തിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾക്കുള്ള തയാറെടുപ്പുകൾ പൂർത്തിയായതായി മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. 9ന് ആരംഭിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷ 29ന് അവസാനിക്കും. 2,960 പരീക്ഷാ സെന്ററുകളിലായി 4,19,362 റഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളുമാണ് പരീക്ഷയെഴുതുന്നത്. ഇതിൽ 2,13,801 ആൺകുട്ടികളും 2,05,561 പെൺകുട്ടികളുമാണ്.
ഗൾഫ് മേഖലയിൽ എട്ട് സ്കൂളുകളിലായി 518 വിദ്യാർത്ഥികളും ലക്ഷദ്വീപിൽ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാർത്ഥികളും പരീക്ഷയെഴുതുന്നുണ്ട്.
മൂല്യനിർണയം 70 ക്യാമ്പുകളിലായി ഏപ്രിൽ 3 മുതൽ 26 വരെ നടക്കും. ടാബുലേഷൻ പ്രവർത്തനങ്ങൾ ഏപ്രിൽ 5 മുതൽ പരീക്ഷാഭവനിൽ ആരംഭിക്കും. മേയ് രണ്ടാം വാരത്തിൽ ഫലം പ്രസിദ്ധീകരിക്കും.
10മുതൽ 30വരെ നടക്കുന്ന ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് 2023 പരീക്ഷാ കേന്ദ്രങ്ങളിലായി 4,25,361പേർ പ്ളസ്‌വൺ പരീക്ഷയും 4,42,067പേർ പ്ളസ്‌ടു പരീക്ഷയും എഴുതും. ഏപ്രിൽ 3 മുതൽ മേയ് ആദ്യവാരം വരെ നടക്കുന്ന 80 മൂല്യനിർണയ ക്യാമ്പുകളിൽ 25,000 അദ്ധ്യാപകർ പങ്കെടുക്കും.
10 മുതൽ 30 വരെ നടക്കുന്ന വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ 389 കേന്ദ്രങ്ങളിലായി ഒന്നാം വർഷത്തിൽ 28,820ഉം രണ്ടാം വർഷത്തിൽ 30,740ഉം വിദ്യാർത്ഥികൾ എഴുതും.
എട്ട് മൂല്യനിർണയ കേന്ദ്രങ്ങളിലായി 3,500 അദ്ധ്യാപകർ ഏപ്രിൽ 3 മുതൽ മൂല്യനിർണയം ആരംഭിക്കും.
പത്ത്, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളെല്ലാം രാവിലെ 9.30ന് ആരംഭിക്കും. ഒന്നുമുതൽ 9 വരെയുള്ള ക്ലാസുകളിലെ പരീക്ഷ 13ന് ആരംഭിച്ച് 30ന് അവസാനിക്കും.
പരീക്ഷാഹാളിനു മുന്നിൽ വെള്ളം വയ്ക്കണം
ചൂട് കൂടുന്ന സാഹചര്യത്തിൽ പരീക്ഷാഹാളിനുമുന്നിൽ കുടിവെള്ളം വയ്ക്കണമെന്ന് സ്കൂളുകൾ നിർദ്ദേശം നൽകിയിട്ടുണ്ട്. ഒന്നിടവിട്ട ദിനങ്ങളിൽ പത്ത്, ഹയർ സെക്കൻഡറി പൊതുപരീക്ഷകൾ നടക്കുന്നതിനാലാണ് മറ്റു ക്ളാസുകളിലെ പരീക്ഷകൾ ഉച്ചയ്ക്കാക്കിയത്. ചൂടിൽ കുഞ്ഞുങ്ങളുടെ യാത്ര സംബന്ധിച്ച് ആശങ്കയുണ്ടെന്നും അടുത്തവർഷം മുതൽ പരീക്ഷാസമ്പ്രദായത്തിൽ മാറ്റം വരുത്തുന്നത് പരിഗണിക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
പരീക്ഷപ്പേടി അകറ്റാൻ പദ്ധതികളുമായി വിദ്യാഭ്യാസ വകുപ്പ്
കുട്ടികൾക്കായി ടോൾ ഫ്രീ നമ്പർ
തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷയുമായി ബന്ധപ്പെട്ടുള്ള കുട്ടികളുടെ സമ്മർദ്ദം ലഘൂകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ്, ഹയർസെക്കൻഡറി കരിയർ ഗൈഡൻസ് ആൻഡ്
അഡോളസെന്റ് കൗൺസലിംഗ് സെല്ലിന്റെ നേതൃത്വത്തിൽ വി ഹെൽപ്പ് എന്ന ടോൾഫ്രീ ടെലിഫോൺ സഹായകേന്ദ്രം ആരംഭിച്ചു. പരീക്ഷ അവസാനിക്കുന്നതുവരെ എല്ലാ പ്രവൃത്തി ദിനങ്ങളിലും രാവിലെ 7 മുതൽ വൈകിട്ട് 7 വരെ 18004252844 ൽ സൗജന്യമായി കൗൺസലിംഗ് ലഭ്യമാകും. ഹയർസെക്കൻഡറി സ്കൂളുകളിലും സൗഹൃദ കോഓർഡിനേറ്ററുടെ നേതൃത്വത്തിൽ കൗൺസലിംഗ് ഒരുക്കിയിട്ടുണ്ട്.
സ്കൂൾതലത്തിൽ എല്ലാ പൊതുപരീക്ഷകൾക്ക് തയാറെടുക്കുന്നവർക്കും ഈ
സേവനം പ്രയോജനപ്പെടുത്താം.
വി.എച്ച്.എസ്.ഇക്കായി ഹൗ ആർ യു
പരീക്ഷാആശങ്ക അകറ്റുന്നതിന് വി.എച്ച്.എസ്.ഇ വിദ്യാർത്ഥികൾക്കായി 8 മുതൽ ഒരുങ്ങുന്ന ഹെൽപ്പ് ലൈനാണ് ഹൗ ആർ യു. പൊതുപരീക്ഷാ ദിവസങ്ങളിൽ വൈകിട്ട് 4.30 മുതൽ 6.30 വരെ പ്രശസ്ത സൈക്കോളജിസ്റ്റുകൾ ടെലികൗൺസലിംഗ് നടത്തും. നമ്പർ: 0471- 2320323. പരീക്ഷ സംബന്ധിച്ച സംശയങ്ങൾക്ക് പ്രവൃത്തി ദിനങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ വിളിക്കാം.
പ്രത്യേക പരിപാടിയും
പരീക്ഷകളെ ആത്മവിശ്വാസത്തോടെ നേരിടാൻ കുട്ടികൾക്ക് പിന്തുണ നൽകാൻ പൊതുവിദ്യാഭ്യാസ മന്ത്രി, പ്രിൻസിപ്പൽ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, വിദഗ്ദ്ധർ, തുടങ്ങിയവർ ആശയ വിനിമയം നടത്തുന്ന പ്രത്യേക പരിപാടിയും വിദ്യാഭ്യാസ വകുപ്പിന്റെ ആലോചനയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |