അമ്പലപ്പുഴ: സംസ്ഥാനത്ത് 2023- 24 വാർഷിക പദ്ധതി ആദ്യം സമർപ്പിച്ച അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിന്റെ പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. മാർച്ച് എട്ടിന് കൂടിയ ആസൂത്രണ സമിതി യോഗത്തിൽ അടങ്കൽ തുകയായ 7.06 കോടിയുടെ 84 പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്.
വ്യത്യസ്ത തരം പദ്ധതികളാണ് ഇത്തവണ ഏറ്റെടുത്തിട്ടുള്ളത്. വായനാ ശീലം വർദ്ധിപ്പിക്കാൻ സഞ്ചാരം എന്ന പേരിൽ സഞ്ചരിക്കുന്ന വായനശാല വഴി വീടുകളിൽ പുസ്തകം എത്തിക്കുന്ന പദ്ധതി, വയോജന ക്ഷേമം ലക്ഷ്യമിട്ട് പ്രഭാസായം പദ്ധതി വഴി പകൽ വീട് കേന്ദ്രീകരിച്ച് വയോജനങ്ങൾക്കായി കെയർ ടേക്കറെ നിയമിക്കലും ഉല്ലാസ യാത്ര ഉൾപ്പടെയുള്ള വിനോദ പരിപാടികളും, സ്ത്രീകളുടെ ഉന്നമനത്തിനായി പെൺപെരുമ പദ്ധതി തുടങ്ങിയവയാണ് ശ്രദ്ധേയം. എൽ.പി സ്കൂളുകൾക്ക് ക്ലാസ് റൂം ലൈബ്രറി ഒരുക്കാൻ അക്ഷര ജ്വാല പദ്ധതിയും വൃക്കരോഗികൾക്ക് ഡയാലിസിസിന് സാന്ത്വനം പദ്ധതിയും ഏറ്റെടുത്തിട്ടുണ്ട്. ലൈഫ് പദ്ധതി, അതി ദരിദ്രർക്ക് സ്ഥലവും വീടും ജീവനോപാധിയും, ശുചിത്വ മേഖല, സുജലം - തോടുകളുടെ നവീകരണം, സോളാർ പാനൽ സ്ഥാപിക്കൽ, വായനശാലകൾക്ക് പുസ്തകം, ഫർണീച്ചർ, മത്സ്യബന്ധന മേഖലയിൽ കുടിവെള്ള ടാങ്ക്, മത്സ്യബന്ധന വല, കർഷകർക്ക് നെൽ വിത്ത്, പാലിയേറ്റീവ് കെയർ, ആരോഗ്യ സ്ഥാപനങ്ങൾക്ക് മരുന്ന് വാങ്ങൽ, ആസ്തികളുടെ സംരക്ഷണം, ലാപ് ടോപ്പ് വിതരണം തുടങ്ങി എല്ലാ മേഖലകളിലും തുക വകയിരുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |