തിരുവനന്തപുരം: കിലുക്കം, മിന്നാരം, താളവട്ടം, യോദ്ധ തുടങ്ങി എത്രയെത്ര സിനിമകളിലാണ് മോഹൻലാൽ- ജഗതി കൂട്ടുകെട്ട് മലയാളികളെ പൊട്ടിച്ചിരിപ്പിച്ചത്. വർഷങ്ങൾക്ക് ശേഷം മോഹൻലാലും ജഗതിയും ഒരുവേദിയിൽ ഒന്നിച്ചതാണ് ആരാധകരുടെ ഇടയിൽ ചർച്ചയാകുന്നത്, കൊച്ചിയിൽ നടന്ന അമ്മയുടെ ജനറൽ ബോഡി യോഗത്തിലാണ് ജഗതി പങ്കെടുക്കാനെത്തിയത്. ചന്ദന നിറമുള്ള ഷർട്ടും കറുത്ത പാന്റ്സും ധരിച്ച് നിറചിരിയോടെ വീൽച്ചെയറിലാണ് പ്രിയതാരം യോഗത്തിനെത്തിയത്. അദ്ദേഹത്തിന്റെ കൈയിൽപിടിച്ച് സ്നേഹപൂർവം അമ്മ പ്രസിഡന്റ് മോഹൻലാൽ സ്വാഗതം ചെയ്തു. ചെവിയിൽ കുശലം പറഞ്ഞു. മോഹൻലാലിനെ കൈയുയർത്തി ജഗതി തലോടി. 2012 മാർച്ചിൽ മലപ്പുറത്ത് നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ജഗതി 13 വർഷത്തിനു ശേഷമാണ് അമ്മയുടെ യോഗത്തിൽ പങ്കെടുത്തത്. മോഹൻലാൽ, കേന്ദ്രമന്ത്രി സുരേഷ് ഗോപി തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
യോഗത്തിൽ മുൻനിരയിൽ വീൽചെയറിൽ അദ്ദേഹത്തെ ഇരുത്തി. മുതിർന്നവരും യുവാക്കളുമായ അഭിനേതാക്കൾ അടുത്തെത്തി ചേർത്തുപിടിച്ച് സ്നേഹവും ആദരവും പ്രകടിപ്പിച്ചു. നിറഞ്ഞ ചിരിയിലൂടെ അദ്ദേഹം എല്ലാവരോടും പ്രതികരിച്ചു. യോഗം നടന്ന കലൂരിലെ ഹോട്ടലിൽ ശനിയാഴ്ച തന്നെ ജഗതി കുടുംബസമേതം എത്തിയിരുന്നു. ഇന്ന് രാവിലെ 11ന് മകനൊപ്പം കൺവെൻഷൻ സെന്ററിലെ ഹാളിലേക്ക് എത്തി.
2012 മാർച്ച് 10ന് മലപ്പുറം ജില്ലയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം ദേശീയപാതയിലുണ്ടായ വാഹനാപകടത്തിലാണ് അദ്ദേഹത്തിന് പരിക്കേറ്റത്. അതിനുശേഷം അദ്ദേഹം അമ്മയുടെ യോഗത്തിൽ പങ്കെടുത്തിട്ടില്ല. അമ്മയുടെ അഡ്ഹോക് കമ്മിറ്റി ഭാരവാഹികൾ പ്രത്യേകം ക്ഷണിച്ചാണ് യോഗത്തിനായി അദ്ദേഹത്തെ കൊച്ചിയിൽ എത്തിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |