തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയെ മറയാക്കി പഞ്ചായത്ത് അംഗങ്ങൾ പണം തട്ടിയ സംഭവത്തിൽ ഒടുവിൽ നടപടിയുമായി സർക്കാർ. പദ്ധതിക്ക് അവമതിപ്പുണ്ടാക്കിയ പൂവച്ചൽ പഞ്ചായത്തിലെ ജനപ്രതിനിധികളിൽ നിന്ന് പണം ഈടാക്കാനും അധികാര ദുർവിനിയോഗവും ക്രമക്കേടും നടത്തിയതിന് നിയമനടപടി സ്വീകരിക്കാനുമാണ് നീക്കം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സർക്കാരിന് ശുപാർശ സമർപ്പിക്കാനും തൊഴിലുറപ്പ് മിഷൻ ഡയറക്ടർ ജില്ലാ പ്രോഗ്രാം ഓഫീസർക്ക് നിർദ്ദേശം നൽകി. പൂവച്ചൽ പഞ്ചായത്തിൽ ഒൻപത് അംഗങ്ങൾ ചേർന്ന് 1.68 ലക്ഷം രൂപ തട്ടിയെടുത്ത സംഭവം ജനുവരി 31ന് കേരളകൗമുദി റിപ്പോർട്ട് ചെയ്യുകയും പദ്ധതിയുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രവരി ഒന്നിന് എഡിറ്റോറിയലും പ്രസിദ്ധീകരിച്ചിരുന്നു. പിന്നാലെ ഫെബ്രുവരി നാലിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് മിഷന് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടപടിക്ക് നിർദ്ദേശം നൽകിയത്. കൂടാതെ പദ്ധതി നടത്തിപ്പ് സംബന്ധിച്ച് ജാഗ്രത പുലർത്താനും സംസ്ഥാനത്തെ എല്ലാ ജില്ലാ പ്രോഗ്രാം ഓഫീസർമാർ ഉൾപ്പെടെയുള്ള താഴെതട്ടിലെ ജീവനക്കാർക്കും നിർദ്ദേശമുണ്ട്. പൂവച്ചൽ പഞ്ചായത്തിലെ തട്ടിപ്പിൽ സി.പി.എം, സി.പി.ഐ, കോൺഗ്രസ്, ബി.ജെ.പി തുടങ്ങിയ പാർട്ടികളിലെയെല്ലാം അംഗങ്ങൾ ഉൾപ്പെട്ടതിനാൽ സംഭവം പുറത്തറിഞ്ഞില്ല. സോഷ്യൽ ഓഡിറ്റിംഗ് റിപ്പോർട്ടിലാണ് ക്രമക്കേട് കണ്ടെത്തിയത്. എന്നാൽ വിഷയം താഴേ തട്ടിൽ തന്നെ പൂഴ്ത്തുകയായിരുന്നു. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് മേൽത്തട്ടിലെ നിരീക്ഷണം കർശനമാക്കണമെന്നും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ യഥാസമയം കർശന നടപടി സ്വീകരിക്കണമെന്നും നിർദ്ദേശത്തിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |