SignIn
Kerala Kaumudi Online
Thursday, 19 September 2024 2.12 AM IST

മെഡിസെപ്പ് ; പരിരക്ഷ അകലുന്നുവോ ?​

Increase Font Size Decrease Font Size Print Page

medicep

സംസ്ഥാനത്തെ പത്ത് ലക്ഷത്തോളം സർക്കാർ ജീവനക്കാരും പെൻഷൻകാരും അവരുടെ ആശ്രിതരായ ഇരുപത് ലക്ഷത്തോളം പേരും ഉൾപ്പെടുന്ന സമഗ്ര ഇൻഷുറൻസ് പരിരക്ഷയായ മെഡിസെപിന്റെ പ്രവർത്തനം അവതാളത്തിലായി. സർക്കാരിന്റെ അഭിമാന പദ്ധതിയായി അവതരിപ്പിച്ച മെഡിസിപ് പദ്ധതിയിൽ ചേർക്കപ്പെട്ട എല്ലാ ആശുപത്രികളിലും മുഴുവൻ ചികിത്സയും ലഭ്യമാകുന്നില്ല എന്നതാണ് പ്രധാന കാരണം. 1920 രോഗങ്ങൾക്കുള്ള ചികിത്സ വാഗ്ദാനം ചെയ്താണ് പദ്ധതി ആരംഭിച്ചത്. ജീവനു ഭീഷണിയോ അപകടമോ ഉള്ള അടിയന്തര സാഹചര്യങ്ങളിൽ എംപാനൽ ചെയ്യാത്ത ആശുപത്രികളിലെയും ചികിത്സയ്ക്കായി ആശ്രയിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും അതും നടപ്പിലാകുന്നില്ല.

പദ്ധതിയിൽ അംഗങ്ങളായവരുടെ ശമ്പളത്തിൽ നിന്നോ പെൻഷനിൽ നിന്നോ പ്രതിമാസം അഞ്ഞൂറ് രൂപ നിരക്കിൽ പ്രീമിയം തുക ഈടാക്കിക്കൊണ്ടാണ് മെഡിസെപ് നടപ്പാക്കുന്നത്. മെഡിസെപ് ലഭ്യമാകുന്ന ആശുപത്രികളിൽ ഗുണഭോക്താക്കൾക്ക് മൂന്നു വർഷത്തെ പോളിസി കാലയളവിൽ പ്രതിവർഷം മൂന്ന് ലക്ഷം രൂപയുടെ പരിരക്ഷയാണ് കിട്ടുക. ഇതിൽ 1.5 ലക്ഷം രൂപ ഓരോ വർഷത്തേക്ക് നിശ്ചയിച്ചിട്ടുള്ളതും ആ കാലയളവിനുള്ളിൽ ഉപയോഗിച്ചില്ലെങ്കിൽ നഷ്ടമാവുകയും ചെയ്യും. അവശേഷിക്കുന്ന 1.5 ലക്ഷം വരും വർഷങ്ങളിലേക്ക് നീക്കി വെക്കാനും സാധിക്കും. 12 മാരക രോഗത്തിനും അവയവമാറ്റ ചികിത്സയ്ക്കും അധിക പരിരക്ഷ നൽകുന്നതിനായി 35 കോടി രൂപയുടെ ഒരു കോർപസ് ഫണ്ട് മെഡിസെപ്പിന്റെ ഭാഗമായി
രൂപീകരിച്ചിരുന്നു. മെഡിസെപ് പദ്ധതിയിൽ അംഗങ്ങളായവർക്കെല്ലാം ഡിജിറ്റൽ ഐ.ഡി കാർഡും നൽകും. സംസ്ഥാനത്തിന് അകത്തും പുറത്തുമായി മെഡിസെപ്പിൽ എംപാനൽ ചെയ്തിട്ടുള്ള ആശുപത്രികളിൽ ക്യാഷ്‌ലെസ് ചികിത്സാ സൗകര്യമാണ് ലഭ്യമാവുക. സംസ്ഥാന സർക്കാർ ജീവനക്കാർ, പാർട് ടൈം കണ്ടിൻജന്റ് ജീവനക്കാർ, പാർട് ടൈം അദ്ധ്യാപകർ, എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാർ, സംസ്ഥാന സർക്കാരിന്റെ ധനസഹായം സ്വീകരിക്കുന്ന സർവകലാശാലകളിലെയും തദ്ദേശഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാർ, പെൻഷൻകാർ, കുടുംബ പെൻഷൻകാർ എന്നിവരും അവരുടെ ആശ്രിതരുമാണ് ഗുണഭോക്താക്കൾ. 2022 ജൂലൈ ഒന്നിനായിരുന്നു പദ്ധതി ആരംഭിച്ചത്.


കോർപസ്

ഫണ്ട് തീർന്നു


മെഡിസെപ് പദ്ധതിയിൽ മൂന്ന് വർഷത്തേക്ക് അവയവ മാറ്റൽ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങളുടെ ചികിത്സയ്ക്കായി നീക്കിവെച്ച 35 കോടി കോർപസ് ഫണ്ട് എട്ടുമാസം കൊണ്ട് തന്നെ തീർന്നു. 1481 പേർക്ക് മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താൻ മാത്രം 29 കോടി രൂപ ചെലവായി. 102 പേർക്കു കരൾ മാറ്റിവയ്ക്കുന്നതിന് 3.68 കോടിയും ഇടുപ്പ് മാറ്റിവയ്ക്കാൻ ഒന്നേമുക്കാൽ കോടിയും ചെലവായതോടെ ഫണ്ട് കാലിയാവുകയായിരുന്നു. ചികിത്സയ്ക്കായി സർക്കാർ നൽകിയ ഫണ്ട് തീർന്നെന്നും ചികിത്സ തുടരണമെങ്കിൽ അടിയന്തരമായി പണം അനുവദിക്കണമെന്നും അറിയിച്ച് ധനവകുപ്പിന് ഓറിയന്റൽ ഇൻഷുറൻസ് കമ്പനി കത്ത് നൽകിയിട്ടുണ്ടെങ്കിലും സർക്കാർ മറുപടി നൽകിയിട്ടില്ല.


മൂന്ന് വർഷത്തെ പ്രീമിയത്തിൽ ആരംഭിച്ച പദ്ധതിയിൽ എപ്പോൾ ചേർന്നാലും തുടക്കം മുതലുള്ള പ്രീമിയം അടച്ചാൽ മാത്രമേ മുഴുവൻ ആനുകൂല്യങ്ങളും ലഭ്യമാകൂ എന്ന ധനവകുപ്പിന്റെ ഉത്തരവിനെതിരെയും പ്രതിഷേധമുണ്ട്. തങ്ങൾ സർവീസിലില്ലാത്ത കാലത്തെ തുക അന്യായമായാണ് ഈടാക്കുന്നതെന്നാണ് ജീവനക്കാരുടെ ആക്ഷേപം. അതുപോലെ ജോലിയിലിരിക്കെ മെഡിസെപ്പിന് വിവരങ്ങൾ കൈമാറുകയും എന്നാൽ മെഡിസെപ് നടപ്പാക്കിയ സമയത്ത് വിരമിക്കുകയും ചെയ്തവർക്ക് ആരോഗ്യ പരിരക്ഷ ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്. അതേസമയം നവജാത ശിശുക്കൾ, വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നവർ‌ എന്നിവരെ ആശ്രിതരുടെ പട്ടികയിൽപെടുത്തി മെഡിസെപ്പിൽ ചേർക്കുന്നത് താൽക്കാലികമായി നിറുത്തിവെച്ചിരിക്കുകയാണ്.


കണ്ണൂരിൽ കുറവ്

പദ്ധതിപ്രകാരം ആരോഗ്യ പരിരക്ഷ ലഭ്യമാകുന്ന സ്വകാര്യ ആശുപത്രികൾ കണ്ണൂർ ജില്ലയിൽ കേവലം 19 എണ്ണം മാത്രം. അതിൽ എട്ടെണ്ണവും കണ്ണാശുപത്രികളാണ്. 1920 ഓളം രോഗങ്ങൾക്ക് സൗജന്യ ചികിത്സ എന്ന ലേബലോടുകൂടി ആരംഭിച്ച പദ്ധതിയിൽ മിക്ക ആശുപത്രികളിലും എല്ലാ ചികിത്സയും ലഭ്യമല്ലെന്ന ആരോപണം ശക്തമാണ്. മെഡിസെപ് കാർഡുമായി ചികിത്സയ്ക്കായി ആശുപത്രികളെ സമീപിക്കുന്നവരെ പല സാങ്കേതികപ്രശ്നങ്ങളും ഉന്നയിച്ച് പറഞ്ഞയയ്‌ക്കുകയാണെന്ന് എൻ.ജി.ഒ ഭാരവാഹി പറഞ്ഞു. ഏതെങ്കിലും വിധേന പദ്ധതിയിൽ ഉൾപ്പെടുത്തി ചികിത്സ ലഭ്യമാക്കിയാൽ ഡിസ്ചാർജ് ആയതിനു ശേഷം അക്കൗണ്ടിലേക്ക് പണം വരുന്നത് വരെ ആശുപത്രിയിൽ കഴിയേണ്ടി വരുന്നു എന്ന പരാതിയുമുണ്ട്. മുഴുവൻ സ്വകാര്യ ആശുപത്രികളേയും പദ്ധതിയിൽ ഉൾപ്പെടുത്തിയാൽ മാത്രമേ നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കൂ എന്നും എന്നാൽ ഭൂരിപക്ഷം ആശുപത്രികളും പദ്ധതിയിൽനിന്ന് ഒഴിവാകാനാണ് ശ്രമിക്കുന്നതെന്നും പരാതിയുണ്ട്. ചികിത്സയ്ക്കായി ചെലവായ തുക തിരികെ ലഭിക്കാൻ വൈകുന്നതും കുറഞ്ഞ തുക അനുവദിക്കുന്നതുമാണ് ഇത്തരം ആലോചനകൾക്ക് കാരണമെന്നാണ് അറിയാൻ കഴിയുന്നത്.


ആകർഷകമെന്നും ഉപകാരപ്രദമെന്നും തോന്നിപ്പിക്കുന്ന പദ്ധതികൾ പ്രഖ്യാപിച്ച് അവ സർക്കാരിന്റെ നേട്ടമായി അവതരിപ്പിക്കമ്പോൾ ഓരോ പ്രഖ്യാപനവും എത്രത്തോളം മുന്നോട്ട് പോയി എന്ന് അന്വേഷിക്കേണ്ട ഉത്തരവാദിത്തം ബന്ധപ്പെട്ടവർക്കുണ്ട്. അതല്ല, ക്ഷേമ പ്രവർത്തനങ്ങളുടെ പട്ടികയിൽ എണ്ണം കൂട്ടാൻ വേണ്ടി എന്തെങ്കിലും ചെയ്യുന്നതാണെങ്കിൽ ഉറപ്പായും ഈ പ്രഖ്യാപനങ്ങളുടെ ആത്മാർത്ഥത ചോദ്യം ചെയ്യപ്പെടും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MEDISEP
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.