കേസിൽ ഒളിവിലായിരുന്ന പ്രതി മുട്ടിനകം ഈരയിൽ വീട്ടിൽ ജെയ്സണി (36)നെ വരാപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ കഡിയിലെടുത്ത ഇയാളെ സ്റ്റേഷനിൽ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.ഒന്നും രണ്ടും പ്രതികളായ ലൈസൻസി ഈരയിൽ ജെൻസൺ, കെട്ടിട ഉടമ കൂരൻ മത്തായി എന്നിവർക്കെതിരെ ചുമത്തിയിട്ടുള്ള നരഹത്യാക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ തന്നെയാണു ജെയ്സണിനെതിരെയും ചുമത്തിയിട്ടുള്ളത്. ഒളിവിൽ തുടരുന്ന ഒന്നാം പ്രതി ജെൻസണിന്റെ സഹോദരനാണ് ജെയ്സൺ. അനധികൃത പടക്കശാലയുടെ നടത്തിപ്പിൽ ഇയാൾക്കും പങ്കുണ്ടെന്നും വാഹനത്തിൽ വെടിമരുന്നും പടക്കങ്ങളും കൊണ്ടു വരാനും സംഭരിക്കാനും ഇയാൾ സഹോദരങ്ങൾക്കൊപ്പം ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.
ലൈസൻസ് റദ്ദാക്കി
തൃക്കാക്കര: വരാപ്പുഴയിൽ സ്ഫോടനമുണ്ടായ പടക്ക സംഭരണശാല ഉടമയുടെ പടക്ക വ്യാപാര ലൈസൻസ് ജില്ലാ ഭരണകൂടം റദ്ദാക്കി. സംഭവത്തെക്കുറിച്ച് മജിസ്റ്റീരിയൽ അന്വേഷണമുണ്ടാകും. സബ് കളക്ടറെ അന്വേഷണച്ചുമതല ഏൽപ്പിക്കും. വിവിധ ഏജൻസികളുടെ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ നടപടി കൈക്കൊള്ളും. 500 കിലോ ചൈനീസ് പടക്കവും 100 കിലോ ഇതര പടക്കങ്ങളും വിൽക്കാനാണ് ഉടമയ്ക്ക് ലൈസൻസ് ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |