SignIn
Kerala Kaumudi Online
Saturday, 02 August 2025 4.02 AM IST

വൈക്കം സത്യഗ്രഹത്തിന് ശതാബ്ദി ഇരമ്പുന്ന സ്മരണകൾ

Increase Font Size Decrease Font Size Print Page

vaikom

പട്ടിക്കും പൂച്ചയ്‌ക്കും നടക്കാവുന്ന ക്ഷേത്രവഴികളിലൂടെ അവർണന് സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട അനീതിക്കെതിരെ നടന്ന ത്യാഗോജ്ജ്വലമായ അവകാശസമരമാണ് വൈക്കം സത്യഗ്രഹം.

അവർണരെ വഴിനടക്കാൻ അനുവദിക്കാതിരുന്ന കാടത്തത്തിനെതിരെ 1924 മാർച്ച് 30 മുതൽ 603 ദിവസം നീണ്ടുനിന്നു ആ വലിയ സമരം. 1924ലെ മഹാപ്രളയകാലത്ത് കഴുത്തറ്റം വെള്ളത്തിൽ മുങ്ങിയിരുന്ന് സഹനസമരം നടത്തിയ അവർണരുടെ കണ്ണിൽ ചുണ്ണാമ്പെഴുതി കാഴ്ചനഷ്ടപ്പെടുത്തിയ ക്രൂരതയ്‌ക്കും ഈ സമരം സാക്ഷ്യംവഹിച്ചു. അവകാശനിഷേധത്തിന്റെ കൊടുംക്രൂരതകൾ അരങ്ങേറിയ സത്യഗ്രഹസമരം നൂറ് വയസിലെത്തുകയാണ്.

ശ്രീനാരായണ ഗുരുവും മഹാത്മാഗാന്ധിയും ഇ.വി.രാമസ്വാമി നായ്ക്കരും വൈക്കത്ത് എത്തി സമരാവേശം പകർന്നു എന്നത് ചരിത്ര പ്രാധാന്യം വ്യക്തമാക്കുന്നു. അയിത്തം അവസാനിപ്പിക്കുന്നതിനും പൊതുവഴിയിലൂടെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യത്തിനും ഇന്ത്യയിൽ ആദ്യം സംഘടിതമായി നടത്തിയ ബഹുജനസമരമാണ് വൈക്കം സത്യഗ്രഹം. സവർണ അവർണ വ്യത്യാസമില്ലാതെ ഹിന്ദുക്കളും സിക്കുകാരും തമിഴ്നാട്ടുകാരുമെല്ലാം ഒന്നിച്ച സമരമായിരുന്നു അത്. അവർണൻ സവർണനിൽ നിന്ന് തീണ്ടാപ്പാടകലെ നില്‌ക്കുക. അതായത് സവർണ ജാതിക്കാരന് വേണ്ടി അവർണൻ ഒന്നുകിൽ പിന്നോട്ട് അല്ലെങ്കിൽ വശങ്ങളിലേക്ക് മാറേണ്ട കാലം. തീണ്ടിയാൽ ക്രൂരമർദ്ദനം ഉറപ്പാണ്. ക്രൈസ്തവർക്കും മുസ്ലീമിനും തീണ്ടൽ ബാധകമല്ലായിരുന്നു. വൈക്കം ക്ഷേത്രത്തിന് സമീപത്തുകൂടി സ്വന്തം വാഹനത്തിൽ പോലും അവർണർക്ക് സഞ്ചരിക്കാൻ അനുവാദമില്ലായിരുന്നു. കാറുണ്ടായിരുന്നിട്ടും, അവർണനായതിനാൽ വൈക്കം ക്ഷേത്രത്തിന് മുന്നിലെ വഴിയിലൂടെ പോകാൻ ആലംമൂട്ടിൽ ചാന്നാരെയും വിലക്കിയിരുന്നു. അയിത്തജാതിക്കാർക്ക് വഴിപാട് ലഭിക്കണമെങ്കിൽ പൂജാദ്രവ്യവും പണവും തീണ്ടാപ്പാടകലെ വെച്ച് ശബ്ദമുണ്ടാക്കി ക്ഷേത്ര ജീവനക്കാരെ അറിയിക്കണം. ഈ കാലഘട്ടത്തിലാണ് വൈക്കം സത്യഗ്രഹം അരങ്ങേറിയത്.

ക്രൂരത

വൈക്കം സത്യാഗ്രഹത്തിന്റെ രക്തസാക്ഷിയെന്നു വിശേഷിപ്പിക്കാവുന്നത് തിരുവിതാംകൂർ പൊലീസിന്റെ ക്രൂരമർദ്ദനമേറ്റ് മരിച്ച ചിറ്റേടത്ത് ശങ്കുപിള്ളയായിരുന്നു. മൂവാറ്റുപുഴക്കാരൻ രാമൻ ഇളയതിന്റെ കണ്ണിൽ ചുണ്ണാമ്പെഴുതി കാഴ്ച നശിപ്പിച്ചു. നാരായണൻനായരെ മുക്കാലിയിൽകെട്ടി അടിച്ചു. പുലയൻ ചോതിയെ തല്ലിച്ചതച്ച് കെട്ടിത്തൂക്കി. വാളണ്ടിയർ ഇൻസ്പെക്ടർ ശിവശൈലത്തെ ഇഷ്ടികക്ക് ഇടിച്ചുവീഴ്ത്തി. ഭജന സംഘത്തിൽപ്പെട്ട മുഴുവൻ ധർമ്മ ഭടന്മാർക്കും മർദ്ദനമേറ്റു. കായലോര യോഗ വിവരം ചെണ്ടകൊട്ടി അറിയിച്ച മുത്തുസ്വാമിയുടെ ചെണ്ട തല്ലിപ്പൊളിച്ചായിരുന്നു മർദ്ദനം. ചെണ്ട നശിപ്പിച്ചപ്പോൾ മണ്ണെണ്ണപ്പാട്ട കഴുത്തിൽ കെട്ടിത്തൂക്കിയായിരുന്നു മുത്തുസ്വാമി സമരവിളംബരം നടത്തിയത്. രണ്ടു വർഷത്തോളം നീണ്ട ധർമസമരത്തിനിടയിൽ നൂറുകണക്കിനാളുകൾ മർദ്ദനത്തിനിരയായി. അവരിൽ പലരുടെയും പേരുപോലും സമരചരിത്രത്തിലില്ല.

കേരളകൗമുദി

എഡിറ്റോറിയൽ

വൈക്കം സത്യഗ്രഹം ആരംഭിച്ച് രണ്ടുമാസം കഴിഞ്ഞപ്പോൾ പ്രവർത്തന വിലയിരുത്തലും ഭാവികാര്യ സൂചനയും നൽകി 1925 മേയ് 19 ന് കേരളകൗമുദി ശക്തമായ മുഖപ്രസംഗമെഴുതി. സമരം ആരംഭിച്ച് രണ്ടുമാസം കഴിഞ്ഞിട്ടും ഒരു നടപടിയും സ്വീകരിക്കാതിരുന്ന അന്നത്തെ ദിവാനെ രൂക്ഷമായി മുഖപ്രസംഗത്തിൽ വിമർശിച്ചു. പ്രസക്തഭാഗങ്ങൾ ഇങ്ങനെ - " സത്യാഗ്രഹം ആരംഭിച്ച കാലത്ത് ദിവാൻ ഉദ്യോഗം നോക്കിയിരുന്ന മി.വീരരാഘവയ്യങ്കാർ താനായിട്ട് ഒന്നും ചെയ്യാതെ സ്ഥിരം ദിവാൻജിക്കായിട്ട് ഇതിന്റെ തീരുമാനം നീക്കിവെക്കുകയാണ് ചെയ്തത്. രണ്ടു ദിവാൻജിമാർ രണ്ടു മാസക്കാലം നോക്കിയിട്ടും ഒരു അവസാന തീരുമാനമുണ്ടാക്കാൻ കഴിയാതെ ഇതിനെ ഇട്ടിരിക്കുന്നത് സംഗതികൾക്ക് ഉള്ളതിലധികം ഗൗരവമുണ്ടെന്ന് വരുത്താനാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ന്യായാനുസൃതമായ ആരുടെ ഏതു പ്രവ‌ൃത്തികൊണ്ടായാലും വേണ്ടില്ല. സഞ്ചാരസ്വാതന്ത്ര്യം ഈഴവർ മുതലായ വർഗക്കാർക്കു ലഭിച്ചേ തീരൂ എന്ന് ഞങ്ങൾക്ക് ഖണ്ഡിതമായ അഭിപ്രായമുണ്ട്. മനുഷ്യസഞ്ചാരമുള്ള പെരുവഴികളിൽ കൂടി സഞ്ചരിക്കാനുള്ള അവകാശത്തെ രാജ്യഭരണത്തിന്റെ പ്രാഥമികതത്വമെങ്കിലും ഗ്രഹിച്ചിട്ടുള്ള യാതൊരു ഗവൺമെന്റും നിഷേധിച്ചു കൂടാത്തതുമാകുന്നു. "സമര കാലത്തിനിടയിൽ നിരവധി മുഖപ്രസംഗങ്ങൾ മാത്രമല്ല സമരവാർത്തകൾക്ക് വലിയ പ്രാധാന്യവും കേരളകൗമുദി നൽകിയിരുന്നു .

സമരകാരണ നായകൻ

ടി.കെ.മാധവൻ

വൈക്കത്തെ തീണ്ടൽ പലക കടന്ന് 1923ൽ ടി.കെ.മാധവൻ ഒറ്റക്ക് ക്ഷേത്രസന്നിധിയിലേക്ക് നടന്ന വിവരം ജില്ലാ മജിസ്ടേറ്റിനെ അറിയിച്ചു. സത്യവൃത സ്വാമികൾ , സഹോദരൻ അയ്യപ്പൻ , കെ.കെ.മാധവൻ എന്നിവരോടൊപ്പം ടികെ. മാധവൻ ഒരിക്കൽക്കൂടി ആ വഴി സഞ്ചരിച്ചു വിവരം അധികൃതരെ അറിയിച്ചെങ്കിലും സർക്കാർ മൗനം പാലിച്ചു. തിരുനെൽവേലിയിൽ വെച്ച് ടി.കെ.മാധവൻ മഹാത്മാഗാന്ധിയെ കണ്ടു. സത്യഗ്രഹത്തിന് അനുകൂലമായ മഹാത്മജിയുടെ അഭിപ്രായം തന്റെ പത്രമായ ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച് സമരത്തിനുള്ള പ്രചാരണത്തിന് തുടക്കമിട്ടു. തുടർന്ന് എസ്.എൻ.ഡി.പി യോഗത്തിൽ നിന്നും സമരത്തിന് പിന്തുണ നൽകുന്ന ഒരു പ്രമേയം പാസാക്കിയെടുക്കുന്നതിനും ടി.കെ. മാധവന് കഴിഞ്ഞു. ശ്രീനാരായണ ഗുരുദേവന്റെ അനുഗ്രഹത്തോടെയും ഉപദേശത്തോടെയും ഗാന്ധിജിയുടെ അനുവാദത്തോടെയും യോഗം സംഘടനാ സെക്രട്ടറിയായിരുന്ന ടി.കെ.മാധവന്റെ നേതൃത്വത്തിൽ നടന്ന സഹനസമരമായിരുന്നു വൈക്കം സത്യഗ്രഹം. എന്നാൽ സമരത്തിന്റെ നെടുനായകത്വത്തിൽ നിന്ന് ടി.കെ മാധവനെ മാറ്റി നിറുത്തിയും അവർണർക്കുവേണ്ടി സവർണർ നടത്തിയ സമരമായി ചരിത്രത്തെ മാറ്റിയെഴുതാനുമുള്ള ബോധപൂർവ ശ്രമമാണ് ശതാബ്ദിവേളയിൽ ചില കേന്ദ്രങ്ങൾ നടത്തുന്നത്.

TAGS: VAIKOM SATYAGRAHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.