കണ്ണൂർ: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനും ബംഗളൂരുവിലെ ആക്ഷൻ ഒ.ടി.ടി പ്ലാറ്റ്‌ഫോം സി.ഇ.ഒ വിജേഷ് പിള്ളയ്ക്കുമെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. 120 ( ബി)ഗൂഢാലോചന, 468,വ്യാജ രേഖ ചമക്കൽ, 153 ലഹള ഉണ്ടാക്കാൻ ശ്രമിക്കൽ , 500 അപവാദ പ്രചണം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
സി.പി.എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ. സന്തോഷ് നൽകിയ പരാതിയിലാണ് കേസെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും എതിരെ അപവാദ പ്രചാരണം നടത്തുന്നതിൽ നടപടി ആവശ്യപ്പെട്ടാണ് പരാതി നൽകിയത്.
മുഖ്യമന്ത്രിയെയും കുടുംബത്തെയും എം.വി.ഗോവിന്ദനെയും താറടിച്ചു കാണിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് പരാതിയിൽ പറഞ്ഞിരുന്നു.
സ്വപ്നയുടെ ഫേസ്ബുക്ക് ലൈവിൽ പറയുന്ന കാര്യങ്ങൾ അടിസ്ഥാനരഹിതമാണ്. അത് സമർത്ഥിക്കുന്ന തെളിവുകളോ ഓഡിയോകളോ പുറത്തുവിട്ടിട്ടില്ല. എം.വി.ഗോവിന്ദനും സ്വപ്നയും വിജേഷും തമ്മിൽ ബന്ധപ്പെട്ടതായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഫേസ്ബുക്ക് ലൈവിലൂടെ ലക്ഷ്യമിട്ടതെന്നും പരാതിയിൽ പറയുന്നു.
ഭീഷണിക്കേസ്: വിജേഷ് പിള്ള ഹാജരായി
ബംഗളൂരു: നാടുവിടാൻ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന സുരേഷ് നല്കിയ പരാതിയിൽ വിജേഷ് പിള്ള കർണ്ണാടക പൊലീസിനു മുമ്പാകെ ഹാജരായി. ബംഗളൂരു കെ.ആർ പുരം പൊലീസ് സ്റ്രേഷനിലാണ് ഹാജരായത്. വിജേഷ് ഒളിവിലാണെന്നും സ്റ്രേഷനിൽ ഹാജരാകാനുള്ള നോട്ടീസ് വാട്ട്സ്ആപ്പ് വഴി അയച്ചെങ്കിലും സ്വീകരിച്ചില്ലെന്നും കർണ്ണാടക പൊലീസ് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, സ്റ്രേഷനിൽ നേരിട്ട് ഹാജരാകുമെന്ന് വിജേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ ഉന്നയിച്ച ആരോപണങ്ങൾ 30 കോടി കൈപ്പറ്റി പിൻവലിക്കാൻ വിജേഷ് ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്നയുടെ പരാതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |