കൊച്ചി: ജഡ്ജിമാർക്ക് കൈക്കൂലി നൽകാനെന്ന പേരിൽ കക്ഷികളിൽ നിന്ന് 77 ലക്ഷം രൂപ കൈപ്പറ്റിയ കേസിലെ പ്രതി ഹൈക്കോടതി അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരെ വഞ്ചനക്കേസും. കോതമംഗലം കോട്ടപ്പടി സ്വദേശിയിൽ നിന്ന് കേസ് പിൻവലിക്കാമെന്ന് വിശ്വസിപ്പിച്ച് 5 ലക്ഷംരൂപ സൈബി വാങ്ങിയതായാണ് പരാതി. പരാതിക്കാരനെതിരെ ഉണിച്ചിറ സ്വദേശിയായ ഭാര്യ വിവാഹമോചനത്തിനും ഗാർഹിക പീഡനത്തിനും കേസ് കൊടുത്തിരുന്നു. ഭാര്യയുടെ അഭിഭാഷകനായിരുന്ന സൈബി രണ്ട് കേസുകളും പിൻവലിക്കാൻ പത്തുലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. പിന്നീട് അഞ്ച് ലക്ഷമായി കുറച്ചു. ഈ തുക സൈബിയുടെ വീട്ടിൽ വച്ച് കൈമാറിയതായി പരാതിയിൽ പറയുന്നു.
വിവാഹമോചനക്കേസ് എറണാകുളം കുടുംബകോടതിയും ഗാർഹിക പീഡനക്കേസ് ആലുവ ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുമാണ് പരിഗണിച്ചിരുന്നത്. ഗാർഹിക പീഡനക്കേസ് കോടതി തീർപ്പാക്കി. വിവാഹമോചനക്കേസ് തുടരുകയാണ്. ഗൾഫിൽ ജോലിചെയ്തിരുന്ന പരാതിക്കാരനെ കേസുള്ളതിനാൽ ഗൾഫിൽ പോകാനാവില്ല തുടങ്ങിയ കാര്യങ്ങൾ പറഞ്ഞ് സൈബി ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.
2013ലെ സംഭവത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പരാതി നൽകിയത്. ഭീഷണിപ്പെടുത്തൽ, ചതി, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്തതായി ചേരാനെല്ലൂർ പൊലീസ് പറഞ്ഞു. ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയ കേസിൽ സൈബിക്കെതിരെ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷണം തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |