അമ്പലപ്പുഴ : കോഴിക്കോട് പാലക്കാട് ദേശീയപാതയിൽ തീരൂർക്കാട്ട് തിങ്കളാഴ്ച പുലർച്ചെ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എം.ബി.ബി.എസ് വിദ്യാർത്ഥിനി മരിച്ചതോടെ പൊലിഞ്ഞത് ഒരു നാടിന്റെയും ദരിദ്രകുടുംബത്തിന്റെയും സ്വപ്നങ്ങൾ. പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിനിയും പുന്നപ്ര വടക്കു പഞ്ചായത്ത് പതിമൂന്നാം വാർഡ് അറപ്പക്കൽ പൂന്ത്രശേരിൽ നിക്സൺ നിർമ്മല ദമ്പതികളുടെ ഏകമകളുമായ അൽഫോൻസ നിക്സൺ (സ്‌നേഹമോൾ 22) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് അശ്വിൻ പരിക്കുകളോടെ പെരിന്തൽമണ്ണ കിംഗ്സ് അൽശിഫ ആശുപത്രിയിൽ ചികിത്സയിലാണ്.
മത്സ്യത്തൊഴിലാളിയായ നിക്സൺ തീരത്ത് പണിയില്ലാത്തപ്പോൾ കൂലിപ്പണി ചെയ്താണ് മകളെ പഠിപ്പിച്ചത്. ഒന്നു മുതൽ പ്ലസ് ടു വരെ പുന്നപ്ര ജ്യോതിനികേതൻ സ്‌കൂളിലായിരുന്നു പഠനം. അൽഫോൺസയ്ക്ക് എം.ബി.ബി.എസിന് പ്രവേശനം ലഭിച്ചപ്പോൾ ഒരു നാടൊന്നാകെ ആഹ്ലാദത്തിലായിരുന്നു. നിർദ്ധന മത്സ്യതൊഴിലാളി കുടുംബത്തിൽ നിന്ന് ഒരു ഡോക്ടറെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിലായിരുന്നു തീരദേശത്തെ ആഹ്ലാദം. ഇന്നലെ പുലർച്ചെ വന്ന ദു:ഖവാർത്ത അറിഞ്ഞ് സഹിക്കാനാവാതെ നാട്ടുകാർ ഒന്നടങ്കം വിങ്ങിപ്പൊട്ടുകയാണ് . ഇന്ന് വാടയ്ക്കൽ അറപ്പ പ്പൊഴി ദേവാലയത്തിലെ പ്രാർത്ഥനക്കു ശേഷം ഉച്ചയോടെ പറവൂർ സെന്റ് ജോസഫ് ഫെറോന പള്ളിയിലാണ് സംസ്‌കാരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |