നെയ്യാറ്റിൻകര നെല്ലിമൂട് സ്വദേശികൾ
മൂന്നുപേർക്ക് പരിക്ക്
തിരുവനന്തപുരം: വേളാങ്കണ്ണിയിലേക്കു പോയ ഏഴംഗ മലയാളി തീർത്ഥാടക സംഘം സഞ്ചരിച്ചിരുന്ന ഓമ്നി വാനിൽ ബസിടിച്ച് നെയ്യാറ്റിൻകര നെല്ലിമൂട് സ്വദേശികളായ നാലുപേർക്ക് ദാരുണാന്ത്യം. മൂന്നുപേർക്ക് പരിക്കേറ്റു. തമിഴ്നാട് തിരുവാരൂരിൽ ഇന്നലെ പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം. എല്ലാവരും സുഹൃത്തുക്കളാണ്.
നെല്ലിമൂട് കുഴിപ്പറച്ചൽ വീട്ടിൽ രവീന്ദ്രന്റെയും ഫിലോമിനയുടെയും മകൻ ഷാജുനാഥ് (26), കല്ലയം വിനായകനഗർ നടേശവിലാസത്തിൽ നടേശന്റേയും വസന്തയുടെയും മകൻ ജയപ്രസാദ് (33), കോട്ടുകാൽക്കോണം കുഴിവിള ശ്രീജവിലാസത്തിൽ ശ്രീരാജേഷ് (33), കുഴിപ്പറച്ച ഷീജ ഭവനിൽ രാഹുൽ (30) എന്നിവരാണ് മരിച്ചത്.
കഴിവൂർ കല്ലുമല പ്ലാവില മേലേപുത്തൻവീട്ടിൽ സാബു (32),കഴിവൂർ കല്ലുമല ബി.കെ മന്ദിരത്തിൽ രജനീഷ് (44), കോട്ടുകാൽ മുക്കംപാല തേരിവിള പുത്തൻവീട്ടിൽ സുനിൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ തിരുവാരൂർ ആശുപത്രിയിൽ ചികിത്സതേടി.
തിരുവാരൂർ ജില്ലയിലെ മുത്തുപേട്ടയ്ക്കടുത്ത് ഈസ്റ്റ് കോസ്റ്റ് റോഡിലെ പെട്രോൾ പമ്പിന് സമീപത്തുവച്ചാണ് നാഗപട്ടണത്ത് നിന്ന് എർവാടിയിലേക്ക് പോകുകയായിരുന്ന തമിഴ്നാട് സർക്കാരിന്റെ ബസ് ഇടിച്ചത്. അമിത വേഗതയിലായിരുന്ന ബസ് നിയന്ത്രണം വിട്ട് വാനിന്റെ വലതു ഭാഗത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. വാൻ പൂർണ്ണമായും തകർന്നു. നാലുപേർ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. പരിക്കേറ്റ മൂന്നുപേർക്കും തലയിൽ മുറിവും ക്ഷതവുമേറ്റിട്ടുണ്ട്.
തിരുവാരൂർ എസ്.പി കരുൺ കാരാട്ട് സംഭവസ്ഥലം സന്ദർശിച്ചു. വീരയൂർ പൊലീസ് കേസെടുത്തു. അവധി ദിവസങ്ങളിൽ സ്ഥിരമായി യാത്രപോകുന്ന സംഘത്തിലുള്ളവരാണ് അപകടത്തിൽപെട്ടത്. ഇവർ ഇതിന് മുൻപും വേളാങ്കണ്ണിയിൽ പോയിട്ടുണ്ട്.
ഷാജുനാഥ് നെല്ലിമൂട്ടിൽ മൊബൈൽ ഷോപ്പ് നടത്തുകയായിരുന്നു. വീടിന് സമീപം കാർ വർക്ക്ഷോപ്പ് നടത്തുകയാണ് ജയപ്രസാദ്. രാഹുലും ശ്രീരാജേഷും ഡ്രൈവർമാരാണ്. നാലുപേരും അവിവാഹിതരാണ്. കീർത്തന, നിഖിൽ എന്നിവരാണ് ഷാജുനാഥിന്റെ സഹോദരങ്ങൾ. ജയപ്രസാദിന്റെ സഹോദങ്ങൾ ജയലക്ഷ്‌മി, രഞ്ജിത്ത്. ശ്രീരാജേഷിന്റെ സഹോദരങ്ങൾ: ശ്രീജ, ശ്രീരാജൻ. ഗോകുലാണ് രാഹുലിന്റെ സഹോദരൻ. മൃതദേഹങ്ങൾ ഇന്നു രാവിലെ നാട്ടിലെത്തിക്കും. എട്ടുമണിക്ക് നെല്ലിമൂട് ന്യൂ ഹയർസെക്കൻഡറി സ്‌കൂളിൽ പൊതുദർശനത്തിനു ശേഷം സംസ്കാരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |