ന്യൂയോർക്ക് : വെറൈറ്റി ഭക്ഷണങ്ങൾ പരീക്ഷിക്കാൻ ഇഷ്ടമല്ലാത്തവർ കുറവാണ്. ഉപഭോക്താക്കളുടെ താത്പര്യങ്ങൾക്കനുസരിച്ച് ഭക്ഷണ പദാർത്ഥങ്ങളിൽ പുത്തൻ പരീക്ഷണങ്ങൾ നടത്തുന്നത് റെസ്റ്റോറന്റുകളുടെ പതിവാണ്. ഓഫറുകളിലൂടെയും മറ്റും കസ്റ്റമേഴ്സിനെ ആകർഷിക്കാനും ഇവർ ശ്രമിക്കുന്നു. വിലയിൽ അനുവദിക്കുന്ന ഇളവാണ് ഇതിൽ ഏറ്റവും ആകർഷണീയം.
പക്ഷേ, യു.എസിലെ ലാസ് വേഗാസിലുള്ള ' ദ ഹാർട്ട് അറ്റാക്ക് ഗ്രിൽ " എന്ന റെസ്റ്റോറന്റിൽ കാര്യങ്ങൾ അല്പം വ്യത്യസ്തമാണ്. ഇവിടെ സൗജന്യ ഭക്ഷണമാണ് ഓഫർ. അതും ബർഗർ, ഹോട്ട് ഡോഗ് തുടങ്ങി ജങ്ക് ഫുഡുകളാണ് സൗജന്യമായി നൽകുക. പക്ഷേ, ഒറ്റ നിബന്ധന. കസ്റ്റമറിന്റെ ഭാരം 158 കിലോഗ്രാമോ അതിൽ കൂടുതലോ ആയിരിക്കണം.! ഇതിനായി ഇവിടെ ഭാര പരിശോധനയുണ്ട്.
' ദ ഹാർട്ട് അറ്റാക്ക് ഗ്രിൽ " എന്ന പേര് പോലെ തന്നെ വിചിത്രമാണ് ഈ റെസ്‌റ്റോറന്റിലെ രീതികളും. സന്ദർശകർക്ക് ആരോഗ്യകരമായ ഭക്ഷണം വിളമ്പാനാണ് എല്ലാ റെസ്‌റ്റോറന്റുകളും ശ്രദ്ധിക്കുന്നതെങ്കിൽ ഇവിടെ നേർവിപരീതമാണ്. പേര് പോലെ തന്നെ ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണ പദാർത്ഥങ്ങളാണ് ഇവിടെയുള്ളത്. ഫാറ്റ്, ഷുഗർ, കൊളസ്ട്രോൾ, കലോറി എന്നീ ഘടകങ്ങൾ കൂടുതലുള്ള ഭക്ഷണമാണ് ഇവിടെ.
ആശുപത്രിയുടെ തീമാണ് ഈ റെസ്‌റ്റോറന്റിന്റെ മറ്റൊരു പ്രത്യേകത. ഇവിടുത്തെ ജീവനക്കാരെല്ലാം ഡോക്ടർമാരുടെയും നഴ്സുമാരുടെയും വേഷത്തിലാണ് കസ്‌റ്റമേഴ്സിനെ വരവേൽക്കുന്നത്. ഹോസ്പിറ്റൽ ഗൗണും കൈയ്യിൽ ബാൻഡും അണിയിച്ച് രോഗികളായാണ് ഇവിടെയെത്തുന്ന കസ്റ്റമേഴ്സിനെയെല്ലാം സ്വീകരിക്കുന്നത്. ആശുപത്രിയിൽ ഡോക്ടർമാർ മരുന്നുകുറിക്കുന്നത് എങ്ങനെയാണോ അതുപോലെയാണ് കസ്റ്റമേഴ്സിൽ നിന്ന് നഴ്സിന്റെയും ഡോക്ടറിന്റെയും വേഷത്തിലുള്ള ജീവനക്കാർ ഓർഡർ സ്വീകരിക്കുന്നത്. !
ഇനി ഇവിടുത്തെ മെനുവാണ് രസകരം. ബൈപ്പാസ് ബർഗർ പോലുള്ള ഇവിടുത്തെ ഫാസ്റ്റ് ഫുഡ് ഐറ്റങ്ങളുടെ വലിപ്പവും ഫാറ്റും കലോറിയുമൊക്കെ കരുതുന്നതിലും അപ്പുറമാണ്. വിവിധ തരത്തിലും വലിപ്പത്തിലുമുള്ള ബീഫ് ബർഗറുകൾ ഇവിടെയുണ്ട്. മെക്സിക്കൻ കൊക്ക കോള മുതൽ ബിയർ വരെയുള്ള പാനിയങ്ങളും ലഭ്യമാണ്.
158 കിലോ ഭാരമുള്ളവർക്ക് സൗജന്യ ഭക്ഷണം ഓഫർ ചെയ്യുന്ന റെസ്റ്റോറന്റിനെതിരെ രൂക്ഷ വിമർശനവും ഉയരുന്നുണ്ട്. ആളുകളിൽ അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും അമിത വണ്ണവും പ്രോത്സാഹിപ്പിക്കുന്ന റെസ്റ്റോറന്റിനെതിരെ നടപടി വേണമെന്നാണ് ചിലരുടെ ആവശ്യം.
അതേ സമയം, ജങ്ക് ഫുഡിന്റെ ദോഷഫലങ്ങൾ രസകരമായ രീതിയിൽ അവതരിപ്പിക്കുകയാണ് ഈ റെസ്‌റ്റോറന്റെന്ന് ചില അഭിപ്രായപ്പെടുന്നു. 2005ൽ അരിസോണയിലാണ് ഹാർട്ട് അറ്റാക്ക് ഗ്രിൽ ആദ്യമായി തുറന്നത്. ജോൺ ബോസോ എന്ന ന്യൂട്രീഷ്യനിസ്‌റ്റാണ് ഈ സംരംഭത്തിന് പിന്നിൽ.
2011ലാണ് ഈ റെസ്‌റ്റോറന്റ് ലാസ് വേഗാസിലേക്ക് മാറ്റിയത്. ഇവിടെ നിന്ന് പതിവായി ഭക്ഷണം കഴിച്ച ചിലർക്ക് ശരിക്കും ഹൃദയാഘാതം ഉണ്ടായിട്ടുണ്ടെന്ന് വരെ പറയപ്പെടുന്നു. മറ്റ് നിരവധി വിവാദങ്ങളും ഈ റെസ്റ്റോറന്റിനെ മുമ്പ് വേട്ടയാടിയിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും ഇവിടുത്തെ ഭക്ഷണ പദാർത്ഥങ്ങൾ തേടി നിരവധി പേരാണ് എത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |