SignIn
Kerala Kaumudi Online
Saturday, 02 August 2025 4.04 AM IST

ഡോക്ടർമാർ തല്ല് വാങ്ങേണ്ടവരോ !

Increase Font Size Decrease Font Size Print Page

opinion

കേരളത്തിലെ ആരോഗ്യമേഖല രാജ്യത്തിനു തന്നെ മാതൃകയാണെന്നും ആതുരശുശ്രൂഷാരംഗത്ത് വൻ കുതിച്ചുചാട്ടമാണ് സംസ്ഥാനം നടത്തിയതെന്നുമൊക്ക പറഞ്ഞ് നാം ഊറ്റം കൊള്ളാറുണ്ട്. അതിനിടെയാണ് ഇടത്കാലിനു പകരം വലത്കാലിന് ശസ്ത്രക്രിയ നടത്തുകയും ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീ വയറ്റിൽ കത്രികയുമായി മാസങ്ങളോളം ജീവിച്ചുവെന്നൊക്കെ കേൾക്കാൻ പാടില്ലാത്ത സംഭവങ്ങൾക്കും കേരളം സാക്ഷ്യം വഹിക്കുന്നത്. പല ആശുപത്രികളിലും ഡോക്ടർമാരെ രോഗികളും കൂട്ടിരിപ്പുകാരും കൈയേറ്റം ചെയ്യുന്ന നിർഭാഗ്യകരമായ സംഭവങ്ങളും ഉണ്ടാകുന്നു.

ഡോക്ടമാരിൽ ചിലർക്കെങ്കിലും തല്ല് കൊള്ളേണ്ടവരാണെന്നാണ് പത്തനാപുരം എം.എൽ.എ കെ.ബി ഗണേശ്കുമാർ കഴിഞ്ഞ ദിവസം നിയമസഭയിൽ വിവാദ പരാമർശം നടത്തിയത്. ആരോഗ്യവകുപ്പിന്റെ ധനാഭ്യർത്ഥന വേളയിൽ എം.എൽ.എ നടത്തിയ പരാമർശം ഡോക്ടർമാരുടെ സംഘടനകളുടെ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയെങ്കിലും പൊതുസമൂഹത്തിൽ നിന്ന് എം.എൽ.എ യെ അനുകൂലിച്ചും അഭിനന്ദിച്ചും ശക്തമായ പിന്തുണ ലഭിക്കുന്നു. പത്തനാപുരത്ത് തന്റെ മണ്ഡലത്തിലെ വിധവയായ സ്ത്രീയുടെ അനുഭവം തെളിവ് സഹിതം നിയമസഭയിൽ വിവരിച്ചപ്പോൾ ആരോഗ്യവകുപ്പ് മന്ത്രിക്ക് പോലും മിണ്ടാട്ടം മുട്ടി. വിശദമായ അന്വേഷണം നടത്താമെന്ന പതിവ് പല്ലവിയിലൊതുങ്ങി ആരോഗ്യമന്ത്രിയുടെ മറുപടി.

പത്തനാപുരം വാഴപ്പാറ ഷീജ മൻസിലിൽ കെ.ഷീബ (48) യുടെ ഗർഭാശയ മുഴ നീക്കം ചെയ്യാൻ നടത്തിയ ശസ്ത്രക്രിയയാണ് അവരുടെ ജീവിതംതന്നെ ദുരിതത്തിലാഴ്ത്തിയത്. വിവിധ ആശുപത്രികളിലായി ഏഴ് ശസ്ത്രക്രിയകൾ നടത്തിയിട്ടും വയറ് കൂട്ടിയോജിപ്പിക്കുന്ന തുന്നലിടാൻ കഴിയുന്നില്ലെന്ന അസാധാരണ സ്ഥിതിവിശേഷമാണ്. ആദ്യം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലാണ് ഷീബ ഗർഭാശയ മുഴ നീക്കം ചെയ്യാൻ ശസ്ത്രക്രിയക്ക് വിധേയയായത്. ഒന്നരമാസത്തിനു ശേഷം ശസ്ത്രക്രിയ ചെയ്ത ഭാഗത്തിനു സമീപം മുഴയുടെ രൂപത്തിൽ കല്ലിപ്പ് കണ്ടെത്തിയപ്പോൾ അതേ ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയ ചെയ്തു. എന്നാൽ വീണ്ടും കല്ലിപ്പുണ്ടായതോടെ സ്വകാര്യ ആശുപത്രിക്കാർ കൈയൊഴിഞ്ഞു. തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിലും അവിടെനിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലുമായി അഞ്ച് ശസ്ത്രക്രിയകൾ നടത്തിയിട്ടും ഫലമുണ്ടായില്ല.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജറി വിഭാഗത്തിൽ നിന്ന് മോശവും നിരുത്തരവാദപരവുമായ സമീപനമാണുണ്ടായത്. അക്കാര്യമാണ് സർജറി വിഭാഗം മേധാവിയായ ഡോക്ടറുടെ പേരെടുത്ത് പറഞ്ഞ് ഗണേശ്കുമാർ നിയമസഭയിൽ വിമർശിച്ചത്. നിർദ്ധന കുടുംബാംഗമായ ഷീബ ബസിൽ കയറിയാണ് പത്തനാപുരത്ത് നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തുന്നത്. ശസ്ത്രക്രിയ നടത്താനായി തുറന്ന വയർ ഭാഗത്ത് അണുബാധയുണ്ടായി പഴുത്തു. അതിനാൽ തുന്നലിടാൻ പറ്റില്ലെന്നും ആദ്യം ശസ്ത്രക്രിയ നടത്തിയ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ചികിത്സാ പിഴവാണ് കാരണമെന്നുമാണ് ഇപ്പോൾ ഡോക്ടർമാർ പറയുന്നത്. ഇതുവരെ തുന്നലിടാൻ കഴിയാത്തതിനാൽ സ്ത്രീയുടെ വയറ് ചക്ക വെട്ടിക്കീറിയതുപോലെയോ അലമാര തുറന്നു വച്ചത് പോലെയോ ആണെന്ന് ഗണേശ്കുമാർ നിയമസഭയിൽ തെളിവായി വീഡിയോയും കാട്ടിയാണ് പറഞ്ഞത്. ലോകത്തെ ഏറ്റവും മികച്ച ആരോഗ്യ മാതൃകയെന്ന് കൊട്ടിഘോഷിക്കുമ്പോഴാണ് നാട്ടിലെ ആരോഗ്യമേഖലയുടെ നേർക്കാഴ്ച ഗണേശ്കുമാർ എം.എൽ.എ തുറന്നുകാട്ടിയത്.

ഗണേശ് കുമാർ എം.എൽ.എയുട ഇടപെടലിൽ അവർക്ക് വിദഗ്ധ ചികിത്സ നല്കാൻ ആസ്റ്റർ മെഡിസിറ്റി മുന്നോട്ടുവന്നത് യുവതിക്കും കുടുംബത്തിനും നല്കിയ ആശ്വാസം ചെറുതല്ല.

ഡോക്ടർമാർ

ആക്രമിക്കപ്പെടുന്നത്


ഡോക്ടർമാർ ആക്രമിക്കപ്പെടാൻ കാരണമാകുന്ന അവസരങ്ങൾ പലപ്പോഴും ഉണ്ടാകുന്നത് അവർ ഉത്തരവാദിത്വമില്ലാതെ പെരുമാറുമ്പോഴോ ചികിത്സാ പിഴവ് മൂലം രോഗികൾ മരണമടയുമ്പോഴോ ആണ്. സർക്കാരാശുപത്രികളിലും മെഡിക്കൽ കോളേജുകളിലും ഡോക്ടമാർ താങ്ങാവുന്നതിലും അധികം ജോലി ചെയ്യേണ്ടിവരുന്നു എന്നത് മറ്റൊരു യാഥാർത്ഥ്യം. സർക്കാരാശുപത്രികളിലെ ഡോക്ടർമാർക്ക് തങ്ങളുടെ ജോലിഭാരത്തിനനുസരിച്ചുള്ള ശമ്പളം ലഭിക്കുന്നില്ലെന്നതും വസ്തുതയാണ്. അതിനാലാണ് പലരും സ്വകാര്യ പ്രാക്ടീസ് നടത്തുന്നതും കൈക്കൂലി വാങ്ങുന്നതും. സർക്കാരാശുപത്രികളിൽ ആവശ്യത്തിന് സൗകര്യങ്ങളുടെ അപര്യാപ്‌തതയും മരുന്നിന്റെ അഭാവമോ ഒക്കെ ഉണ്ടാകാറുണ്ട്. ഇതിന്റെ പഴിയും കേൾക്കേണ്ടി വരുന്നത് ഡോക്ടർമാരാകും.

എന്നാൽ ഡോക്ടർമാരുടെ അനാസ്ഥയിൽ ദുരിതം അനുഭവിക്കുന്നവരും ഏറെയുണ്ടെന്ന് അടുത്തിടെ വിവാദമായ ചില സംഭവങ്ങൾ സാക്ഷ്യം വഹിക്കുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ സ്ത്രീയുടെ ഇടതുകാലിനു പകരം വലതുകാലിൽ ശസ്ത്രക്രിയ നടത്തിയ സംഭവം കേരളം ഞെട്ടലോടെ കണ്ടത് അടുത്തിടെയാണ്. 2017 നവംബർ 30 ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെയാണ് അടിവാരം സ്വദേശി ഹർഷിന ഗുരുതര വീഴ്ചയ്ക്ക് ഇരയായത്. ശസ്ത്രക്രിയയ്ക്കിടെ മറന്നുവച്ച കത്രിക മൂത്രസഞ്ചിയിൽ തറച്ചു നിൽക്കുകയായിരുന്നു. വേദന മാറാൻ പല ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും ഗുണമുണ്ടായില്ല. സ്വകാര്യ ആശുപത്രിയിലെ സി ടി സ്കാനിംഗിലാണ് മൂത്രസഞ്ചിയിൽ കത്രിക തറച്ച് നിൽക്കുന്നത് കണ്ടെത്തിയത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തു. ഇത്രകാലം അനുഭവിച്ച കൊടുംവേദനയ്ക്ക് നഷ്ടപരിഹാരം വേണമെന്നാണ് യുവതി ആവശ്യപ്പെട്ടത്. വീഴ്ച പരിശോധിക്കാൻ നിയോഗിച്ച അന്വേഷണ കമ്മിഷന് മുന്നിൽ നേരിട്ട് ഹാജരാകാൻ ഹർഷിനയോടെ ആവശ്യപ്പെട്ടത് വിവാദമായിരുന്നു. അന്വേഷണ കമ്മിഷൻ നൽകിയ റിപ്പോർട്ടിലാകട്ടെ, കത്രിക സർക്കാരാശുപത്രിയിലേതല്ലെന്നായിരുന്നു. എങ്കിൽ പിന്നെ എവിടെ നിന്നാണെത്തിയതെന്ന ചോദ്യമാണ് പ്രസക്തമാണ്. യുവതി മൂന്ന് പ്രാവശ്യം ചികിത്സയ്ക്ക് വിധേയയാതും സർക്കാരാശുപത്രികളിലാണ്. അതുകൊണ്ടുതന്നെ സർക്കാർ കത്രികയാണെന്ന് വ്യക്തമാണെന്നും അക്കാര്യം അന്വേഷിച്ച് കണ്ടെത്താൻ പൊലീസ് അന്വേഷണം നടത്തണമെന്നും ഗണേശ്കുമാർ നിയമസഭയിൽ ആവശ്യപ്പെടുകയുണ്ടായി. വൈകിയാണെങ്കിലും ഹർഷിനയുടെ പ്രതിഷേധത്തിനൊടുവിൽ നഷ്ടപരിഹാരം നൽകുന്നത് പരിഗണിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ടെന്നതാണ് ഏക ആശ്വാസം. സത്യസന്ധമായും ഉത്തരവാദിത്വത്തോടെയും സേവന മനോഭാവത്തോടെയും പെരുമാറുന്ന നിരവധി ഡോക്ടർമാരുണ്ടെന്ന വസ്തുത മറച്ചുവച്ച് പെരുമാറുന്നതും കേരളം പോലൊരു സമൂഹത്തിന് ഭൂഷണമല്ല.

കലാപാഹ്വാനമെന്ന്

ഐ.എം.എ

ചില ഡോക്ടർമാർക്കെങ്കിലും അടികിട്ടേണ്ടവരാണെന്ന് കെ.ബി ഗണേശ്കുമാർ നിയമസഭയിൽ നടത്തിയ വിവാദ പരാമർശം അതിരുവിട്ടതും കലാപാഹ്വാനവുമാണെന്നാണ് ഐ.എം.എ അഭിപ്രായപ്പെട്ടത്. എം.എൽ.എ ആയാലും രാജ്യത്തെ നിയമങ്ങൾ പാലിക്കാൻ ബാദ്ധ്യസ്ഥനാണ്. നിയമം കൈയിലെടുക്കാനാകില്ല. ഡോക്ടർമാർ ചികിത്സയിൽ പിഴവ് കാട്ടുകയോ അഴിമതികാട്ടുകയോ ചെയ്താൽ ചോദ്യം ചെയ്യുന്നതിൽ തെറ്റില്ല. സംസ്ഥാനത്ത് ഡോക്ടർമാർ നിരന്തരം ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ ഗൗരവത്തോടെ കാണണമെന്നും അതിനെതിരെ നടപടി സ്വീകരിക്കുകയും ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും സംരക്ഷണം നൽകണമെന്നും ഹൈക്കോടതി അടുത്തിടെയാണ് ഉത്തരവിട്ടത്. അതിന് വിരുദ്ധമാണ് എം.എൽ.എ യുടെ പരാമർശമെന്നും ഇക്കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും

ഐ.എം.എ ഭാരവാഹികൾ പറഞ്ഞു.

TAGS: VIOLENCE AGAINST DOCTORS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.