# സമഗ്രപദ്ധതി നടപ്പാക്കണം
# മാലിന്യം വലിച്ചെറിയരുത്
# ഉദ്യോഗസ്ഥരുടെ ശമ്പളം തടയും
കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മാലിന്യ സംസ്കരണത്തിന് നടപ്പാക്കുന്ന പദ്ധതികളുടെ ഓരോഘട്ടവും നേരിട്ടു വിലയിരുത്താൻ തീരുമാനിച്ച് ഹൈക്കോടതി. ഇതിനായി എറണാകുളം, തൃശൂർ ജില്ലകളിലേക്ക് ഒരു അഭിഭാഷകനെയും മറ്റുജില്ലകളിലേക്ക് രണ്ട് അഭിഭാഷകരെയും അമിക്കസ് ക്യൂറിമാരായി നിയമിക്കും. മാലിന്യ സംസ്കരണം ഫലപ്രദമായി നടപ്പാക്കിയില്ലെങ്കിൽ ഉദ്യോഗസ്ഥരുടെ ശമ്പളം തടയുന്നതടക്കം നടപടികളുണ്ടാകുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി.
തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മാലിന്യ സംസ്കരണത്തിന് സമഗ്ര പദ്ധതി ആവിഷ്കരിക്കണമെന്ന് സർക്കാരിന് നിർദ്ദേശം നൽകി. പ്ളാസ്റ്റിക് കുപ്പികളടക്കം മാലിന്യങ്ങൾ വലിച്ചെറിയുന്നതു തടയണം. ഇങ്ങനെ ചെയ്ത എത്രപേർക്കെതിരെ നടപടിയെടുത്തെന്നും കോടതി ചോദിച്ചു.
ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും തദ്ദേശ ഭരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനോട് കോടതി നിർദ്ദേശിച്ചു. ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്ന് ഹൈക്കോടതി സ്വമേധയാ പരിഗണിക്കുന്ന ഹർജിലാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം.
ബ്രഹ്മപുരത്തേതിന് സമാനമായ സാഹചര്യങ്ങൾ നേരിടാൻ ദുരന്ത നിവാരണ നിയമപ്രകാരം നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കി സർക്കാർ ഒരാഴ്‌ചയ്ക്കുള്ളിൽ വിജ്ഞാപനമിറക്കണം. മാലിന്യ സംസ്‌കരണത്തിന് ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ തദ്ദേശ ഭരണ വകുപ്പു സെക്രട്ടറിമാർക്ക് പരിശീലനം നൽകണം.
ഏപ്രിൽ അഞ്ചിന് ഒരു പരിശീലനം സംഘടിപ്പിച്ചിട്ടുണ്ടെന്ന് അഡി. ചീഫ് സെക്രട്ടറി അറിയിച്ചു. മാലിന്യ സംസ്കരണത്തിൽ വിദ്യാർത്ഥികൾക്ക് പരിശീലനവും ബോധവത്കരണ പരിപാടിയും വേണം.
ബ്രഹ്മപുരത്തെ തീ പൂർണമായും അണച്ചെന്ന് കളക്ടർ ഉൾപ്പെടെയുള്ളവർ അറിയിച്ച സാഹചര്യത്തിൽ ഹർജിയിലെ പ്രശ്നങ്ങളുടെ ആദ്യഘട്ടം പൂർത്തിയായെന്ന് ഹൈക്കോടതി പറഞ്ഞു. തുടർഘട്ടമെന്ന നിലയിലാണ് നിരീക്ഷണവും മറ്റു നടപടികളും.
മണ്ണ്, വായു, വെള്ളം
ഉടൻ പരിശോധിക്കണം
ബ്രഹ്മപുരത്തെ വെള്ളത്തിന്റെയും മണ്ണിന്റെയും സാമ്പിളും വായു മലിനീകരണത്തിന്റെ തോതും 24 മണിക്കൂറിനകം പരിശോധിച്ചു തിട്ടപ്പെടുത്താൻ മലിനീകരണ നിയന്ത്രണ ബോർഡിന് ഹൈക്കോടതി നിർദ്ദേശം നൽകി. ഈ റിപ്പോർട്ടുകളും കോടതിയിൽ സമർപ്പിക്കണം. തദ്ദേശ ഭരണ വകുപ്പ് അഡി. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ എ.ബി പ്രദീപ് കുമാർ എന്നിവർ ഓൺലൈനിൽ ഹാജരായി വിശദീകരണം നൽകി. ജാഗ്രത തുടരുകയാണെന്ന് കളക്ടർ അറിയിച്ചു. ഹർജി മാർച്ച് 21 നു വീണ്ടും പരിഗണിക്കും.
മതിയായ സംവിധാനമില്ല
കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ പ്ളാന്റ് അപര്യാപ്തമാണെന്നും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ മാർഗനിർദ്ദേശപ്രകാരമല്ല പ്രവർത്തനമെന്നും ഹൈക്കോടതി നിയോഗിച്ച ഉന്നതതല സമിതിയുടെ റിപ്പോർട്ട്. ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, കൊച്ചി നഗരസഭാ സെക്രട്ടറി ബാബു അബ്ദുൾ ഖാദർ, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി എൻ. രഞ്ജിത്ത് കൃഷ്‌ണൻ, തദ്ദേശ ഭരണ വകുപ്പ് ചീഫ് എൻജിനീയർ കെ.ജി. സന്ദീപ്, ശുചിത്വ മിഷൻ ഡയറക്ടർ ജി. ജ്യോതിഷ് ചന്ദ്രൻ, ചീഫ് എൻവയൺമെന്റൽ എൻജിനീയർ പി.കെ. ബാബുരാജൻ എന്നിവരായിരുന്നു സമിതിയംഗങ്ങൾ.
ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ തീപിടിത്തമുണ്ടായ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച എംപവേഡ് കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് രാവിലെ 10 ന് കളക്ടറുടെ ചേംബറിൽ ചേരും. വിവിധ വകുപ്പ് മേധാവികൾ കമ്മിറ്റിയിലുണ്ട്.
മതിയായ സംവിധാനമില്ല
1. പ്രതിദിനം 300 ടൺ ഖരമാലിന്യം എത്തിക്കുന്നുണ്ടെങ്കിലും 120 ടൺ മാത്രമാണ് സംസ്കരിക്കുന്നത്. സംവിധാനങ്ങൾ പര്യാപ്തമല്ല.
2. ജൈവമാലിന്യ സംസ്കരണ പ്ളാന്റിന് ശേഷി തീരെകുറവ്.
പ്ളാന്റിലേക്ക് കൊണ്ടുവരുന്ന മാലിന്യത്തിന്റെ അളവു കുറയ്ക്കണം. കെട്ടിടത്തിന്റെ വലിയൊരു ഭാഗം നിലംപൊത്തി. ശേഷിക്കുന്നത് ഏതുസമയവും വീഴാം.
3. ബയോമൈനിംഗിന് നിലവിലുള്ള മെഷിനറി അപര്യാപ്തമാണ്. മാലിന്യങ്ങൾ വേർതിരിക്കുന്നത് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ മാർഗനിർദ്ദേശങ്ങൾ അനുസരിച്ചല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |