ബംഗളൂരു: 2018ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പിയെ തോൽപ്പിക്കാൻ തങ്ങൾ കോൺഗ്രസുമായി രഹസ്യ ധാരണ ഉണ്ടാക്കിയെന്ന വെളിപ്പെടുത്തലുമായി എസ് ഡി പി ഐ (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ) രംഗത്തെത്തി. ജനറൽ സെക്രട്ടറി ഇല്ല്യാസ് തുംബെയാണ് വെളിപ്പെടുത്തൽ നടത്തിയത്. എന്നാൽ ഇതിനെ കോൺഗ്രസ് നിഷേധിച്ചു. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) രാഷ്ട്രീയ വിഭാഗമായാണ് എസ് ഡി പി ഐയെ കണക്കാക്കുന്നത്.
സംസ്ഥാനത്ത് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എസ് ഡി പി ഐ 25 സ്ഥാനാർത്ഥികളെ പിൻവലിച്ചിരുന്നു. ഇത് കോൺഗ്രസുമായുള്ള ധാരണയുടെ ഭാഗമായിരുന്നു എന്ന് അന്നുതന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രത്യുപകാരമായി മൂന്ന് മണ്ഡലങ്ങളിൽ എസ് ഡി പി ഐക്ക് കോൺഗ്രസ് പിന്തുണ വാഗ്ദാനം ചെയ്തുവെന്നും റിപ്പോർട്ടുണ്ടായിരുന്നു.
എന്നാൽ ആരോപണങ്ങൾ കോൺഗ്രസ് തള്ളിക്കളഞ്ഞു. ഇത്തരം നീക്കുപോക്കുകൾ നടന്ന മണ്ഡലങ്ങൾ ഏതെന്ന് വെളിപ്പെടുത്തണമെന്ന് കോൺഗ്രസ് എം എൽ എ റിസ്വാൻ അർഷാദ് ആവശ്യപ്പെട്ടു.'ബി ജെ പി ഒരു വർഗീയ പാർട്ടിയായതിനാൽ അവരെ തോൽപ്പിക്കുക എന്നത് കോൺഗ്രസിന്റെ നിലപാടാണ്. അധികാരം നേടാനായി മാത്രം സമുദായങ്ങളെ ഭിന്നിപ്പിക്കുന്ന പാർട്ടിയാണ് ബി ജെ പി.2018-ലോ മറ്റേതെങ്കിലും തിരഞ്ഞെടുപ്പിലോ ഞങ്ങൾ ആരുമായും ധാരണയിലെത്തിയിരുന്നില്ല. ഇല്ല്യാസ് തുംബെയുടെ പ്രസ്താവന ഞാൻ കണ്ടിട്ടില്ല'- അർഷാദ് പറഞ്ഞു.
കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ വെളിപ്പെടുത്തൽ കോൺഗ്രസിന് തലവേദനയാകുമെന്നാണ് കരുതുന്നത്. പ്രത്യേകിച്ചും നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്‌ക്കുമെന്ന് പാർട്ടി പ്രതീക്ഷിക്കുന്ന ഘട്ടത്തിൽ. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ കുറഞ്ഞത് 100 മണ്ഡലങ്ങളിൽ നിന്നെങ്കിലും മത്സരിക്കുമെന്ന് എസ് ഡി പി ഐ നേരത്തേ വ്യക്തമാക്കിയിരുന്നു. ഈ നീക്കം കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകുമെന്നും ബി ജെ പിക്ക് അനുകൂലമാകുമെന്നും രാഷ്ട്രീയ നിരീക്ഷകർ വെളിപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |