കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീയണയ്ക്കൽ ദൗത്യത്തിനിടെ അർദ്ധരാത്രി ചതുപ്പിൽ താഴ്ന്നുപോയ അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥൻ വി.വി. ബാബു ജീവിതത്തിലേക്ക് തിരിച്ചുകയറിയത് ഭാഗ്യം കൊണ്ടു മാത്രം.
എറണാകുളം ഗാന്ധിനഗർ സ്റ്റേഷനിലെ അസി. സ്റ്റേഷൻ ഓഫീസറായ ബാബു 11ന് രാത്രി 12 മണിയോടെയാണ് ചതുപ്പിൽ അകപ്പെട്ടത്. തീ അണച്ചുകൊണ്ടിരുന്ന തിരുവനന്തപുരം റീജിയണൽ ഫയർ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ വാട്ടർപമ്പ് കേടായതിനെത്തുടർന്ന് സഹായിക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം. ഏഴ് ഹോംഗാർഡുമാർക്കൊപ്പം പോയ ബാബു, അവരെ സുരക്ഷിതമായിടത്ത് നിറുത്തി വഴി പരിശോധിക്കാൻ ടോർച്ച് തെളിച്ച് മുന്നോട്ടുനീങ്ങവേ, തറനിരപ്പുപോലെ തോന്നിച്ച വെള്ളക്കെട്ടിൽ അകപ്പെടുകയായിരുന്നു. ഇരുട്ടായതിനാൽ ഒപ്പം വന്നവർ വിവരം അറിഞ്ഞില്ല. കഴുത്തൊപ്പം ചതുപ്പിൽ മുങ്ങിയ ബാബു വിളിച്ചുകൂവി. ഇതുകേട്ട് ഓടിയെത്തിയ ഹോം ഗാർഡും ചതുപ്പിൽ അകപ്പെട്ടെങ്കിലും പെട്ടെന്ന് തിരിച്ചുകയറി. പിന്നാലെ, മറ്റുള്ളവർ ഹോസ് എറിഞ്ഞുകൊടുത്ത് വലിച്ചുകയറ്റുകയായിരുന്നു. ഒരു മിനിറ്രുകൂടി വൈകിയിരുന്നെങ്കിൽ മരണം ഉറപ്പായിരുന്നു.
കുഴമ്പുപോലായ മലിനജലം വായിലും മൂക്കിലും കയറാതിരുന്നത് രക്ഷയായെന്ന് ബാബു പറഞ്ഞു. ശരീരം വൃത്തിയാൻ നല്ല വെള്ളം ബ്രഹ്മപുരത്തുണ്ടായിരുന്നില്ല. ജീപ്പിൽ കിലോമീറ്ററുകൾ അകലെയുള്ള ഗാന്ധിനഗർ സ്റ്റേഷനിൽ എത്തി ഡിറ്റർജന്റ് പൗഡർ ഉപയോഗിച്ച് തേച്ചുകുളിക്കുകയായിരുന്നു . ജനറൽ ആശുപത്രിയിൽ പോയി കാലിലെ മുറിവിനു ചികിത്സയും തേടി.
ബ്രഹ്മപുരത്ത് മാർച്ച് രണ്ടു മുതൽ പല ഷിഫ്റ്റുകളിലായി ഏഴ് ദിവസം ജോലി ചെയ്തശേഷമാണ് അപകടത്തിൽപ്പെട്ടത്.
അടുത്തവർഷം വിരമിക്കുന്ന തിരുവാങ്കുളം സ്വദേശിയായ ബാബുവിന് 28 വർഷത്തെ ജോലിക്കിടെ പലതവണ അപകടങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ, അതൊന്നും ബ്രഹ്മപുരത്തേതുപോലെ ഭീകരമായിരുന്നില്ല. ഭാര്യ: ഹെലനി (യു.ഡി ക്ലർക്ക്, ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിറ്റിക്സ് ഡിപ്പാർട്ട്മെന്റ്). മക്കൾ: വിദ്യാർത്ഥികളായ വർക്കി, സാറ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |