തൃശൂർ: കരിങ്കൊടി കാണിക്കാനെന്നപേരിൽ കറുത്ത തുണിയിൽ കല്ല് കെട്ടി കോൺഗ്രസുകാർ മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാൻ തുനിഞ്ഞാൽ ജനങ്ങൾ തന്നെ എതിർക്കാൻ മുന്നിട്ടിറങ്ങുമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് തേക്കിൻകാട് മൈതാനത്ത് നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജാഥ തൃശൂരിലെത്തും മുമ്പേ വേദിയിലെത്തിയ ഇ.പി ഒരു മണിക്കൂറോളം പ്രസംഗിച്ചത് സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ്. ജാഥ തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും മഹാസംഗമമാകുമെന്നും അദ്ദേഹം പറഞ്ഞു.
താൻ ജാഥയിൽ പങ്കെടുക്കാത്തതിൽ മാദ്ധ്യമങ്ങൾക്കായിരുന്നു പരാതി. പ്രായമാകുമ്പോൾ ശാരീരിക പ്രശ്‌നങ്ങളുണ്ടാകുമെന്നും പഴയതുപോലെ ഓടിനടക്കാൻ കഴിയില്ലെന്നും ജയരാജൻ വ്യക്തമാക്കി.
കേരളത്തിന്റെ വികസനം തകർക്കാനാണ് കോൺഗ്രസിന്റെ നീക്കം. എന്തും ചെയ്യാൻ മടിക്കാത്തവരാണവർ. കോൺഗ്രസിന്റെ നിലപാടിൽ വ്യക്തത വേണം. ബി.ജെ.പിയെ എതിർക്കാൻ ത്രാണിയില്ലെങ്കിൽ അത് തുറന്നുപറയണം. എന്ത് വിശാല മുന്നണിയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. ബി.ജെ.പിക്കെതിരെയുള്ള ബദലാകാൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്കേ കഴിയൂ. കരുണാകരനെ വീഴ്ത്താൻ കോൺഗ്രസുകാർ ചാരക്കേസ് ഉണ്ടാക്കി. മറിയം റഷീദയുടെയും ഫൗസിയയുടെയും പേരിൽ ശാസ്ത്രജ്ഞൻ നമ്പി നാരായണനെ അപകീർത്തിപ്പെടുത്തി. ഇന്നും അത്തരം വേട്ടയാടലുകൾ തുടരുന്നു.
മതവിദ്വേഷം ഇളക്കിവിടുകയാണ് ആർ.എസ്.എസ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. എം.വി.ഗോവിന്ദൻ വേദിയിലെത്തി പ്രസംഗം തുടങ്ങിയ ശേഷമാണ് ഇ.പി മടങ്ങിയത്.
ജാഥയിൽ പങ്കെടുത്തത് പാർട്ടി
നിർദ്ദേശപ്രകാരമല്ല: ഇ.പി
തൃശൂർ: പാർട്ടിയുമായി ഇടഞ്ഞിട്ടില്ലെന്നും ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കുന്നത് പ്രത്യേക നിർദ്ദേശ പ്രകാരമല്ലെന്നും എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ, ജാഥയിൽ പങ്കെടുക്കാൻ തൃശൂരിലെത്തിയതായിരുന്നു അദ്ദേഹം.
താൻ ജാഥയിൽ പങ്കെടുക്കുന്നില്ലെന്നത് മാദ്ധ്യമങ്ങളുണ്ടാക്കിയ പ്രശ്നമാണ്. മാദ്ധ്യമങ്ങളെ ഒന്ന് സാന്ത്വനപ്പെടുത്താമെന്ന് കരുതിയാണ് ഇപ്പോൾ വന്നത്. ജാഥ മാത്രമല്ല സംഘടനാ പ്രവർത്തനം. ജാഥയിൽ പങ്കെടുക്കാൻ ഇനിയും വൈകിയിട്ടില്ല. ജാഥയുടെ തുടക്കത്തിൽ എല്ലാ നേതാക്കളും വരണമെന്നില്ല. പങ്കെടുക്കേണ്ടവർ വരും. ചുമതലപ്പെടുത്തിയവർ നിശ്ചയമായും പങ്കെടുക്കും. തൃശൂരുമായി അടുത്ത ബന്ധമുണ്ട്. ആരും അറിയാതെ തൃശൂരിൽ വരാറുണ്ട്. പ്രായമായതിനാൽ പല നേതാക്കൾക്കും പഴയ പോലെ ഓടിച്ചാടി നടക്കാനാവില്ല. മറിച്ചുള്ള വ്യാഖ്യാനം ശരിയല്ല.
സി.പി.എം എല്ലാക്കാലത്തും മാദ്ധ്യമ സ്വാതന്ത്ര്യത്തിനായി നിലകൊണ്ടിട്ടുണ്ട്. ഏഷ്യാനെറ്റ് ഓഫീസിലെ പ്രതിഷേധത്തിൽ എസ്.എഫ്.ഐയുടെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്ന് പാർട്ടി പരിശോധിക്കും. ഒരു കൈയേറ്റത്തെയും പാർട്ടി അംഗീകരിക്കുന്നില്ല. വൈദേകം റിസോർട്ട് ആയുർവേദ ചികിത്സാകേന്ദ്രമാണെന്നും അവർക്ക് വേണ്ട ഉപദേശവും നിർദ്ദേശവും നൽകിയിട്ടുണ്ടെങ്കിലും അവരുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി മോഹം
നടക്കില്ല : എം.വി.ഗോവിന്ദൻ
ചെറുതുരുത്തി: കേരളം ഭരിക്കാമെന്ന ബി.ജെ.പിയുടെ മോഹം നടക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ സി.പി.എം നേതാക്കളെ വധിക്കാൻ ബി.ജെ.പി പരസ്യമായി ആഹ്വാനം ചെയ്യുകയാണ്. ബി.ജെ.പിയുടെ ഈ കിരാതവാഴ്ചക്കെതിരെ എല്ലാ പാർട്ടി ഘടകങ്ങളും ശക്തമായ പ്രതിഷേധം ഉയർത്തണമെന്നും പത്രസമ്മേളനത്തിൽ പറഞ്ഞു.പണാധിപത്യം കൊണ്ട് ജനങ്ങളെയും അധികാരത്തെയും വിലക്കുവാങ്ങാൻ കഴിയുമെന്ന് കരുതിയാണ് ബി.ജെ.പി കേരളം പിടിക്കാനിറങ്ങുന്നതെങ്കിൽ അതിവിടെ നടക്കില്ല. ബി.ജെ.പിയുടെ ആ സ്വപ്നം സ്വപ്നമായിതന്നെ ഇരിക്കും. ബി.ജെ.പിക്ക് 15 ശതമാനത്തിനടുത്ത് വോട്ടുവിഹിതമുണ്ടായിരുന്നത് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 12 ശതമാനത്തിനടുത്തായി കുറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |