കണ്ണൂർ: റബറിന്റെ വില മുന്നൂറു രൂപയായി കേന്ദ്രസർക്കാർ പ്രഖ്യാപിക്കുകയാണെങ്കിൽ തിരഞ്ഞെടുപ്പിൽ ബി ജെ പിയെ സഹായിക്കുമെന്ന് തലശേരി രൂപത ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ളാനി പറഞ്ഞത് ബി ജെ പി നേതാക്കളെ കണ്ടതിന് ശേഷം. കഴിഞ്ഞ ചൊവാഴ്ച ബിഷപ്പ് ഹൗസിലെത്തി ബി ജെ പി നേതാക്കൾ പാംപ്ളാനിയെ കണ്ടിരുന്നു. ഇന്നലെയായിരുന്നു ബി ജെ പിയ്ക്ക് വോട്ട് നൽകുമെന്ന് ബിഷപ്പ് പ്രസ്താവന നടത്തിയത്.
പ്രസ്താവനയ്ക്ക് രണ്ടുദിവസം മുൻപ് ബിഷപ്പിനെ കണ്ടതായി ബി ജെ പി ജില്ലാ പ്രസിഡന്റും ന്യൂനപക്ഷമോർച്ച ഭാരവാഹികളും അടക്കമുള്ളവർ സ്ഥിരീകരിച്ചു. സാധാരണ സന്ദർശനത്തിന്റെ ഭാഗമായാണ് കണ്ടതെന്നും ഇതിനിടെ കർഷകരുടെയും കുടിയേറ്റക്കാരുടെയും പ്രതിസന്ധികളെക്കുറിച്ച് ചർച്ച ചെയ്തുവെന്നും നേതാക്കൾ പറയുന്നു. ഇന്നലെ ബിഷപ്പിന്റെ പ്രസ്താവന വന്നതിന് പിന്നാലെ ബി ജെ പി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ഫേസ്‌ബുക്ക് പേജിൽ ബിഷപ്പിനെ സന്ദർശിക്കുന്നതിന്റെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ബിഷപ്പിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായും ഇതിൽ വ്യക്തമാക്കുന്നുണ്ട്.
ബി ജെ പി ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ്, ന്യൂനപക്ഷമോർച്ച ജില്ലാ പ്രസിഡന്റ് അരുൺ തോമസ്, ജനറൽ സെക്രട്ടറി, ജോസ് എ വൺ, ലുയിസ് തുടങ്ങിയ നേതാക്കളാണ് ബിഷപ്പിനെ സന്ദർശിച്ചത്. ലവ് ജിഹാദ് പോലെയുള്ള സാമൂഹിക വിഷയങ്ങളിൽ ന്യൂനപക്ഷമോർച്ചയുടെ ഇടപെടൽ പ്രശംസനീയമാണെന്ന് കൂടിക്കാഴ്ചയിൽ പാംപ്ളാനി അഭിപ്രായപ്പെട്ടതായി ബി ജെ പി നേതാക്കൾ പറഞ്ഞു.
കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപതയിൽ സംഘടിപ്പിച്ച കർഷകറാലിയിലായിരുന്നു ആർച്ച് ബിഷപ്പിന്റെ പരാമർശം.'റബറിന് വിലയില്ല. വിലത്തകർച്ചയിലാണ്. കേന്ദ്രം ഭരിക്കുന്ന സർക്കാർ വിചാരിച്ചാൽ റബറിന്റെ വില 250 രൂപയാക്കാൻ കഴിയും. തിരഞ്ഞെടുപ്പിൽ വോട്ടായി മാറാത്ത ഒരു പ്രതിഷേധത്തിനും ജനാധിപത്യത്തിൽ വിലയില്ലെന്ന സത്യമോർക്കുക. നമുക്ക് കേന്ദ്രസർക്കാരിനോട് പറയാം, നിങ്ങളുടെ പാർട്ടി ഏതുമായിക്കൊള്ളട്ടെ, ഞങ്ങൾ നിങ്ങളെ വോട്ട് ചെയ്ത് ജയിപ്പിക്കാം. നിങ്ങൾ വില 300 രൂപയായി പ്രഖ്യാപിച്ച് കർഷകരിൽ നിന്ന് റബർ എടുക്കുക. നിങ്ങൾക്ക് ഒരു എം പി പോലുമില്ലെന്ന വിഷമം ഈ കുടിയേറ്റ ജനത മാറ്റിത്തരാം'- എന്നായിരുന്നു ബിഷപ്പിന്റെ പ്രസ്താവന.
ഇത് വിവാദമായതിന് പിന്നാലെ പ്രസ്താവനയിൽ അദ്ദേഹം വിശദീകരണവും നൽകി. താൻ പറഞ്ഞത് മലയോര കർഷകരുടെ നിലപാടാണ്. സഭയും ബി ജെ പിയും തമ്മിലുള്ള സഖ്യമായി ഇതിനെ ദുർവ്യാഖ്യാനം ചെയ്യേണ്ടതില്ല. കർഷകരുടെ കൂടിയാലോചിച്ചതിന് ശേഷമെടുത്ത തീരുമാനമാണിത്. അവരുടെ പൊതുവികാരം പ്രഖ്യാപിക്കുകമാത്രമാണ് ചെയ്തത്. സഭയുടെ ആശയം പ്രചരിപ്പിച്ചതല്ലെന്നും ബിഷപ്പ് വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |