
തിരുവനന്തപുരം: നേമത്ത് താൻ മത്സരിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തി മന്ത്രി വി ശിവൻകുട്ടി. നേമത്ത് ആരാണ് മത്സരിക്കുന്നതെന്ന് പാർട്ടി നിശ്ചയിക്കുമെന്നും സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥികൾ ഇടതുപക്ഷത്തിന്റെ ശൈലിയല്ലെന്നും ആരുമത്സരിച്ചാലും ബിജെപിയുടെ പൂട്ടിയ അക്കൗണ്ട് അങ്ങനെതന്നെയായിരിക്കും എന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. നേമത്ത് മത്സരിക്കാൻ ഇനി താനില്ലെന്ന് തൃശൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ശിവൻകുട്ടി പറഞ്ഞിരുന്നു.
ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കഴിഞ്ഞദിവസം താൻ നേമത്ത് നിന്നും മത്സരിക്കുമെന്ന് സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ മത്സരിക്കാനില്ലെന്ന് ശിവൻകുട്ടി പറഞ്ഞത് വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. തോൽക്കുമെന്ന് പേടിച്ച് മുങ്ങി എന്നുവരെ സോഷ്യൽ മീഡിയിൽ കമന്റുകൾ നിറഞ്ഞു. ഇതോടെയാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തി ശിവൻകുട്ടി രംഗത്തെത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
നേമത്ത് ആര് എന്നാണ് മാധ്യമചർച്ച..
പാർട്ടിയും മുന്നണിയും നിശ്ചയിക്കുന്ന വ്യക്തി എന്നാണ് ഉത്തരം..
സ്വയംപ്രഖ്യാപിത സ്ഥാനാർത്ഥികൾ ഇടതുപക്ഷത്തിന്റെ ശൈലിയല്ല..
ഒരുകാര്യം ഉറപ്പ്;പൂട്ടിയ അക്കൗണ്ട് അങ്ങിനെ തന്നെ..
സംസ്ഥാനത്ത് ഇടത് മുന്നണിയും ബിജെപിയും തമ്മിൽ നേരിട്ട് ഏറ്റുമുട്ടുന്ന പ്രധാന നിയമസഭാ മണ്ഡലമാണ് നേമം. 2016ൽ നേമത്ത് ഒ രാജഗോപാൽ വിജയിച്ച് കേരളനിയമസഭയിൽ ബിജെപി അക്കൗണ്ട് തുറന്നിരുന്നു. എന്നാൽ 2021ലെ തിരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരനെ 3949 വോട്ടുകൾക്ക് പരാജയപ്പെടുത്തി വി ശിവൻകുട്ടിയാണ് നേമം ബിജെപിയിൽ നിന്ന് തിരികെ പിടിച്ചത്. കഴിഞ്ഞ രണ്ടുതിരഞ്ഞെടുപ്പുകളിലും കോൺഗ്രസ് ഇവിടെ മൂന്നാം സ്ഥാനത്തായിരുന്നു.
ഇക്കഴിഞ്ഞ കോർപറേഷൻ തിരഞ്ഞെടുപ്പിൽ മണ്ഡലം ബിജെപിക്കൊപ്പമെന്ന് സൂചനകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞദിവസം രാജീവ് ചന്ദ്രശേഖർ സ്ഥാനാർത്ഥിയാകുമെന്ന് ബിജെപിയിൽ നിന്ന് സൂചനകൾ വന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |