SignIn
Kerala Kaumudi Online
Friday, 19 April 2024 7.41 PM IST

നിർമ്മിതബുദ്ധികാലത്തെ സ്ത്രീ

women-

ലിംഗനീതിയെക്കുറിച്ചുള്ള ചർച്ചകൾ വളരെ ശക്തമായി മുന്നോട്ടു പോകുന്നതിനിടെ ഒരു അന്താരാഷ്ട്ര വനിതാദിനം കൂടി. ''ഡിജിറ്റ് ഓൾ: നവീനതയും സാങ്കേതിക വിദ്യയും ലിംഗസമത്വത്തിന്'' എന്നതാണ് ഇത്തവണ വനിതാ ദിനത്തിന് ഐക്യരാഷ്ട്രസഭ മുന്നോട്ടു വയ്ക്കുന്ന മുദ്രാവാക്യം. സാങ്കേതികവിദ്യ അതിവേഗം ബഹുദൂരം മുന്നോട്ടു പോകുമ്പോൾ ലിംഗപരമായ സാമൂഹിക അസമത്വത്തെ എങ്ങനെ മറികടക്കാമെന്നും, സാങ്കേതിക മേഖലയിലെ ലിംഗവിവേചനം എത്രത്തോളമെന്നുമുള്ള ചർച്ചയാണ് ഈ മുദ്രാവാക്യത്തിന്റെ ഉദ്ദേശ്യം.

മനുഷ്യസമാനമായ ചിന്താശേഷിയുള്ള, ക്രിയാത്മകമായ മെഷീനുകളുടെ ആവിർഭാവത്തോളം ശാസ്ത്രം വളർന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ജീവിതത്തിന്റെ സമസ്ത മേഖലകളിലും വ്യാപകമാകാൻ അധികകാലം വേണ്ടിവരില്ലെന്നാണ് സാങ്കേതിക മേഖലയിലെ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. ശാസ്ത്ര സാങ്കേതികവിദ്യയുടെ നേട്ടങ്ങൾ പലപ്പോഴും സ്ത്രീവിരുദ്ധമായി ഉപയോഗിക്കപ്പെടുന്നു എന്നതും പരിശോധിക്കപ്പെടണം.

ആരോഗ്യമുള്ള കുഞ്ഞിന്റെ പിറവി ഉറപ്പുവരുത്താൻ ആധുനിക ശാസ്ത്രം കണ്ടെത്തിയിട്ടുള്ള ശാസ്ത്രീയ നേട്ടമാണ് അംനിയോസിന്തസിസ്. ഗർഭസ്ഥശിശുവിന്റെ ആരോഗ്യം നിർണയിക്കാൻ കണ്ടുപിടിക്കപ്പെട്ട ഈ ശാസ്ത്രീയ നേട്ടം ലിംഗനിർണയത്തിനായി ഉപയോഗപ്പെടുത്തുകയും പെൺഭ്രൂണഹത്യയ്ക്ക് ഇടവരുത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് പ്രീനേറ്റൽ ഡയഗ്‌നോസ്റ്റിക്‌സ് ടെക്‌നിക്സ് (പ്രൊഹിബിഷൻ ഒഫ് സെക്‌സ് സെലക്ഷൻ) ആക്ട് 1994 കൊണ്ടുവരാൻ നിർബന്ധിതമായത്. അതുകൊണ്ടുതന്നെ ശാസ്ത്രീയ നേട്ടങ്ങൾ, മനുഷ്യരാശിയുടെ ഉന്നമനത്തിനും സ്ത്രീവിരുദ്ധ നിലപാടുകളെ എതിർക്കാനും മറികടക്കാനും ഉപയോഗിക്കേണ്ടതുണ്ട്.

സാങ്കേതികവിദ്യയിലും സാങ്കേതിക മേഖലയിലും സ്ത്രീകളുടെ പങ്ക് താരതമ്യേന കുറവാണ്. ലോകത്ത് മുൻനിരയിലുള്ള ടെക് കമ്പനികളുടെ തലപ്പത്തെ സ്ത്രീപങ്കാളിത്തം പരിശോധിച്ചാൽ ഇത് വ്യക്തമാകും. ആഗോള തൊഴിൽമേഖലയിലെ സ്ത്രീപങ്കാളിത്തം മെച്ചപ്പെടുമ്പോഴും ശാസ്ത്രസാങ്കേതിക മേഖലയിൽ ഇത് വളരെ കുറവാണ്. ആഗോളതലത്തിൽ 38 കോടിയിലധികം സ്ത്രീകളും കുട്ടികളും അതിദാരിദ്ര്യത്തിലാണെന്ന് ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പറയുന്നു. നിലവിലെ അവസ്ഥ തുടർന്നാൽ 2030 ആകുമ്പോഴേക്കും ഇത് വളരെയധികം വർദ്ധിക്കും. തൊഴിലിടങ്ങളിലെ കണക്ക് നോക്കിയാൽ മാനേജർ പോസ്റ്റുകളിൽ മൂന്നിലൊന്ന് മാത്രമാണ് സ്ത്രീകൾ. ഈ നില തുടർന്നാൽ ലിംഗസമത്വത്തിലേക്കെത്തിച്ചേരാൻ 130 വർഷമെടുക്കും. തൊഴിൽമേഖലയിലെ പങ്കാളിത്തം നോക്കിയാൽ, 169 രാജ്യങ്ങളിൽ കൊവിഡിനു മുമ്പുള്ള നിരക്കിലും സ്ത്രീകളുടെ എണ്ണം കുറവാണ്. ശാസ്ത്രസാങ്കേതിക മേഖലയിൽ ഇപ്പോഴും പത്തിൽ രണ്ടെന്നാണ് സ്ത്രീകളുടെ നിരക്ക്. പല രാജ്യങ്ങളും ജെൻഡർ ബജറ്റ് മുന്നോട്ട് വയ്ക്കുമ്പോഴും 26 ശതമാനം മാത്രമാണ് കൃത്യമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നത്.

സാങ്കേതികവിദ്യയിൽ സ്ത്രീകളുടെ പ്രാതിനിധ്യം കുറയുന്നതിന് കാരണമായി നിരവധി ഘടകങ്ങളുണ്ട്. സ്‌കൂളിൽ ഈ മേഖലയിലെ ഉന്നതപഠനം പിന്തുടരാൻ പെൺകുട്ടികളെ പ്രോത്സാഹിപ്പിക്കാത്തതാണ് ഒരു കാരണം. പെൺകുട്ടികളെ പലപ്പോഴും ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിംഗ്, ഗണിതശാസ്ത്രം എന്നീ മേഖലകൾ പിന്തുടരുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തുന്നു. ഈ വിഷയങ്ങൾ 'പുരുഷ വിഷയങ്ങൾ' ആണെന്ന ധാരണയാണ് ഇതിന് പ്രധാന കാരണം. സ്റ്റെം വിഷയങ്ങളിൽ പെൺകുട്ടികളുടെ പങ്കാളിത്തം 35 ശതമാനമാണെങ്കിൽ, ഐ.ടി മേഖലയിലെ പഠനത്തിൽ ഇത് വെറും മൂന്നുശതമാനമാണ്.
സേവനരംഗത്ത് സ്ത്രീകളുടെ പങ്കാളിത്തം ഇപ്പോഴും ഗണ്യമായി ഉയർന്നു നിൽക്കുന്നതിൽ ലിംഗപരമായ മുൻവിധികളുടെ സ്വാധീനമുണ്ട്. സ്ത്രീകൾ പരിചരിക്കേണ്ടവരും പുരുഷന്മാർ സമ്പാദിക്കേണ്ടവരുമാണെന്ന ധാരണ ആധുനിക സമൂഹങ്ങളിൽ പോലും നിലനിൽക്കുന്നതിന് തെളിവാണിത്.

സാങ്കേതികരംഗത്ത് സ്ത്രീകളുടെ അഭാവത്തിന് മറ്റൊരു കാരണം പെൺകുട്ടികൾക്ക് മാതൃകകൾ കുറവാണെന്നതാണ്. സാങ്കേതികവിദ്യയിൽ പെൺകുട്ടികൾ മറ്റ് സ്ത്രീകളെ കാണാത്തപ്പോൾ, അവർ അത് കരിയർ ഓപ്ഷനായി കണക്കാക്കാനുള്ള സാദ്ധ്യത കുറവാണ്. ചരിത്രവായനകളും പഠനങ്ങളും ഇപ്പോഴും ശാസ്ത്രരംഗത്തെ സ്ത്രീകളെ പരിചയപ്പെടുത്തുന്നത് മാഡം ക്യൂറിയിൽ അവസാനിപ്പിക്കുന്നു. 1977ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ച തലശ്ശേരിക്കാരിയായ ബൊട്ടാണിസ്റ്റ് ജാനകി അമ്മാളിനെ എത്ര മലയാളികൾ ഓർക്കുന്നു? പതിനെട്ടാം നൂറ്റാണ്ടിൽത്തന്നെ ജ്യോതിശാസ്ത്രത്തിൽ തന്റേതായ മാർഗം തെളിച്ച മരിയ മിച്ചെലിനെക്കുറിച്ച് നാമെവിടെയാണ് പഠിക്കുന്നത്? എയ്ഡാ ലവ്‌ലേസ്, മരിയാ കിർച്ച്, ഐഡാ നൊഡാക്ക് തുടങ്ങി ഇനിയും എത്രപേർ.

ടെക്‌നോളജി രംഗത്തെ ലിംഗഅസമത്വം പ്രകടമാക്കുന്ന മറ്റൊരുകാര്യം വേതന വ്യത്യാസമാണ്. പുരുഷൻമാരുടെ അതേ നിലവാരത്തിലുള്ള അനുഭവപരിചയവും അറിവുമുള്ളപ്പോൾ പോലും സ്ത്രീകൾക്ക് കുറഞ്ഞ ശമ്പളമാണ് നൽകുന്നത്. ബ്ലൂംബർഗിൽ വന്ന ഒരു റിപ്പോർട്ട് പ്രകാരം സാങ്കേതികവിദ്യാ മേഖലയിൽ 59 ശതമാനം സമയത്തും പുരുഷന്മാർക്ക് സ്ത്രീകളേക്കാൾ കൂടുതൽ ശമ്പളം ലഭിക്കുന്നു. സ്ത്രീകൾ ഈ മേഖലയിൽ അപരിചിതരാണ്, പുരുഷന്മാരെപ്പോലെ കൂടുതൽ സമയം ജോലിയെടുക്കാൻ സാധിക്കില്ല, പ്രസവാവധി പോലുള്ള കാര്യങ്ങൾ കമ്പനിയുടെ ലാഭത്തെ ബാധിക്കും തുടങ്ങിയ തെറ്റിദ്ധാരണകൾ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്.

സാങ്കേതികവിദ്യയിൽ സ്ത്രീകൾ ഒട്ടേറെ വെല്ലുവിളികൾ നേരിടുന്നെങ്കിലും ഈ രംഗത്ത് നിരവധി അവസരങ്ങളുമുണ്ട്. സാങ്കേതിക വ്യവസായം അതിവേഗം വളരുകയാണ്, വിവിധ മേഖലകളിൽ ധാരാളം ജോലികളും ലഭ്യമാണ്. ഈ മേഖല ഉയർന്ന ശമ്പളവും വിവിധ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.

സാങ്കേതിക മേഖലയിൽ സ്ത്രീകൾക്ക് നിസ്തുലമായ പങ്കുണ്ട്. അവർ പലപ്പോഴും സാങ്കേതികവിദ്യയ്ക്ക് വ്യത്യസ്തമായ കാഴ്ചപ്പാട് കൊണ്ടുവരുന്നു. സാങ്കേതികവിദ്യയെ കൂടുതൽ ഉപയോക്തൃ സൗഹൃദമാക്കാൻ അവർക്ക് സഹായിക്കാനാകും. കൂടുതൽ സ്ത്രീകൾ സാങ്കേതിക രംഗത്തേക്ക് കടന്നുവരേണ്ടിയിരിക്കുന്നു. സാങ്കേതിക രംഗത്തിന്റെ വിജയത്തിൽ സ്ത്രീകൾ പ്രധാന പങ്കുവഹിക്കും.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള സങ്കേതങ്ങളുപയോഗിച്ച് സ്ത്രീകൾക്കെതിരായ അതിക്രമം നിയന്ത്രിക്കാനും, യുദ്ധബാധിത പ്രദേശങ്ങളിലും അഭയാർത്ഥി മേഖലകളിലും സ്ത്രീകളുടെയും കുട്ടികളുടെയും പുനരധിവാസം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ അവകാശങ്ങൾ ഉറപ്പാക്കാനും സാങ്കേതികപശ്ചാത്തലം ഒരുക്കേണ്ടതും ആവശ്യമാണ്. ലാഭേച്ഛ മാത്രമാവരുത് ശാസ്ത്രസാങ്കേതിക മേഖലയിലെ വളർച്ചയുടെ പ്രേരകശക്തി. ഇത്തരം വിവേചനങ്ങളും അസമത്വങ്ങളും മറികടക്കലും നമ്മുടെ ലക്ഷ്യമാവണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INTERNATIONAL WOMENS DAY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.