ന്യൂഡൽഹി: പൊലീസിന്റെ കൈയിൽ നിന്ന് രക്ഷപ്പെട്ട ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിംഗിനെ അറസ്റ്റ് ചെയ്തതായി 'വാരിസ് പഞ്ചാബ് ദേ' നിയമോപദേശകൻ ഇമ്രാൻ സിംഗ് ഖാര. പഞ്ചാബിലെ ഷാഹ്‌കോട്ട് പൊലീസ് സ്റ്റേഷനിലാണ് അമൃത്‌പാൽ ഇപ്പോൾ ഉള്ളതെന്നും വ്യാജ ഏറ്റുമുട്ടലിലൂടെ വധിക്കാനാണ് നീക്കമെന്നുമാണ് ഇമ്രാൻ സിംഗ് പറയുന്നത്.
അമൃത്പാലിന് വേണ്ടി പഞ്ചാബ് - ഹരിയാന ഹൈക്കോടതിയിൽ അഭിഭാഷകൻ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തിട്ടുണ്ട്. അതേസമയം, 'വാരിസ് പഞ്ചാബ് ദേ' നേതാവായ അമൃത് പാലിന്റെ അറസ്റ്റിനെക്കുറിച്ച് പൊലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഷാഹ്‌കോട്ടിൽവച്ച് അമൃത്പാൽ സിംഗിനെ പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തെന്നും, പിടികൂടിയിട്ട് 24 മണിക്കൂർ പിന്നിട്ടെങ്കിലും കോടതിയിൽ ഹാജരാക്കിയിട്ടില്ലെന്നുമാണ് ഹർജിയിൽ പറയുന്നത്. അമൃത്പാൽ സിംഗിനെ കഴിഞ്ഞ ദിവസം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
അതേസമയം, ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന്‍ കെട്ടിടത്തില്‍ ഖലിസ്ഥാന്‍ അനുകൂലികള്‍ അക്രമം നടത്തിയതിന് പിന്നാലെ ഡൽഹിയിലുള്ള ബ്രിട്ടന്റെ മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു. അമൃത്പാല്‍ സിംഗിനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു ഖാലിസ്ഥാൻ അനുകൂലികളുടെ അതിക്രമം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |