SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.15 PM IST

കുർബാനത്തർക്കത്തിൽ സർക്കാരിന് മദ്ധ്യസ്ഥത വഹിക്കാനാവില്ല: കർദ്ദിനാൾ

Increase Font Size Decrease Font Size Print Page
kardinal

കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയിലെ കുർബാനത്തർക്കത്തിൽ മദ്ധ്യസ്ഥത വഹിക്കാൻ സർക്കാരിനോ ചീഫ് സെക്രട്ടറിക്കോ ബാദ്ധ്യതയില്ലെന്ന് കർദ്ദിനാൾ ജോർജ് ആലഞ്ചേരി ഹൈക്കോടതിയിൽ മറുപടി സത്യവാങ്മൂലം നൽകി.

തർക്കത്തെത്തുടർന്ന് അടച്ചിട്ട എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക തുറക്കാൻ സർക്കാരിനോട് ഇടപെടാൻ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് ഇടവകാംഗങ്ങളായ ആന്റണി ജോസഫ്, ടോമി ജോസഫ് എന്നിവർ നൽകിയ ഹർജിയിലാണ് കർദ്ദിനാളിന്റെ സത്യവാങ്മൂലം. പള്ളി തുറക്കുന്നതിൽ ഒത്തുതീർപ്പിന് സാദ്ധ്യതയുണ്ടോയെന്ന് നേരത്തെ സിംഗിൾബെഞ്ച് ആരാഞ്ഞിരുന്നു. ഹർജി ഈയാഴ്‌ച വീണ്ടും പരിഗണിക്കുന്നുണ്ട്.

ഏകീകൃത കുർബാന സിറോ മലബാർ സഭയുടെ വിശ്വാസപരമായ കാര്യമായതിനാൽ മദ്ധ്യസ്ഥ ചർച്ച നടത്താൻ ചീഫ് സെക്രട്ടറിയെ നിർബന്ധിക്കാൻ ഹൈക്കോടതിക്ക് നിയമപരമായി കഴിയില്ലെന്ന് കർദ്ദിനാളിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു. ക്രമസമാധാനം ഉറപ്പാക്കാൻ സർക്കാർ നടപടിയെടുക്കുന്നതിൽ എതിർപ്പില്ല. അതിന്റെ മറവിൽ സിനഡ് തീരുമാനിച്ചതും മാർപ്പാപ്പ അംഗീകരിച്ചതുമായ കാര്യങ്ങളിൽ ചർച്ച നടത്താനോ കൂടിയാലോചന നടത്താനോ കഴിയില്ല. പള്ളികൾക്ക് ബാധകമായ ആരാധനാ നിയമങ്ങളുണ്ടാക്കാനും തീരുമാനം എടുക്കാനും സിനഡിനാണ് അധികാരം. സിനഡ് തീരുമാനിച്ച ആരാധനാക്രമം പാലിക്കാൻ ബിഷപ്പുമാർക്കും പുരോഹിതർക്കും ബാദ്ധ്യതയുണ്ട്. ഏകീകൃത കുർബാന എറണാകുളം - അങ്കമാലി അതിരൂപതയിലെ ചില ഇടവകകളിലൊഴികെ നടപ്പാക്കി. സിനഡ് തീരുമാനം അട്ടിമറിക്കാനുള്ള ഗൂഢോദ്ദേശ്യത്തോടെയാണ് ഹർജിയെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

TAGS: KURBANA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY