വ്യക്തത ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നൽകും
തിരുവനന്തപുരം: മെഡിക്കൽ ബിരുദ, ബിരുദാനന്തര കോഴ്സുകളിലെ പ്രവേശനം കേന്ദ്ര പൊതുപ്രവേശന കൗൺസലിംഗ് വഴിയാക്കുന്നതിൽ കേന്ദ്ര സർക്കാരിൽ നിന്ന് വ്യക്തത തേടാൻ ആരോഗ്യമന്ത്രി വിളിച്ച യോഗത്തിൽ തീരുമാനം. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, എൻട്രൻസ് കമ്മിഷണർ എന്നിവർ കേന്ദ്രഅലോട്ട്മെന്റിന്റെ ഗുണ, ദോഷങ്ങൾ പഠിച്ച് സർക്കാരിന് റിപ്പോർട്ട് നൽകും. ആരോഗ്യ സെക്രട്ടറി ഇക്കാര്യങ്ങളിൽ വ്യക്തത തേടി കേന്ദ്രത്തിന് കത്ത് നൽകും..
സംസ്ഥാനത്ത് സ്റ്റേറ്റ് ക്വോട്ടയിൽ നടത്തുന്ന എം.ബി.ബി.എസ്, എം.ഡി, എം.എസ്, ഡിപ്ലോമ പ്രവേശനം കേന്ദ്രം ഏറ്റെടുക്കുന്നതോടെ നിലവിലുള്ള പ്രാദേശിക സംവരണം ഇല്ലാതാവുമെന്നും, വിദ്യാർത്ഥികളുടെ പരാതി പരിഹാരത്തിന് സംവിധാനമില്ലാതാവുമെന്നുമാണ് ആശങ്ക. നിലവിൽ തിരുവനന്തപുരത്തെ എൻട്രൻസ് കമ്മിഷണറേറ്റാണ് അലോട്ട്മെന്റ് സംബന്ധിച്ച പരാതികൾ പരിഹരിക്കുന്നത്. കേന്ദ്ര അലോട്ട്മെന്റ് വരുന്നതോടെ, ഡൽഹിയിൽ പരാതി നൽകേണ്ടി വരും. പരാതി പരിഹാരത്തിന് പ്രാദേശിക സംവിധാനം വേണമെന്നതടക്കം ആവശ്യങ്ങൾ സംസ്ഥാനം ഉന്നയിക്കും.
എം.ബി.ബി.എസിന്റെ 85%, പി.ജി കോഴ്സുകളിൽ 50% സീറ്റുകളിൽ എൻട്രൻസ് കമ്മിഷണറാണ് നിലവിൽ പ്രവേശനം നടത്തുന്നത്. സ്വാശ്രയ കോളേജുകളിൽ എൻ.ആർ.ഐ ക്വോട്ടയിലടക്കം മുഴുവൻ സീറ്റുകളിലേക്കും എൻട്രൻസ് കമ്മിഷണറുടെ അലോട്ട്മെന്റാണ്. എം.ബി.ബി.എസിന് 15% അഖിലേന്ത്യാ ക്വോട്ട സീറ്റുകളിൽ മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റി അലോട്ട്മെന്റ് നടത്തുന്ന മാതൃകയിൽ എല്ലാ സീറ്റുകളിലേക്കും പ്രവേശനം നടത്താനാണ് കേന്ദ്ര തീരുമാനം. രാജ്യമാകെ ഒറ്റ കൗൺസലിംഗിലൂടെ പ്രവേശനം നടത്തുമെന്ന് സംസ്ഥാനത്തിന് കേന്ദ്രം കത്ത് നൽകിയെങ്കിലും, എന്നു മുതലാണ് തുടങ്ങുകയെന്ന് അറിയിച്ചിട്ടില്ല.
പ്രാദേശിക സംവരണം നഷ്ടമാവുമെന്ന ആശങ്ക എൻട്രൻസ് കമ്മിഷണറടക്കം സർക്കാരിനെ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പിന്തുടരുന്ന സംവരണ മാനദണ്ഡം അറിയിക്കാൻ ആവശ്യപ്പെട്ട കേന്ദ്രം, ഇക്കാര്യത്തിൽ അവഗാഹമുള്ള ഉദ്യോഗസ്ഥനെ നോഡൽ ഓഫീസറാക്കാനും നിർദ്ദേശിച്ചു. പ്രവേശന നടപടികൾ ലളിതമാക്കാനാണ് രാജ്യമാകെ ഒറ്റ കൗൺസലിംഗിലൂടെ പ്രവേശനം. കേന്ദ്രം നയപരമായ തീരുമാനമെടുത്ത സ്ഥിതിക്ക് സംസ്ഥാനത്തിന് എതിർക്കാനാവില്ല. അതേസമയം, പ്രവേശനം കേന്ദ്രം ഏറ്റെടുത്തതിനെതിരേ തമിഴ്നാട് സർക്കാർ കേസ് നൽകുന്നെങ്കിൽ അതിൽ കക്ഷിചേരാനുള്ള സാദ്ധ്യതയും കേരളം പരിശോധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |